നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ വരികയും പോകുകയും ചെയ്യുന്ന നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിന്റെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനരഹിതമാണ്. മാത്രമല്ല പ്ലാന്റ് പ്രവര്‍ത്തനവും സമീപവാസികള്‍ക്ക് ദുരിത ജീവിതമാണ് സമ്മാനിക്കുന്നത്. കുറച്ചുനാളായി മഴ കനത്തതോടെ ഇവിടത്തെ മാലിന്യങ്ങളില്‍ നിന്ന് വരുന്ന വെള്ളം സമീപത്തെ ദളിത് കോളനികളിലേക്കാണ് ഒഴുകിയെത്തുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം.

ഇത് പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഇവിടെ ദുര്‍ഗന്ധം മൂലം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാക്കിയിരിക്കുന്നു. ഇത്രയും വലിയ വിമാനത്താവളമായിട്ടുപോലും മാലിന്യ സംസ്‌കരണത്തിന് യാതൊരു പ്രാധാന്യവും അധികൃതര്‍ കല്‍പ്പിക്കാത്തത് സമീപവാസികളെ ദുരിതത്തിലാക്കുന്നു. മാലിന്യപ്രശ്‌നങ്ങളാല്‍ വീര്‍പ്പുമുട്ടുകയും അതുവഴി പലവിധ രോഗങ്ങളും പനികളും പടര്‍ന്ന് പിടിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ പോലും ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ വിമാനത്താവള അധികാരികള്‍ ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം.

1999 നവംബര്‍ 17ന് പ്രവര്‍ത്തനം ആരംഭിച്ച പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആവണംകോട് എന്ന പ്രദേശത്താണ്. 1500 ഏക്കറോളം ഭൂമി വിമാനത്താവള അതോറിറ്റിക്ക് ഉണ്ടായിരിക്കെയാണിത്. ഗോള്‍ഫ് കളിക്കുന്നതിനുള്ള സ്ഥലവും സംവിധാനങ്ങളും അടക്കം ഒരുക്കിയിട്ടുള്ള വിമാനത്താവളത്തില്‍ പക്ഷേ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലത്തിന് സാധാരണക്കാരന്റെ വീടിനടുത്തേക്ക് ആക്കിയത് ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ ഗുരുതരമായ ജനവിരുദ്ധ സമീപനമാണ് വ്യക്തമാക്കുന്നത്.സ്ഥലം പോലും വിമാനത്താവളത്തിനുള്ളില്‍ ഉണ്ടായിരിക്കെ വിമാനത്തില്‍ നിന്നും വിമാനത്താവള കെട്ടിടങ്ങളില്‍ നിന്നുമുള്ള മാലിന്യമാണ് പ്ലാന്റില്‍ നിക്ഷേപിക്കുന്നത്. മലിനജലം വന്നുവീഴുന്ന സമയത്ത് പ്രദേശത്താകമാനം രൂക്ഷദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. പ്ലാന്റില്‍ നിന്നും 17 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പ്രദേശത്തെ കുടിവെള്ള സ്രോതസ്സായ കിണറും 45 മീറ്റര്‍ ചുറ്റളവിനുള്ളില്‍ വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നിയമവിരുദ്ധവും അനുവദനീയമായ പരിധിയ്ക്ക് എതിരുമാണ്.

മാത്രമല്ല പ്ലാന്റിന് നെടുമ്പാശേരി പഞ്ചായത്ത് ഇതുവരെയും ലൈസന്‍സ് നല്‍കിയിട്ടുമില്ല എന്നതാണ് വിചിത്രം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. നിരവധി സാംക്രമിക രോഗങ്ങള്‍ക്ക് അടിമപ്പെട്ടാന്‍ സാധ്യതയുള്ള മേഖലയായി ഈ പ്രദേശം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അധികൃതരെ പലതവണ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല ഇതുവരെയും.

ഡെന്നി ജോണ്‍
നെടുമ്പാശ്ശേരി