രാജാ കുറുപ്പ്
ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ദേശസാല്‍ക്കരണത്തിലൂടെ വന്‍ കുതിച്ചുചാട്ടം നേടിയ ബാങ്കിങ് മേഖല പിന്നീട് സ്വകാര്യവത്ക്കരണത്തിനും കരാര്‍ നിയമനങ്ങളിലുമെത്തി നില്‍ക്കുന്ന ഇതേ കാലയളവില്‍ തന്നെയാണ് ജീവനക്കാരുടെ ക്ഷാമം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിരമിച്ച ജീവനക്കാര്‍ക്ക് പകരം ആളില്ലാത്തതും പുതിയ നിയമനം നടക്കാത്തതും കടുത്ത പ്രതിസന്ധിയാണ് ബാങ്ക് ഇടപാടുകള്‍ക്ക് സൃഷ്ടിക്കുന്നത്.

എസ്.ബി.ഐയില്‍ മാത്രം അരലക്ഷത്തോളം ജീവനക്കാരുടെ ക്ഷാമമാണ് നേരിടുന്നതെന്നത് പ്രശ്‌നം എത്ര ഗുരുതരമാണ് എന്നതിന്റെ സൂചനയാണ്. എസ്.ബി.ഐയും ഗ്രാമീണബാങ്കിങ് സംവിധാനങ്ങളൊരുക്കുന്ന കോ-ഓപ്പറേറ്റീവ് ബാങ്കുകളും ഉള്‍പ്പെടെ മിക്കവാറും ബാങ്കുകള്‍ ജീവനക്കാരുടെ അഭാവത്താലും താല്‍ക്കാലിക കരാര്‍ ജീവനക്കാരുടെ അധികജോലിഭാരത്തിലുമാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇത് കടുത്ത പ്രതിസന്ധിയായാണ് ബാങ്കിങ് മേഖലയെ ബാധിച്ചിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ബാങ്കുകളിലെ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനേയും ധനവിനിയോഗത്തേയും ഇത് ദോഷകരമായി ബാധിച്ചിട്ടുമുണ്ട്. ബാങ്കിങ് മേഖലയിലെ താഴേത്തട്ടിലുള്ള ജീവനക്കാരുടെ കാര്യത്തിലും ദശകങ്ങളായി നിയമനം നടന്നിട്ടില്ല. പ്യൂണ്‍, അറ്റന്‍ഡര്‍, സ്വീപ്പര്‍, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരുള്‍പ്പെടെയാണിത്. ക്ലറിക്കല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാതെ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ നടത്താവാത്ത സ്ഥിതിയിലാണെന്ന് ജീവനക്കാരുടെ സംഘടന തന്നെ പറയുന്നു. ഓള്‍ ഇന്ത്യ ബാങ്ക് സ്റ്റാഫ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വൈ.കെ.അറോറ തന്നെ ഇക്കാര്യം വ്യക്തമാക്കി മുന്നോട്ടുവന്നിട്ടുണ്ട്. 1984 ന് ശേഷം ബാങ്കിങ് രംഗത്ത് ആനുപാതികമായ നിയമനം നടന്നിട്ടില്ലെന്ന് അറോറ പറയുന്നു.

ഗ്രാമീണ-നഗര മേഖലകളിലെ ബാങ്കിങ് പ്രവര്‍ത്തനം ജീവനക്കാരുടെ അഭാവം മൂലം അവതാളത്തിലാകുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും കാര്യക്ഷമമായ ഒരു പരിഹാരം ഉണ്ടായില്ല. ഡി.സി.ടി സ്‌കീം (ഡയറക്ട് കാഷ് ട്രാന്‍സ്ഫര്‍) സംവിധാനം ജീവനക്കാര്‍ക്ക് നേരിട്ട് നടത്താന്‍ ഇതുമൂലം കഴിയില്ലാണെന്ന് ബാങ്കിങ് രംഗത്തെ ജീവനക്കാര്‍ പറയുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക ബാങ്കുകള്‍, കേരളത്തിലെ എസ്.ബി.ടി. തുടങ്ങി മിക്കവാറും ബാങ്കുകളുടെ അവസ്ഥ ഇതെല്ലാം ഒന്നുതന്നെ. സബ്‌സിഡികള്‍ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്ന പുതിയ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലെ പ്രതിസന്ധി അതീവ ഗുരുതരമാകുമെന്നുറപ്പാണ്.


എസ്.ബി.ഐയിലെ ജീവനക്കാരുടെ അഭാവത്തിന്റെ ശതമാനക്കണക്ക് അമ്പരപ്പിക്കുന്നതാണ്. 2001 ല്‍ സ്വയം വിരമിക്കല്‍ പദ്ധതി കൂടി വന്നതോടെ ഒരു ലക്ഷത്തോളം ജീവനക്കാര്‍ കൂട്ടത്തോടെ വിരമിച്ചെങ്കിലും പകരം നിയമനങ്ങള്‍ നടന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. നബാര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഉദ്ദേശ പദ്ധതി നിര്‍വഹണ ബാങ്കുകളിലേയും സ്ഥിതി ഇതുതന്നെ. നബാര്‍ഡിലെ മിക്ക ഓഫീസുകളിലും ഓഫീസര്‍ തസ്തിക നബാര്‍ഡില്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്.

അവസാനമായി നബാര്‍ഡില്‍ നിയമനം നടന്നത് 1997 ല്‍. രാജ്യത്താകെ 452 ഓഫീസുകളുള്ള നബാര്‍ഡിന് കേരളത്തിലെ ഓഫീസുകളില്‍ 73 തസ്തികകളില്‍ ആളില്ലാത്ത അവസ്ഥയാണ്. പൊതുമേഖലാ ബാങ്കുകള്‍ പരീക്ഷകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം നടത്തിയെങ്കിലും മുമ്പത്തെ പോലെ ബാങ്കിങ് മേഖലയിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞുവെന്നതാണ് മറ്റൊരു വസ്തുത. പരീക്ഷകളെക്കുറിച്ചും വിമര്‍ശനമുണ്ട്. എന്നാല്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പല പൊതുമേഖലാ-ദേശസാല്‍കൃത ബാങ്കുകളും ജനറല്‍ റിക്രൂട്ട്‌മെന്റുകള്‍ പ്രഖ്യാപിക്കുകയും പരീക്ഷകള്‍ നടത്തുകയും ചെയ്തിരുന്നു. ചിലത് ഇനിയും വരാനുമുണ്ട്.

എന്നാല്‍ ഇത്തരം പരീക്ഷാ നടത്തിപ്പിലെ വ്യവസ്ഥകളും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും മൂലം ഇവ വിചാരിച്ച തോതില്‍ കാര്യക്ഷമമായില്ലെന്നും വിമര്‍ശനമുണ്ട്. 2001 ലെ വി.ആര്‍.എസ്. സംവിധാനത്തോടെ ഒന്നേകാല്‍ ലക്ഷം ജീവനക്കാര്‍ ഇല്ലാതായപ്പോള്‍ നിര്‍ത്തലാക്കിയ ബാങ്കിങ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് പകരം ഐ.ബി.പി.എസ്. എന്ന സംവിധാനത്തില്‍ കീഴിലാണ് പൊതുമേഖലാ ബാങ്കുകളിലെ നിയമനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവരുടെ രീതി ഉദ്യോഗാര്‍ത്ഥികളെ ബാങ്ക് ജീവനക്കാരാകാന്‍ വിമുഖരാക്കുന്നുവെന്നാണ് വിമര്‍ശനം.

എന്നാല്‍ എസ്.ബി.ഐയും അനുബന്ധ ബാങ്കുകളും സ്വന്തം പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും നിയമനം നടത്തുന്നത്. എസ്.ബി.ഐയില്‍ രാജ്യത്താകെ ക്ലറിക്കല്‍ ജോലിയ്ക്ക് മാത്രം 45,747 പേരുടെ ക്ഷാമമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതായത് 21.26 ശതമാനത്തിന്റെ കുറവ്. തൂപ്പുകാര്‍ ഉള്‍പ്പെടെ മിക്കവാറും ബാങ്കുകളില്‍ 5000 ത്തിനും 20,000 ത്തിനുമിടയില്‍ കീഴ്ജീവനക്കാരുടെ കുറവുണ്ട്. മിക്കവാറും പൊതുമേഖലാ ബാങ്കുകളില്‍ ദിവസക്കൂലിക്കാരെ വെച്ചാണ് ജോലി ചെയ്യിക്കുന്നത്. ഇതുമൂലം സംവരണ മാനദണ്ഡങ്ങളും പാലിക്കാന്‍ ബാങ്കിങ് മേഖലയ്ക്ക് കഴിയുന്നില്ല. ബ്രാഞ്ചുകളുടെ എണ്ണം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.

1972 ല്‍ രാജ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകളിലെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 13,000 ആയിരുന്നെങ്കില്‍ ഇപ്പോഴത് ഏതാണ്ട് ഒരു ലക്ഷത്തോളമാണ്. ഇതിനനുസൃതമായുള്ള നിയമനങ്ങള്‍ നടക്കുന്നുമില്ല. എസ്.ബി.ടിയിലും ഇതുതന്നെയാണ് അവസ്ഥ. ബാങ്കുകളില്‍ പുറംകരാര്‍ ജോലി വ്യാപകമായിക്കഴിഞ്ഞ സാഹചര്യത്തെയും ബാങ്കിങ് ജീവനക്കാര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അഡൈ്വസര്‍, കറസ്‌പോണ്ടന്റ് ജോലികള്‍ക്ക് പുറമേ പൂര്‍ണമായും ബാങ്കിങ് സ്വഭാവമുള്ള ജോലികള്‍ വരെ ഇപ്പോള്‍ പുറംജോലി കരാറായി നല്‍കുകയാണ് ചെയ്യുന്നത്. ചെക്ക് ക്ലിയറന്‍സ്, എ.ടി.എമ്മുകളിലേക്കും ശാഖകളിലേക്കും പണം എത്തിക്കല്‍, ചെക് ബുക്കുകള്‍ അയക്കുക, വായ്പകളുടെ തവണ പിരിച്ചെടുക്കല്‍, കുടിശ്ശികക്കാരെ ബന്ധപ്പെടല്‍, കിട്ടാക്കടങ്ങളുടെ തിരിച്ചുപിടിത്തവും അങ്ങനെയുള്ള വസ്തുക്കളുടെ ഏറ്റെടുക്കലും വിറ്റഴിക്കലും തുടങ്ങിയ തരത്തിലുള്ള ജോലികളെല്ലാം തന്നെ പുറംകരാര്‍ ജീവനക്കാരോ ഏജന്‍സികളോ ആണ് ചെയ്യുന്നത്.

ഇതെല്ലാം മൂലം ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നതിന് കാരണമാകുന്നു. ഇതുമൂലം ഉള്ള ജീവനക്കാര്‍ അധികമായി പണിയെടുക്കേണ്ട ബാധ്യത തൊഴില്‍പ്രശ്‌നമായി മാറുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പല ജനപ്രതിനിധികളും പാര്‍ലമെന്റില്‍ പ്രശ്‌നം ഉന്നയിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇനിയും ഫലപ്രദമായ നടപടികളുണ്ടായിട്ടില്ല.

ജീവനക്കാരുടേയും ബ്രാഞ്ചുകളുടേയും എണ്ണം, ജീവനക്കാരുടെ ഒഴിവുകള്‍, നികത്താത്തവ എന്നീ കണക്കുകള്‍ ഇവിടെ കാണാം.

വാണിജ്യബാങ്കുകളുടെ ഗ്രൂപ്പ് തിരിച്ചുള്ള ബ്രാഞ്ചുകള്‍
വാണിജ്യബാങ്കുകളിലെ ജീവനക്കാരുടെ വിന്യാസം

ജീവനക്കാരുടെ കുറവ് - പട്ടിക