ഡോ. കെ.വി. ബാബു
ന്യൂഡല്‍ഹി: പൊതുമേഖലാ വാക്‌സിന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടും വിതരണം ചെയ്യുന്ന വാക്‌സിനുകളുടെ വില കുത്തനെ വര്‍ധിപ്പിച്ചു. വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനും കുറഞ്ഞ വിലയ്ക്ക് ഇവ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് യൂണിറ്റുകളാണ് ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സമാനമായ രീതിയില്‍ വില കൂട്ടിയിരിക്കുന്നത്. ഈ യൂണിറ്റുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതുതന്നെ വില വര്‍ധന തടയാനും സര്‍ക്കാര്‍ തലത്തില്‍ വാക്‌സിന്‍ വിതരണം സുഗമമാക്കാനും വേണ്ടിയാണ്.

എന്നാല്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് വാക്‌സിന് ഇപ്പോള്‍ വില കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം യൂണിറ്റുകള്‍ പൂട്ടിയിട്ടു എന്നതുകൊണ്ട് ഇപ്പോള്‍ തുറന്നതിന് ശേഷം വാക്‌സിന്‍ വില മൂന്നിരട്ട് കൂട്ടിയത് എന്തിനെന്നതിന് യാതൊരു ന്യായീകരണവുമില്ല. 2007-08 കാലയളവില്‍ ഡിപിടി വാക്‌സിന് ഒരു ഡോസിന് 11.8 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 23.53 രൂപയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മറ്റ് വാക്‌സിനുകളുടെ സ്ഥിതിയും ഇതുതന്നെ. 6.2 രൂപയുണ്ടായിരുന്ന ടി.ടി വാക്‌സിന് ഇപ്പോള്‍ വില 16.45 രൂപ. ബിസിജി 13 രൂപയുണ്ടായിരുന്നത് 28.6 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നികുതിയടക്കം ഇതില്‍ നിന്ന് ചെറിയ വ്യത്യാസത്തില്‍ വാക്‌സിന്‍ വാങ്ങാം എന്നിരിക്കെ പൊതുവിതരണത്തിനുള്ളവ ഇത്രയും വില കൂട്ടിയത് എന്തിനെന്ന് കൃത്യമായ മറുപടി നല്‍കാന്‍ ആരും തയ്യാറല്ല. അതായത് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്നതിന്റെ ഏകദേശം അതേ വിലയാണ് പൊതുമേഖലായ യൂണിറ്റുകളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാന്‍ നല്‍കേണ്ടി വരുക എന്നര്‍ത്ഥം. ഇതിന് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന് സന്നദ്ധസംഘടനകളും ആരോഗ്യപ്രവര്‍ത്തകരും ആരോപിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ വില വര്‍ധനയുടെ കാരണം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.

അതിനര്‍ത്ഥം അകാരണമായാണ് വില കൂട്ടിയത് എന്നാണ്. അതായത് പൊതുമേഖലായ യൂണിറ്റുകളായ കൊസൂളിലേയും കുനൂരിലേയും സ്ഥാപനങ്ങള്‍ പൂട്ടിയ കാലയളവില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്ന് വന്‍വിലയ്ക്കാണ് ആരോഗ്യവകുപ്പ് വാക്‌സിന്‍ വാങ്ങിക്കൂട്ടിയത്. ഇത് സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിവെക്കുകയും ചെയ്തു. ഈ നഷ്ടത്തെ സ്വാഭാവിക നഷ്ടമാണെന്ന് വരുത്തി തീര്‍ക്കാനായി പൊതുമേഖലാ വാക്‌സിന്‍ വില വര്‍ധിപ്പിക്കുക എന്ന തന്ത്രമാണിതിന് പിന്നില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളാണ് കാര്യക്ഷമതയില്ലെന്ന് പറഞ്ഞ് പൂട്ടിയത്.

ഇതില്‍ ചെന്നൈയിലെ യൂണിറ്റ് ഒഴികെ രണ്ട് യൂണിറ്റും ഇപ്പോള്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമങ്ങളുള്ളത്. ബി.സി.ജി. വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാക്കാതെ നിരവധി കുഞ്ഞുങ്ങളുടെ മരണം വരുത്തിവെച്ചതിന്റെ പേരിലും 2.20 കോടി ഡോസ് വാക്‌സിനുകള്‍ ഉപയോഗശൂന്യമായി പോയതിന്റെ പേരിലും നേരത്തെ കേന്ദ്ര ആരോഗ്യവകുപ്പിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. വാക്‌സിന്‍ രംഗത്തെ അഴിമതി അന്വേഷിച്ച ജാവിദ് ചൗധരി കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യവകുപ്പിനെയും സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനെയും കുറ്റപ്പെടുത്തിയിരുന്നു.