കൊച്ചി: പ്ലാച്ചിമട നഷ്ടപരിഹാര സ്‌പെഷല്‍ ട്രിബ്യൂണല്‍ ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കി പതിനാറ് മാസം കഴിഞ്ഞിട്ടും അത് നിയമമാക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം ഒളിച്ചുകളിക്കുന്നു. 2011 ഫെബ്രുവരി 24-ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അവതരിപ്പിച്ച് നിയമസഭ പാസാക്കിയ ബില്‍ ഇത്ര നാളായിട്ടും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവനില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ ഇരുനൂറാം അനുഛേദപ്രകാരം നിയമസഭ പാസ്സാക്കിയ ഒരു ബില്‍ കേന്ദ്രത്തിന്റെ കൂടി അധികാര പരിധിയില്‍ വരുന്നതാണെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി തേടേണ്ടതുണ്ട് എന്നിരിക്കെ 2012 ജൂണ്‍ 14 ന് രാഷ്ടപതി ഭവനില്‍ നിന്ന് ലഭിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കുന്നത് ഇതുവരെ ഇത്തരമൊരു ബില്‍ അവിടെ ലഭിച്ചിട്ടില്ലെന്നാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഗുരുതരമായ വീഴ്ച്ചയും അനാസ്ഥയുമാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
സംസ്ഥാനം പ്ലാച്ചിമട ബില്‍ 2011 ഏപ്രില്‍ ഒന്നിന് കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ വിവിധ വകുപ്പുകള്‍ക്ക് അഭിപ്രായത്തിനായി കൈമാറിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേന്ദ്രനിയമവകുപ്പ് ഉള്‍പ്പെടെ അനുകൂലിച്ച ബില്ലിനെ എതിര്‍ത്ത് രംഗത്തുവന്നത് പരിസ്ഥിതി മന്ത്രാലയമാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയായവര്‍ക്ക് കോടതിയെ സമീപിക്കാമെന്നിരിക്കെ ഇത്തരമൊരു ബില്‍ പാസ്സാക്കിയത് അനാവശ്യവും അപ്രസക്തവുമാണെന്നാണ് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്.
2012 ഏപ്രില്‍ 16 ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് പരിസ്ഥിതിവകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവിലാണ് നടന്നത്. ജനങ്ങളുടെ ജീവനും മണ്ണിനും കൃഷിയ്ക്കും ഗുരുതരമായ ദോഷം സൃഷ്ടിച്ച കമ്പനിയുടെ പ്രവര്‍ത്തനം മൂലം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ സമരങ്ങള്‍ക്കൊടുവില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ കമ്പനി അടച്ചുപൂട്ടിയത്.
കൃഷി, ആരോഗ്യം, ജലസ്രോതസിന്റെ മലിനീകരണം എന്നിങ്ങനെ പ്രദേശത്ത് 216.26 കോടി രൂപയുടെ മൊത്തം നഷ്ടം കമ്പനിയുണ്ടാക്കി വെച്ചെന്നാണ് അന്ന് കണ്ടെത്തിയത്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാരബില്‍ കേരള നിയമസഭ ബില്‍ പാസ്സാക്കിയതും. എന്നാല്‍ ഇപ്പോഴും അംഗീകാരത്തിന് സമര്‍പ്പിക്കാതെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബില്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ഇതില്‍ നിന്ന് വ്യക്തം.
മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ അയക്കുന്ന ബില്ലുകളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ആറാഴ്ച്ചയ്ക്കകം വിവിധ മന്ത്രാലയങ്ങള്‍ സംസ്ഥാനത്തെ രേഖാമൂലം അറിയിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇതും കേന്ദ്രസര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
അഡ്വ. ഡി.ബി.ബിനു
കൊച്ചി
അയച്ച കത്തിന്റെ കോപ്പി, രാഷ്ട്രപതി ഭവന്‍ നല്‍കിയ മറുപടി, വനം-പരിസ്ഥിതി വകുപ്പുകള്‍
ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്ത് എന്നിവ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക