അഡ്വ.ഡി.ബി.ബിനു, കൊച്ചി


കൊച്ചി: കഴിഞ്ഞ രണ്ടുവര്‍ഷമായി കേരളത്തില്‍ നടന്ന കര്‍ഷക ആത്മഹത്യകളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ധനസഹായം ഇതുവരെയും നല്‍കിയില്ലെന്നതിന് രേഖകള്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്കായി യാതൊരു ധനസഹായം ഇതുവരെയും നല്‍കിയില്ലെന്ന് വ്യക്തമാക്കുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ഇതുവരെ ഇരുപത്തിയേഴ് കര്‍ഷക ആത്മഹത്യകള്‍ നടന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ വയനാട്ടിലാണ് സംഭവിച്ചത്16 ആത്മഹത്യകള്‍.

ഇതേ വയനാട്ടിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കലക്‌ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട്, എച്ച് സെക്ഷന്‍ നല്‍കിയ മറുപടിയിലാണ് 2010 ജനുവരി 1 മുതല്‍ 2012 ജനുവരി വരെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം പത്ത് ആണെന്നും നാളിതുവരെയും യാതൊരു സാമ്പത്തിക സഹായവും ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിരിക്കുന്നത്. ഈ കണക്കുകളിലും അവ്യക്തതയുണ്ട്. പരസ്പരവിരുദ്ധമായ കണക്കുകളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാന ഓഫീസില്‍ നിന്നും ലഭിച്ചത്.

കണ്ണൂര്‍4, കാസര്‍കോട്3, തൃശൂര്‍2, പത്തനംതിട്ട1, കോഴിക്കോട്1. എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കര്‍ഷക ആത്മഹത്യയുടെ കണക്ക്. 1999 മുതല്‍ 2009 വരെ 958 കര്‍ഷക ആത്മഹത്യകളാണ് കേരളത്തില്‍ നടന്നിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ നടന്നത് 2005 ലാണ്. 186 ആത്മഹത്യകളാണ് 2005 ല്‍ നടന്നത്. മറ്റ് വര്‍ഷങ്ങളിലെ കണക്ക് ഇപ്രകാരമാണ്. 1999-40, 2000-53, 2001-93, 2002-106, 2003-314, 2004-163, 2006-112, 2007-68, 2008-22, 2009-1.

അതേസമയം കര്‍ഷക ആത്മഹത്യ തടയുന്നതിനായി രൂപീകരിച്ച കുട്ടനാട് പാക്കേജ് നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആകെ ചെലവഴിച്ച തുക വെറും നാലുശതമാനമാണ് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. മാത്രമല്ല സംസ്ഥാനത്ത് ഇതുവരെ നടന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള മുഴുവന്‍ കണക്കുകള്‍ സെക്രട്ടറിയേറ്റിലെ സംസ്ഥാന കൃഷിവകുപ്പ് ഓഫീസില്‍ ഇല്ലെന്ന വിചിത്രമായ മറുപടിയും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭിക്കുകയുണ്ടായി. സംസ്ഥാനത്താകെ കൃഷി ചെയ്ത സാമ്പത്തികബാധ്യത മൂലം മരിച്ച മനുഷ്യരുടെ കണക്കുകള്‍ സംസ്ഥാന കൃഷി ഓഫീസില്‍ ലഭ്യമല്ല എന്നതാണ് വിചിത്രം.

വിവിധ ജില്ലകളില്‍ നിന്നും വിവരാവകാശ മാതൃകയില്‍ ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത് 2010 ന് ശേഷം സംസ്ഥാനത്ത് നടന്ന കര്‍ഷക ആത്മഹത്യയുടെ വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയാണ്. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയമുന്നണികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്തെ സ്ഥിതിയാണിത്. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തില്‍ കേരളത്തിലെ കര്‍ഷകപ്രേമിമുഖ്യധാരാ പാര്‍ട്ടികളും സര്‍ക്കാരും കാണിക്കുന്ന അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

Download PDFDownload PDF