തൃശ്ശൃര്‍ ജില്ലയിലെ ഒരുമനയൂര്‍ പഞ്ചായത്തില്‍ പെട്ട ചേറ്റുവപ്പുഴയിലെ കനോലി കനാലിനോട് ചേര്‍ന്ന കണ്ടല്‍ക്കാടും പക്ഷിസങ്കേതവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണെന്ന് കണ്ടെത്തിയിട്ടും കമ്യൂണിറ്റി റിസര്‍വ്വായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ വൈകുന്നു. തൃശൂര്‍ ആര്‍.ഡി.ഒ.എം. അനില്‍കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടന്ന ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുള്ള സര്‍വ്വേയില്‍ റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് കമ്യൂണിറ്റി റിസര്‍വ്വാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് നാളേറെയായിട്ടും ഏറ്റെടുക്കല്‍ നടപടികള്‍ വൈകുകയാണ്.

മാത്രമല്ല ഇവിടെ എത്തിച്ചേരുന്ന ദേശാടന പക്ഷികളുടെ മുട്ട, ഇറച്ചി എന്നിവയ്ക്കായി വേട്ടയാടലും കെയ്യേറ്റവും വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു ഇവിടെ. കനോലി കനാലിനോട് ചേര്‍ന്ന സര്‍വ്വേ നമ്പര്‍ 256 ല്‍ 8.3853 ഏക്കര്‍ സ്ഥലത്തെ കണ്ടല്‍ക്കാട് സംരക്ഷിക്കാതെ കിടക്കുമ്പോള്‍ മറ്റിടങ്ങളില്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് സര്‍ക്കാര്‍ കണ്ടല്‍ത്തൈകള്‍ വെച്ച് പിടിപ്പിക്കുകയും സ്വകാര്യ ഭൂവുടമകളുടെ സ്ഥലത്തെ കണ്ടല്‍ക്കാട് സംരക്ഷണത്തിനായി സാമ്പത്തികസഹായം നല്കുകയും ചെയ്യുന്നുമുണ്ട്.


അതേസമയം തൊട്ടടുത്തുള്ള റവന്യൂഭൂമിയിലെ കണ്ടല്‍ക്കാടിനുള്ളില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധരുടെ കൈയേറ്റവും മറ്റ് പ്രവര്‍ത്തനങ്ങളും തടയാന്‍ നടപടി എടുക്കുന്നുമില്ല. മുന്‍ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം 2010-ല്‍ ഈ പ്രദേശം സന്ദര്‍ശിച്ച് ഇവിടത്തെ കണ്ടല്‍മേഖല സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാച്വര്‍ എന്‍വയോണ്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി സെക്രട്ടറി രവി പനക്കല്‍ നല്കിയ നിവേദനത്തെ തുടര്‍ന്ന് ബിനോയ് വിശ്വത്തിന്റെ ഉത്തരവുപ്രകാരം കണ്ടല്‍ക്കാട് സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ചീഫ് കസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു.

ഇത് നടപ്പാക്കാത്തതിനെ തുടര്‍ന്ന് നാച്വര്‍ എന്‍വയോണ്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി പ്രവര്‍ത്തകര്‍ രവി പനയ്ക്കലിന്റെ നേതൃത്വത്തില്‍ കളക്ടറുടെ ഓഫീസില്‍ നിരാഹാരം നടത്തുകയും ആര്‍.ഡി.ഒ. സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ആര്‍.ഡി.ഒ. ഉള്‍പ്പെട്ട റവന്യൂ അധികൃതരും അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. പരിസ്ഥിതി ദുര്‍ബല പ്രദേശമായതിനാല്‍ ഉടന്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംഘം സി.സി.എഫിന് റിപ്പോര്‍ട്ട് നല്കിയിരുന്നുവെങ്കിലും നടപടിയൊന്നുമായില്ല.

സര്‍ക്കാര്‍ ഉത്തരവിറക്കി കണ്ടല്‍ വനപ്രദേശം വനംവകുപ്പിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയാല്‍ പൂര്‍ണ്ണസംരക്ഷണം ഉറപ്പാക്കാന്‍ കഴിയുമെന്ന് വനം ചീഫ് കസര്‍വേറ്റററും പറയുന്നു. കമ്യൂണിറ്റി റിസര്‍വായി മാറി വനംവകുപ്പിന്റെ നിയന്ത്രണത്തിലായാല്‍ ഈ കണ്ടല്‍ പ്രദേശത്ത് മുഴുവന്‍ സമയവും നിരീക്ഷണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കും. സംരക്ഷണത്തിന്റെ ഭാഗമായി സൈന്‍ ബോര്‍ഡുകളും മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കാനും കഴിയും. പക്ഷികളെ വേട്ടയാടുന്നവരെയും കണ്ടല്‍ ചെടികള്‍ നശിപ്പിക്കുന്നവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അധികൃതര്‍ ഇനിയെങ്കിലും ശ്രദ്ധ പതിപ്പിക്കണം.

കണ്ടല്‍ തൈകളുടെ നഴ്‌സറികള്‍ സ്ഥാപിച്ച് തൈകള്‍ വെച്ചു പിടിപ്പിക്കുന്നതിനും ജനകീയ സമിതികള്‍ രൂപികരിക്കാനും ഈ പ്രദേശം വനംവകുപ്പിന് കീഴില്‍ വരേണ്ടത് ആവശ്യമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുഴയോരങ്ങളിലും കനാല്‍ തീരങ്ങളിലും കണ്ടല്‍ വെച്ചുപിടിപ്പിക്കുക വഴി ഈ മേഖലയിലെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും അനധികൃത മണലൂറ്റ് കയ്യേറ്റം, സുനാമി അടക്കമുള്ള പ്രതിഭാസങ്ങള്‍ എന്നിവ ഒരു പരിധിവരെ തടയാനും സാധിക്കുമെന്ന് നേരത്ത കണ്ടെത്തിയിട്ടുള്ളതാണ്. ഇതിനായി നിലവില്‍ കേന്ദ്രപദ്ധതികളുമുണ്ട്.

കെ.എഫ്.ആര്‍.ഐ. ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിയതില്‍ ആറു വിഭാഗത്തിലുളള കണ്ടല്‍ ചെടികള്‍ പ്രദേശത്ത് വിവിധയിനം ദേശാടന പക്ഷികള്‍ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൃര്‍ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലായി ഉണ്ടായിരുന്ന കണ്ടല്‍ക്കാടിന്റെ 90 ശതമാനവും ഇതിനകം നശിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നാലുഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കണ്ടല്‍ക്കാടും പക്ഷിസങ്കേതവും സംരക്ഷിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ല.

പത്മനാഭന്‍ കെ.കെ.-തൃശൂര്‍