അഡ്വ.ഡി.ബി.ബിനു

കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വിവരാവകാശ നിയമപ്രകാരം പുറത്തുവന്നു. സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.ജി വരെയുള്ളവരുടെ ലിസ്റ്റാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം ഡി.ജി.പി. മുദ്രവെച്ച കവറില്‍ തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉള്ളത്. കൊലപാതകം മുതല്‍ സ്ത്രീപീഡനം വരെയുള്ള കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ ഇതിലുണ്ട്.

സി.ബി.ഐ. കേസന്വേഷണം നേരിടുന്നവരുടേയും വിജിലന്‍സ് അന്വേഷണം നേരിടുന്നവരുടേയും പേരുവിവരങ്ങളും പ്രത്യേകമായി തന്നെ പട്ടികയിലുണ്ട്. വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട 29 പേരും സി.ബി.ഐ. കേസില്‍ അകപ്പെട്ട 36 പേരും എക്‌സൈസ്-ഫോറസ്റ്റ് കേസുകളില്‍ ഉള്‍പ്പെട്ട ഏഴ് പേരുടേയും വിവരങ്ങളാണ് പട്ടികയിലുള്ളത്. വനിതാ പോലീസുകാരും ഇതിലുള്‍പ്പെടുന്നു.

ഏറ്റവും അധികം പോലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ജില്ല തിരുവനന്തപുരമാണ്. 118 പേര്‍. എറണാകുളം-62, കൊല്ലം-47, തിരുവനന്തപുരം സിറ്റി-71, റൂറല്‍-29, കൊല്ലം സിറ്റി-18, റൂറല്‍-29, ആലപ്പുഴ-39, പത്തനംതിട്ട-39, കോട്ടയം-28, ഇടുക്കി-18, കൊച്ചി സിറ്റി-39, എറണാകുളം റൂറല്‍-23, തൃശൂര്‍ സിറ്റി-14, റൂറല്‍-5, പാലക്കാട്-12, മലപ്പുറം-14, കോഴിക്കോട് സിറ്റി-17, റൂറല്‍-6, കണ്ണൂര്‍-12, വയനാട്-12, കാസര്‍കോട്-16 എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ ജില്ലാടിസ്ഥാനത്തിലുള്ള എണ്ണം.

ഡി.ഐ.ജി ശ്രീജിത്ത്, ടോമിന്‍ തച്ചങ്കരി, എസ്.പുലികേശി എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.


സി.ബി.ഐ. കേസുകളിലും വിജിലന്‍സ് കേസുകളിലും ഉള്‍പ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.