കൂടാളി: കണ്ണൂര്‍ മട്ടന്നൂര്‍ റൂട്ടില്‍ പഴശ്ശി ജലസേചനപദ്ധതിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളില്‍ കുഴിച്ച കുഴി കൃത്യമായി അടച്ച് റീ ടാറിംഗ് ചെയ്യാത്തതിന്റെ ഫലമായി മഴ പെയ്തു തുടങ്ങിയ ദിവസം തന്നെ റോഡ് തകര്‍ന്നു തുടങ്ങി. കൂടാളി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ അവസാന വാരം തന്നെ പൈപ്പ് ലൈന്‍ മാറ്റുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിരുന്നു.

എന്നിട്ടും റോഡിന്റെ വശങ്ങളില്‍ ടാറിംഗ് ഇളക്കി മാറ്റി കുഴിച്ച കുഴികള്‍ കൃത്യമായി അടക്കാനും ആ ഭാഗങ്ങളില്‍ റീ ടാറിംഗ് ചെയ്യാനും അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. മഴ പെയ്തു തുടങ്ങിയപ്പോള്‍ തന്നെ വശങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു. രാത്രികാലങ്ങളിലും മറ്റും വന്‍ അപകട ഭീഷണിയാണ് ഇതു ഉയര്‍ത്തുന്നത്.

വിനീത് നമ്പ്യാര്‍, കൂടാളി-കണ്ണൂര്‍.