തൃശ്ശൂര്‍: സിദ്ധിക്ക് ലാല്‍ സംവിധാനം ചെയ്ത ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ഒരു കൊട്ടാരത്തില്‍ പെയിന്റടിക്കാന്‍ വരുന്നവര്‍ ഒരു അലമാര മറിച്ചിടുമ്പോള്‍ 'അയ്യോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുവാണത് എന്ന് പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്റെ കഥാപാത്രം ഓടിവരുകയും അപ്പോള്‍ ജഗതി ശ്രീകുമാര്‍ ''ഓ പഴയ വസ്തുവാണോ ഞാന്‍ കരുതി പുതിയതാണെന്ന്'' എന്ന് പറയുന്ന ഒരു രംഗമുണ്ട്. പുരാവസ്തുവിന്റെ പ്രധാന്യം ഒന്നുമറിയാത്ത ഒരു സാധാരണക്കാരന്റെ സ്വാഭാവിക പ്രതികരണമായിരുന്നു ഈ ഹാസ്യാത്മകരംഗം.

പക്ഷേ ഈ ഭാഷ സര്‍ക്കാരിനോ സാംസ്‌കാരിക വകുപ്പിനോ പാടുണ്ടോ എന്ന് സംശയമുയരുന്നു. ഇനി ഈ വാര്‍ത്ത വായിക്കുക. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങളും സിനിമാക്കാര്‍ക്ക് ചിത്രീകരണത്തിന് വിട്ടുകൊടുക്കാന്‍ സിനിമയുടെ ചുമതലയുള്ള മന്ത്രി വക നീക്കം.

ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ടൂറിസം കേന്ദ്രങ്ങളിലെ ചിത്രീകരണ വിലക്ക് നീക്കി അവ സുഗമമായി തുറന്നുകൊടുക്കാന്‍ നിര്‍ദേശിക്കുന്ന കത്തില്‍ പുരാവസ്തുവകുപ്പിന്റെ കെട്ടിടങ്ങളെക്കുറിച്ച് നേരിട്ട് പറയുന്നില്ലെങ്കിലും ആര്‍ക്കിയോളജി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുന്നവര്‍ക്കെല്ലാം സ്ഥാപനങ്ങളും കെട്ടിടങ്ങളും ദിവസങ്ങളോളം സിനിമാ ചിത്രീകരണത്തിനായി വാടകയ്ക്ക് നല്‍കാനാണ് ഇപ്പോള്‍ അനൗദ്യോഗികമായി വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതീവ ചരിത്രപ്രധാന്യമുള്ള പൈതൃകവസ്തുക്കള്‍ സൂക്ഷിക്കുന്ന കേരളത്തിലെ പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള മ്യൂസിയങ്ങളും കൊട്ടാരങ്ങളും ചിത്രീകരണത്തിനായി തുറന്നുകൊടുക്കുന്നതോടെ അതിന്റെ സര്‍വ്വ നാശത്തിനാണ് അത് വഴിതെളിയിക്കുക. ഇതിനകം തൃശൂരിലെ കൊല്ലങ്കോട് പാലസ് എന്ന ചുവര്‍ ചിത്രകലാ മ്യൂസിയം തുറന്നുകൊടുത്ത് ചിത്രീകരണ മാമാങ്കം തകൃതിയായി നടക്കുന്നുണ്ട്. ഇവിടെ കൊട്ടാരത്തിനകത്ത് നിലത്ത് പാകിയിരിക്കുന്ന പഴയകാലത്തുള്ള ഓട് അടക്കമുള്ള വസ്തുക്കള്‍ക്ക് കേടുപാടുവന്നിട്ടുണ്ട്.

പൈതൃകസ്വത്തുക്കള്‍ സൂക്ഷിച്ച കെട്ടിടങ്ങള്‍ സിനിമാ ചിത്രീകരത്തിന് വിട്ടുകൊടുക്കരുതെന്ന മുന്‍ പുരാവസ്തു ഡയറക്ടറുടെ തീരുമാനത്തെ റദ്ദാക്കിയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കൃഷ്ണപുരം പാലസ്, പത്മനാഭപുരം പാലസ്, ഹില്‍പാലസ് എന്നിവയുള്‍പ്പെടെ പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നേരത്തെയും സിനിമാ ചിത്രീകരണത്തിനായി തുറന്നുകൊടുത്തിരുന്നു.

പിന്നീട് ഈ തീരുമാനം റദ്ദ് ചെയ്യാന്‍ കാരണം പുരാവസ്തുക്കളുടെ നാശവും പല വസ്തുക്കളും കാണാതായതുമാണ്. ചിരട്ടക്കരിയും കോഴിമുട്ടയുടെ വെള്ളയും നീല അമരിയും ഉരുക്കിയ ശര്‍ക്കരയുമുപയോഗിച്ച പത്മനാഭപുരം കൊട്ടാരത്തിന്റെ നിലത്തിന് ചിത്രീകരണത്തിനുപയോഗിച്ച ട്രോളി മൂലം മുമ്പ് കേടുപാടുകള്‍ സംഭവിച്ചതും തൃപ്പൂണിത്തുറ ഹില്‍പാലസിലെ ഇറ്റാലിയന്‍ ടൈലുകള്‍ക്ക് കേടുപറ്റിയതും നേരത്തെ റിപ്പോര്‍ട്ടുകളായി പുറത്തുവന്നിരുന്നു. ഇത് വലിയ ആക്ഷേപത്തിന് കാരണമായതോടെയാണ് ചിത്രീകരണത്തിന് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

പുരാതന ക്ഷേത്രങ്ങളില്‍ നിന്നെടുത്ത മുപ്പത്തിയെട്ട് ചുമര്‍ചിത്ര പകര്‍പ്പുകള്‍ ഉള്‍പ്പെടെ പുരാവസ്തുചരിത്രപ്രധാന്യമുള്ള തൃശ്ശൂരിലെ ചുമര്‍ ചിത്രകലാ മ്യൂസിയം ഉള്‍പ്പെടെയുള്ളവ സിനിമാ ചിത്രീകരണത്തിനായി തുറന്നുകൊടുത്തതോടെ ഈ മുന്‍കരുതലുകളെല്ലാം കാറ്റില്‍പ്പറത്തപ്പെട്ടു. സിനിമയ്ക്ക് പ്രത്യേകമായി ഒരു മന്ത്രി വന്നതോടെയാണ് സമ്മര്‍ദ്ദത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിനെ മറികടന്നുള്ള ഈ തീരുമാനത്തിന് അധികാരികള്‍ തയ്യാറായതെന്നാണ് സൂചന.

ആര്‍.ശ്രീനിവാസ്
പൂങ്കുന്നംതൃശൂര്‍.