കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കുമെതിരെ 582 വിജിലന്‍സ് കേസുകള്‍ നിലനില്‍ക്കുന്നതായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലേതാണ് ഈ വിവരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ 55 വിജിലന്‍സ് കേസുകള്‍ക്ക് ഇതിനകം പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.

പോലീസ് ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, ഡോക്ടര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റ്/ സെക്രട്ടറിമാര്‍ തുടങ്ങിയവരും പ്രോസിക്യൂഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പ്രോസിക്യൂഷന് അനുമതി തേടികൊണ്ടുള്ള അപേക്ഷകളില്‍ മൂന്ന് മാസത്തിനകം സര്‍ക്കാര്‍ തീര്‍പ്പ് കല്‍പ്പിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി അന്വേഷണ ഏജന്‍സിക്ക് നടപടി തുടരാമെന്ന് 2012 ജനുവരി 30 ന് ടുജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സുപ്രീംകോടതി വിധി പോലും പരിഗണിക്കാതെ മൂന്ന് മാസത്തിന് ശേഷവും പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്ത കേസുകളുമുണ്ടെന്ന് ഈ രേഖകള്‍ വെളിപ്പെടുത്തുന്നു. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍സലാം, സെക്രട്ടറി ധര്‍മ്മപാലന്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് 2011 ജൂലായ് അഞ്ചിന് സമര്‍പ്പിച്ച അനുമതി അപേക്ഷയില്‍ നാളിതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തം.

കൃഷിവകുപ്പിലെ മുന്‍ അസി.ഡയറക്ടര്‍ എന്‍.സി.കൃഷ്ണകുമാര്‍, യു.ഡി.ക്ലാര്‍ക്ക് ഇ.എം.ചന്ദ്രിക എന്നിവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതിയ്ക്കായി 2012 മാര്‍ച്ച് 24 ന് നല്‍കിയ അപേക്ഷയിലും ഇതുവരേയും തീര്‍പ്പായിട്ടില്ല. ഇവിടെ സുപ്രീംകോടതി വിധി പോലും സര്‍ക്കാര്‍ ലംഘിക്കുകയാണെന്നാണ് ഈ രേഖകള്‍ വെളിപ്പെടുത്തുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

അഡ്വ.ഡി.ബി.ബിനു-കൊച്ചിപ്രോസിക്യൂഷന്‍ അനുമതി ലഭിച്ചവരുടെയും ലഭിക്കാത്തവരുടേയും
പേരുവിവരങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക