പാലക്കാട്: നെല്ലിയാമ്പതിയില്‍ പട്ടികജാതിക്കാര്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട 72 ഓളം കുടുംബങ്ങള്‍ക്ക് വീട് വെക്കാനായി പഞ്ചായത്ത് നല്‍കിയത് വനഭൂമി. വനഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ സര്‍ക്കാര്‍ തന്നെ ശക്തമായതോടെ ഈ കുടുംബങ്ങള്‍ വഴിയാധാരമായി. പഞ്ചായത്തോ അധികാരികളോ ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കിയ രജിസ്ട്രാറോ ഇക്കാര്യം നേരത്തെ ധരിപ്പിക്കാതെ കബളിപ്പിക്കുകയായിരുന്നു എന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു.

നെല്ലിയാമ്പതിയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് സ്വന്തം പേരില്‍ ഭൂമി ഇല്ല എന്നിരിക്കെ പാട്ടത്തിനെടുത്ത ഭൂമിയാണ് ജനകീയാസൂത്രണ കാലത്ത് പഞ്ചായത്ത് തന്നെ ഇത്രയും കുടുംബങ്ങള്‍ക്ക് വീട് വെക്കാനായി പതിച്ച് നല്‍കിയത്. എന്നാല്‍ ജില്ലാ വനംവകുപ്പ് മേധാവി 2011 ജൂലായ് മാസത്തില്‍ നെല്ലിയാമ്പതിയില്‍ പിടിച്ചെടുത്ത 416 ഏക്കര്‍ വനഭൂമിയില്‍ ഈ കുടുംബങ്ങള്‍ക്ക് നല്‍കിയ ഭൂമിയും ഉള്‍പ്പെടുന്നു.

കേസിനെ തുടര്‍ന്ന് വനഭൂമിയാണെന്ന് സുപ്രീംകോടതി വിധിച്ച് നിശ്ചിതപ്പെടുത്തി അളന്ന് തിരിച്ച ഗോവിന്ദാമല, പുലയമ്പാറ, എസ്‌റ്റേറ്റിലെ ഭൂമിയാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കിയത്. കൊല്ലങ്കോട് രാജവംശത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമി സംബന്ധിച്ച് കൈവശക്കാരനും രാജകുടുംബവും തമ്മില്‍ സുപ്രീംകോടതി വരെ കേസ് നടത്തിയിരുന്നതിന്റെ വിധിയാണിത്.

വനഭൂമിയാണെന്ന് അറിയുന്ന ഭൂമി നല്‍കി ഇത്രയും കുടുംബങ്ങളെ എന്തിനാണ് പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും തെറ്റിദ്ധരിപ്പിച്ചത് എന്നാണ് ഈ കുടുംബങ്ങളുടെ ചോദ്യം. കോട്ടയം സ്വദേശിയായ തങ്കച്ചന്‍ മുതലാളി എന്ന തോമസിന്റെ പക്കല്‍ നിന്നാണ് ഭൂമി 72 കുടുംബങ്ങള്‍ക്കായി പഞ്ചായത്ത് തന്നെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 ലക്ഷത്തോളം രൂപ നല്‍കി വാങ്ങിയത്. ഇതിന് സ്ഥലമുടമയ്ക്ക് നല്‍കിയ ചെക്ക് പഞ്ചായത്ത് നേരിട്ട് നല്‍കുകയായിരുന്നെന്നും തങ്ങള്‍ക്ക് പട്ടയം ലഭിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.

ഈ ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയായി പിടിച്ചെടുത്തത്. രജിസ്‌ട്രേഷന്‍ കഴിഞ്ഞ് ഇത്രയും വര്‍ഷമായിട്ടും വനംവകുപ്പ് എന്തുകൊണ്ട് ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ല എന്നതാണ് പ്രസക്തമായ ചോദ്യം. ഭൂരിഭാഗം പേര്‍ക്കും ഈ സ്ഥലം കൃഷിയ്‌ക്കോ താമസത്തിനോ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ചിലര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പണമെടുത്ത് വീട് പണി തുടങ്ങിയിട്ടുമുണ്ട്.

അതിനിടെയാണ് സര്‍ക്കാര്‍ നടപടി. ഈ പ്രശ്‌നം ഉന്നയിച്ച് ഇവര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഓരാ പഞ്ചായത്ത് ഭരണസമിതികളും ഒഴിഞ്ഞുമാറുകയാണ് ചെയ്‌തെന്ന് ഇവര്‍ പറയുന്നു. അഞ്ച് സെന്റ് ഭൂമി വീതമാണ് ഓരോ കുടുംബങ്ങള്‍ക്കും പഞ്ചായത്ത് നല്‍കിയത്. ഇതിനുള്ള ഗുണഭോക്തൃവിഹിതമായി 15,000 രൂപയും മറ്റ് രജിസ്‌ട്രേഷന്‍ ചെലവുകള്‍ക്കുള്ള തുകയും അടക്കമാണ് പഞ്ചായത്ത് നല്‍കിയത്.

കൊല്ലങ്കോട് ട്രഷറി മുഖേനയാണ് തുക സ്ഥലത്തിന്റെ സ്ഥലമുടമയ്ക്ക് കൈമാറിയത്. ഇതിന് കൊല്ലങ്കോട് രജിസ്‌ട്രേഷന്‍, ട്രഷറി ഓഫീസുകളില്‍ രേഖകളുണ്ട്. മാത്രമല്ല 96-ലെ ഇടതുസര്‍ക്കാരിന്റെ കാലത്താണ് ഭൂമി വിതരണം നടന്നത്. പ്രശ്‌നം ഉയര്‍ന്നതോടെ പഞ്ചായത്തിനെ വീണ്ടും സമീപിച്ചപ്പോള്‍ യോഗം വിളിച്ച് പരിഹാരം കാണാനായി ഓരോ കുടുംബങ്ങളെയും പഞ്ചായത്ത് രേഖാമൂലം ക്ഷണിക്കുകയും ചെയ്തു. ഈ നടപടികള്‍ നടക്കുന്നതിനിടെയാണ് വനഭൂമി നിയമം കര്‍ശനമാക്കാന്‍ കഴിഞ്ഞ സര്‍ക്കാരും പുതിയ സര്‍ക്കാരും തീരുമാനിച്ചത്. ഇപ്പോള്‍ ജില്ലാ റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥലം ഏറ്റെടുക്കുകയും ചെയ്തു.

പോത്തുപാറയിലെ ആറുമുഖന്‍, നൂറടിപ്പാലം അബൂബക്കര്‍, മണി കാരപ്പാറ, പരമശിവന്‍ മകന്‍ ഭഗവതി, പഴനിച്ചാമി തുടങ്ങി വൃദ്ധരും കൂലി വേലയ്ക്ക് മാര്‍ഗമില്ലാത്തവരുമായ നിരവധി കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ സ്വന്തം പേരില്‍ പട്ടയമുണ്ടായിട്ടും ഇപ്പോള്‍ ഭൂമി നഷ്ടമായിരിക്കുന്നത്. നെല്ലിയാമ്പതിയിലെ വിവിധ എസ്റ്റേറ്റുകളില്‍ പണിയെടുക്കുന്ന താല്‍ക്കാലിക ലായങ്ങളിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പഞ്ചായത്താണോ വനംവകുപ്പാണോ അതോ സ്വകാര്യ കൈവശക്കാരനാണോ പറ്റിച്ചത് എന്ന് ചോദിക്കാനല്ലാതെ ഇവര്‍ക്ക് മറ്റൊന്നും അറിയില്ല.


ഭൂമി പതിച്ച് നല്‍കിയതിന്റെ രേഖകള്‍ ഇവിടെ കാണാം


വിശ്വനാഥന്‍
നെല്ലിയാമ്പതി-പാലക്കാട്.