അഡ്വ.ഡി.ബി.ബിനുകൊച്ചി
കൊച്ചി: വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് മുഴുവന്‍ പത്രദൃശ്യ മാധ്യമങ്ങളേയും ഉപയോഗിച്ച് പരസ്യം നല്‍കിയും സിനിമാതാരങ്ങളെക്കൊണ്ട് പറയിപ്പിച്ചും ജനങ്ങളെ ബോധവത്ക്കരിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിലെ മന്ത്രിവസതികളിലെ വൈദ്യുത ഉപഭോഗം എത്ര. സംസ്ഥാനം കടുത്ത വൈദ്യുതക്ഷാമത്തിലാണ് പറയുകയും പവര്‍കട്ട് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും വൈദ്യുതിമന്ത്രി ഉള്‍പ്പെടെ സര്‍ക്കാരിന്റെ മന്ത്രിവസതികളിലെ വൈദ്യുത ഉപഭോഗമെത്രയെന്ന അന്വേഷണം ലജ്ജിപ്പിക്കുന്ന സത്യങ്ങളാണ് പുറത്തുകൊണ്ടുവന്നത്. മന്ത്രിവസതികളില്‍ വൈദ്യുത ഉപഭോഗം പാല്‍ പോലെ യഥേഷ്ടം ഒഴുകുകയാണെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. വൈദ്യുതി പാഴാക്കരുതെന്ന് ജനങ്ങളോട് ഇടയ്ക്കിടെ ഉദ്‌ബോധിപ്പിക്കുന്ന സര്‍ക്കാരിലെ മിക്കവാറും എല്ലാ മന്ത്രിമാരും അവരുടെ കുടുംബങ്ങള്‍ക്കും അത് പാഴാക്കാനുള്ളതാണെന്നും എത്രവേണേല്‍ ഉപയോഗിക്കാമെന്നുമുള്ള വാശിയുള്ളതുപോലെ തോന്നും അവരുടെ വസതികളിലെ വൈദ്യുത ഉപഭോഗത്തിന്റെ ബില്ല് കണ്ടാല്‍. മന്ത്രിമാരുടെ പ്രസ്താവനകളിലെ പൊള്ളത്തരത്തിന്റെ പുതിയ ചിത്രമാണ് ഇതിലൂടെ വെളിപ്പെടുന്നത്.

ധനവിനിയോഗത്തില്‍ ശ്രദ്ധ വേണമെന്ന് ഉപദേശിക്കുന്ന ധനമന്ത്രി കെ.എം.മാണിയും ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടേയും ഓരോ മാസത്തേയും വൈദ്യുതി ഉപഭോഗത്തിന്റെ കണക്കുകള്‍ കണ്ടാല്‍ ജനം ഞെട്ടിപ്പോകുന്ന അവസ്ഥയാണ്. മുഖ്യമന്ത്രി വ്യവസായമന്ത്രിയും ഉള്‍പ്പെടെ ആരും ഇക്കാര്യത്തില്‍ മോശക്കാരല്ലെന്ന് അവരുടെ വസതികളിലെ കറന്റ് ബില്‍ കണ്ടാല്‍ ബോധ്യപ്പെടും. ഡിസംബര്‍ മാസത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെ ബില്ല് പതിനേഴായിരം രൂപയാണ്. കഴിഞ്ഞ ആഗസ്ത് മാസം കെ.എം.മാണിയുടെ വീട്ടിലെ ബില്ല് അരലക്ഷം രൂപയാണ്. അതായത് 51,925 രൂപ. കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ വീട്ടിലെ വൈദ്യുതി ബില്‍ 36,865 രൂപയാണ്. വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കഴിഞ്ഞ വര്‍ഷം സപ്തംബറിലെ ബില്‍ മുപ്പതിനായിരം രൂപയാണ്. 30,622 രൂപ, 28,115, 22,725, 24,481 എന്നിങ്ങനെയാണ് സപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലെ ആര്യാടന്റെ വൈദ്യുതി ബില്‍.

വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ കെ.എം.മാണിയും ഉമ്മന്‍ചാണ്ടിയുമാണ്. ധനമന്ത്രിയുടെ വസതിയായ പ്രശാന്തില്‍ ഡിസംബറിലെ വൈദ്യുതി ഉപയോഗം 3071 യൂണിറ്റാണ്. അതിനുതൊട്ടുമുമ്പത്തെ മാസത്തെ ബില്‍ 1882 യൂണിറ്റും. അതായത് ഒരു മാസം കൊണ്ടുമാത്രം 1189 യൂണിറ്റിന്റെ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒരു സാധാരണ വീട്ടിലെ ആകെ ഉപയോഗം 100 മുതല്‍ 150 വരെയാണ് എന്നിരിക്കെ ഇത്രമാത്രം വൈദ്യുതി എന്തിനാണ് മന്ത്രിമന്ദിരത്തില്‍ കത്തിച്ചുകളയുന്നതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ കഴിഞ്ഞ ഡിസംബറില്‍ ഉപയോഗിച്ചത് 2969 യൂണിറ്റ് വൈദ്യുതിയാണ്. നവംബറിലേക്കാള്‍ 1128 യൂണിറ്റ് അധികം. മന്ത്രി അനൂപ് ജേക്കബ്ബിന്റെ ഔദ്യോഗിക വസതിയായ നെസ്റ്റില്‍ ഡിസംബറിലെ ഉപഭോഗം നവംബറിലേതിനെക്കാള്‍ 859 യൂണിറ്റ് കൂടുതലാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വീട്ടിലാകട്ടെ 788 യൂണിറ്റ് കൂടുതലാണ് കടുത്ത വൈദ്യുതിക്ഷാമം നേരിട്ട ഡിസംബര്‍ മാസത്തില്‍ ഉപയോഗിച്ചത്. പി.കെ.കുഞ്ഞാലിക്കുട്ടി, സി.എന്‍.ബാലകൃഷ്ണന്‍, പി.ജെ.ജോസഫ് എന്നിവര്‍. ഷിബു ബേബി ജോണിന്റേയും അടൂര്‍ പ്രകാശിന്റേയും വീടുകളില്‍ തലേമാസത്തേക്കാള്‍ 200 യൂണിറ്റിലേറെ അധികം വൈദ്യുതി ഉപയോഗിച്ചു. നമ്മുടെ മന്ത്രിമാരെല്ലാം കൂടി ഒരു മാസം കൊണ്ട് ഉപയോഗിച്ചത് 5589 അധിക യൂണിറ്റ് വൈദ്യുതിയാണ്. മുന്‍ മാസങ്ങളിലെ വൈദ്യുതി ഉപഭോഗവും വളരെ കൂടുതല്‍ തന്നെയാണ്. വൈദ്യുതി ഉപഭോഗം കുറച്ചവരുമുണ്ട് നാമമാത്രരീതിയില്‍. പി കെ ജയലക്ഷ്മിയും പി.കെ.അബ്ദുറബ്ബ്, കെ.ബാബു എന്നിവരാണവര്‍.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ബില്‍ അടയ്ക്കാം എന്നുള്ള സൗകര്യത്തിന്റെ പേരില്‍ ഇവരെല്ലാം വൈദ്യുതി ദുരുപയോഗം ചെയ്യുകയും ധൂര്‍ത്തടിക്കുകയും ചെയ്യുകയാണ് ഈ രേഖകള്‍ തെളിയിക്കുന്നു. ജനത്തിനോട് വൈദ്യുതി കുറച്ചുപയോഗിക്കണം, ഫ്രിഡ്ജ് വൈകുന്നേരം ഓഫ് ചെയ്തിടണം, ഫാന്‍ ഉപയോഗം നിയന്ത്രിക്കണം, എ.സി. ഒഴിവാക്കിക്കൂടെ എന്നെല്ലാം നിരന്തരം പറയുന്ന മന്ത്രിമാര്‍ പ്രചരിപ്പിക്കുന്ന കാര്യത്തോട് എത്രമാത്രം അവര്‍ സത്യസന്ധതയോടെ നീതിപുലര്‍ത്തുന്നുണ്ടെന്ന് തെളിയിക്കാനും ഈ കണക്കുകള്‍ ഉപകരിക്കും. ഏഴ് കോടി രൂപയാണ് സര്‍ക്കാര്‍ ഒരു വര്‍ഷം വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുതെന്ന പ്രചാരണത്തിനായി മാത്രം ചെലവിടുന്നത് എന്ന് രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത്രയും തുക ബോധവത്ക്കരണത്തിന് ചെലവാക്കുന്ന മന്ത്രിമാര്‍ക്ക് അത് സ്വയം പാലിക്കാനുള്ള ഉത്തരവാദിത്തം ഇല്ലേ എന്ന മറുചോദ്യമാണ് ഇവിടെ ഉയരുന്നത്. വൈദ്യുതി അമൂല്യമാണ് പാഴാക്കരുതെന്ന മഹദ് വചനം മന്ത്രിമാര്‍ക്ക് ബാധകമല്ലെന്നുണ്ടോ.


മന്ത്രിവസതികളിലെ വൈദ്യുതി ഉപഭോഗത്തിന്റെ കണക്ക് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.