ജി.വി. രാകേശ്, കതിരൂര്‍
കതിരൂര്‍: ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ലഘൂകരിച്ചതോടെ വയല്‍ നികത്തി കെട്ടിടം നിര്‍മ്മിക്കുന്നതുള്‍പ്പടെയുള്ള അനധികൃത നിര്‍മ്മാണം വ്യാപകമാവുന്നു. 3200 ചതുരശ്രയടി വരെയുള്ള വാസഗൃഹങ്ങളും 1500 ചതുരശ്രയടി വരെയുള്ള വാണിജ്യ കെട്ടിടങ്ങളും നിര്‍മ്മിക്കണമെങ്കില്‍ ഗ്രാമഞ്ചായത്തുകളില്‍ ലൈസന്‍സികളായ എന്‍ജിനിയര്‍മാരോ, സൂപ്പര്‍വൈസര്‍മാരോ തയ്യാറാക്കുന്ന പ്ലാന്‍ സമര്‍പ്പിച്ച് അനുമതി പത്രം വാങ്ങേണ്ടതില്ലെന്ന നിയമം ജനവരി മധ്യത്തോടെയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ഇതിന്റെ മറവിലാണ് അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. നിയമം ലഘൂകരിച്ചെങ്കിലും കെട്ടിടം പണിയുന്നതിനുമുമ്പായി റോഡില്‍ നിന്നും കെട്ടിടത്തിന്റെ മുന്‍ഭാഗത്തും മൂന്ന് മീറ്ററും അതിര്‍ത്തിയില്‍ നിന്ന് മറ്റ് വശങ്ങളിലേക്ക് ഏറ്റവും കുറഞ്ഞത് ഒരു മീറ്ററും അകലം പാലിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കാണിച്ച് സ്വയം തയ്യാറാക്കിയ അപേക്ഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ അന്ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കൂടാതെ വയല്‍ നികത്തിയ സ്ഥലത്തോ, പുഴയോരത്തോ അല്ല കെട്ടിടം പണിയുന്നതെന്നും കക്കൂസിന്റെ ടാങ്ക് തൊട്ടടുത്ത കിണറുമായി 7.50 മീറ്റര്‍ അകലം പാലിച്ചാണ് നിര്‍മ്മിക്കുന്നതെന്നും ബോധിപ്പിക്കേണ്ടതുണ്ട്. അപേക്ഷയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണവും രേഖപ്പെടുത്തണം. പക്ഷെ ഇത്തരത്തിലുള്ള അപേക്ഷകളൊന്നും ആരും ഗ്രാമപഞ്ചായത്തുകളില്‍ നല്‍കാറില്ല. അതുകൊണ്ടുതന്നെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതികള്‍ ഗ്രാമപഞ്ചായത്തുകളില്‍ നിരവധിയാണ്.

അപേക്ഷ നല്‍കാതെ പണിത കെട്ടിടങ്ങള്‍ അനധികൃത കെട്ടിടമായി പഞ്ചായത്തുകള്‍ക്ക് കണക്കാക്കാവുന്നതും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനുള്ള അധികാരവും പഞ്ചായത്തിനുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നിര്‍മ്മാണം തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാവുന്നില്ല. വയലുകള്‍ നികത്തി വീട് നിര്‍മ്മിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി, എഞ്ചിനീയര്‍, കൃഷി ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി സ്ഥലം പരിശോധിച്ച് നിര്‍മ്മാണത്തിന് മുമ്പ് രേഖാമൂലം അനുമതി നല്‍കണമെന്ന് കെട്ടിടനിര്‍മ്മാണ നിയമം അനുശാസിക്കുന്നുണ്ട്.

അപേക്ഷകനോ കുടുംബത്തിനോ വാസഗൃഹ നിര്‍മ്മാണത്തിനനുയോജ്യമായ മറ്റു സ്ഥലങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കൂടാതെ 25 വര്‍ഷത്തിനു മുമ്പ് നികത്തിയ സ്ഥലവുമാകണം. അത്തരത്തിലുള്ള അപേക്ഷകര്‍ക്കാണ് പഞ്ചായത്തുകളില്‍ വയല്‍ നികത്തിയ സ്ഥലത്ത് വീടുവെയ്ക്കാനുള്ള അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഈ നിയമം ലഘൂകരിച്ചതോടെ ഇത്തരത്തിലുള്ള സമിതികള്‍ ചേരാതെയായി. പുഴയോരത്തുനിന്നും 100 മീറ്റര്‍ വിട്ടുമാത്രമേ കെട്ടിടം പണിയാനുള്ള അനുമതി നല്‍കിയിരുന്നുള്ളൂ.

ഇപ്പോള്‍ ഇതിനും നിയന്ത്രണമില്ല. ചുറ്റുമതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതലുള്ളത്. റോഡ്, ഇടവഴി എന്നിവയോട് ചേര്‍ന്ന് ചുറ്റുമതില്‍ കെട്ടുമ്പോള്‍ അതിര്‍ത്തിയില്‍ നിന്നും 30 സെന്റീമീറ്റര്‍ വിട്ട് മാത്രമേ മതില്‍ കെട്ടാന്‍ പാടുള്ളു. കെട്ടിട നിയമം ലഘൂകരിച്ചതോടെ സ്ഥലമുടമകള്‍ നിശ്ചിത അകലം വിടാതെ അതിര്‍ത്തിയോട് ചേര്‍ന്നും ചിലര്‍ വഴി സ്ഥലത്തേക് തള്ളിയും റോഡിനോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയുമാണ് മതില്‍ നിര്‍മ്മിക്കുന്നത്.

കെട്ടിട നിര്‍മ്മാണച്ചട്ടം നിലവിലുണ്ടായിരുന്നപ്പോള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ കെട്ടിട നമ്പര്‍ ലഭിക്കാനായി പഞ്ചായത്തില്‍ കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കണമായിരുന്നു. കംപ്ലീഷന്‍ പ്ലാനില്‍ കാണിച്ചിട്ടുള്ള തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നികുതി നിശ്ചയിച്ചിരുന്നത്. നിയമം ലഘൂകരിച്ചതോടെ കംപ്ലീഷന്‍ പ്ലാന്‍ പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് വന്നു. നമ്പര്‍ ലഭിക്കാനായി സ്വയം തയ്യാറാക്കിയ അപേക്ഷയില്‍ തറ വിസ്തീര്‍ണ്ണം എഴുതിയാല്‍ മാത്രം മതി.

വിസ്തീര്‍ണ്ണം പരിശോധിക്കുന്നവരാകട്ടെ പഞ്ചായത്തിലെ സാങ്കേതിക വിഭാഗത്തില്‍പ്പെടാത്ത ഉദ്യോഗസ്ഥരുമാണ്. ഇവര്‍ തന്നെയാണ് നികുതിയും നിശ്ചയിക്കുന്നത്. ഇത് പ്രകാരം കൃത്യമായ നികുതി നിര്‍ണ്ണയവും നടക്കുന്നില്ല. കൂടാതെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വലിയ വീടുകള്‍ക്ക് ആഡംബര നികുതി ചുമത്തുന്നത് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു എന്ന ഗുരുതരമായ കാര്യവും ഇപ്പോള്‍ വ്യാപകമാണ്.

ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണച്ചട്ടം ലഘൂകരിക്കുന്നതിന് മുമ്പ് നിയമാനുസൃതം പെര്‍മിറ്റ് വാങ്ങി നിര്‍മ്മാണം നടത്തി പൂര്‍ത്തീകരിച്ച കെട്ടിടങ്ങള്‍ക്കും പൂര്‍ത്തീകരിക്കാത്ത കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുമ്പോഴും പെര്‍മിറ്റ് നല്‍കിയ തീയ്യതിക്ക് ശേഷം ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികളിലെ വ്യവസ്ഥകള്‍ ബാധകമെല്ലെന്ന് കാണിച്ച് ജൂണ്‍ 22 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

കെട്ടിട നമ്പറിന് അപേക്ഷിക്കുമ്പോള്‍ നിലവിലുള്ള നിയമമാണ് ബാധകമെന്ന് ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള വിജ്ഞാപനം ഇറക്കിയതെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.