കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥ ചുമതല വഹിച്ചിരുന്ന ടോം ജോസ് ഐ.എ.എസ്. നടത്തിയ കത്തിടപാടുകളുടേയും നടപടികളുടേയും വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വിചിത്രവാദവുമായി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ രംഗത്ത്. കൊച്ചി മെട്രോ പദ്ധതിയ്ക്കായി സര്‍ക്കാരിന് വേണ്ടി ടോം ജോസ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള വിചിത്രവാദം മുന്നോട്ടുവെച്ചിരിക്കുന്നത്.

2005ലെ വിവരാവകാശ നിയമം സെക്ഷന്‍ എട്ട് (1) പ്രകാരം ഒഫീഷ്യല്‍ െ്രെപവസിയാണ് ഇക്കാര്യങ്ങളെന്നും അത് നല്‍കാന്‍ കഴിയില്ലെന്നുമാണ് മറുപടിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് നിയമത്തെ തെറ്റായി വ്യാഖ്യാനിക്കലാണെന്നത് വ്യക്തം. 2005 ല്‍ പാസ്സാക്കിയ നിയമത്തിലെ 8 (1) പറഞ്ഞിരിക്കുന്നത് പൗരന് യാതൊരു തരത്തിലും ഇടപെടേണ്ട കാര്യമില്ലാത്തതും പൊതുപ്രസക്തവുമല്ലാത്ത കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ട കാര്യമില്ലെന്നാണ്. മാത്രമല്ല അനുബന്ധമായി നിയമത്തില്‍ പറയുന്നത് പാര്‍ലമെന്റിനോ നിയമസഭയ്‌ക്കോ ലഭ്യമാക്കാവുന്ന, ആവശ്യപ്പെടാവുന്ന ഏതുരേഖയും പൗരനും കൂടി അവകാശപ്പെട്ടതാണ് എന്നുമാണ്. നിയമം ഇങ്ങനെയിരിക്കെയാണ് പൊതുജന താല്‍പര്യമുള്ളതും സമൂഹത്തിന്റെ ഭാഗമായതുമായ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇടപാടുകള്‍, രേഖാമൂലമുള്ള നടപടിക്രമങ്ങള്‍ എന്നിവ പൊതുരേഖയല്ലെന്ന് പറഞ്ഞ് നല്‍കാതിരിക്കുന്നത്. ടോം ജോസിന്റെ ടൂര്‍ ഡയറി ആവശ്യപ്പെട്ടതാണ് മറുപടി നിഷേധിക്കാന്‍ കാരണമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ യാത്രയുടെ വിശദാംശങ്ങളോ യാത്രയുടെ വിവരങ്ങളോ അല്ല മറിച്ച് ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ടോം ജോസ് നടത്തിയ യാത്രയുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതൊരു പൊതുരേഖയാണ് എന്ന നിയമാനുകൂല്യം പരിഗണിച്ചാണ് രേഖകള്‍ ആവശ്യപ്പെട്ടതും. എന്നിട്ടും രേഖകള്‍ നല്‍കുന്നത് നിഷേധിച്ചിരിക്കുന്നു. ഏറെ പ്രധാനപ്പെട്ടതും വിവാദങ്ങള്‍ നിറഞ്ഞതുമായ ഒരു പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളില്‍ പലതും ജനങ്ങളില്‍ നിന്ന് മറയ്ക്കാനുണ്ടെന്നും ടോം ജോസ് നടത്തിയ ചില നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്നുമുള്ള സംശയത്തിന് ഇട നല്‍കുന്നതാണ് മെട്രോ കോര്‍പ്പറേഷന്റെ ഈ നടപടി. ഇ.ശ്രീധരന്റെ പദവിയെ എതിര്‍ത്തുകൊണ്ട് കൊച്ചി മെട്രോ സെക്രട്ടറിയായിരുന്ന ടോം ജോസ് നഗരവികസന മന്ത്രാലയത്തിന് നല്‍കിയ കത്തുകള്‍ വിവാദമായ സാഹചര്യത്തിലാണ് വിവരാവകാശ നിയമപ്രകാരം ഇതിന്റെ രേഖകള്‍ ആവശ്യപ്പെട്ടത്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റേയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.ജി.ബാലകൃഷ്ണന്റേയും വിദേശയാത്രയുടെ വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം പുറത്തു.െകാണ്ടുവരാമെന്നിരിക്കെ ടോം ജോസിന്റെ ഒഫീഷ്യല്‍ ടൂര്‍ ഡയറി രഹസ്യരേഖയാകുന്നത് എങ്ങനെയെന്നതാണ് വിചിത്രം.

അഡ്വ.ഡി.ബി.ബിനുകൊച്ചി


അപേക്ഷയുടെ കോപ്പി ഇവിടെ വായിക്കാംമറുപടിയായി ലഭിച്ച കത്തിന്റെ പകര്‍പ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക