ഡോ. കെ.വി. ബാബു
ന്യൂഡല്‍ഹി: രാജ്യത്ത് ബി.സി.ജി. വാക്‌സിന്‍ ആവശ്യത്തിന് ലഭ്യമാക്കാതെ നിരവധി കുഞ്ഞുങ്ങളുടെ മരണം വരുത്തിവെച്ചതിന്റെ പേരില്‍ ആരോപണം നേരിടുന്ന കേന്ദ്ര ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കേടായി പോയത് 2.20 കോടി ഡോസ് വാക്‌സിന്‍. അതായത് ഏകദേശം ആറ് കോടി രൂപയ്ക്കുള്ള വാക്‌സിനാണ് ഇത്തരത്തില്‍ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഉപയോഗശൂന്യമായി പോയത്. 2.20 കോടി ഡോസ് വാക്‌സിനാണ് പ്രതിവര്‍ഷം രാജ്യത്ത് 7.5 കോടി കുട്ടികള്‍ക്കായി ആവശ്യമായുള്ളത്.

എന്നാല്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ സ്‌റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിന്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തോളം ലാബുകള്‍ പൂട്ടിയിട്ടതുമൂലം വിതരണം ചെയ്യപ്പെടാതെ നശിച്ചുപോകുകയാണ് ചെയ്തത്. വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ അലംഭാവം മൂലം ആരോപണവിധേയരായ ബി.സി.ജി. ലാബ് ഡയറക്ടര്‍ ഉഷ സോറന്‍സിങ് അടക്കമുള്ള ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ തെറ്റായ തീരുമാനങ്ങള്‍ തന്നെയാണ് ഇതിലൂടെയും പുറത്തുവരുന്നത്.

വിതരണം ചെയ്യാന്‍ മിച്ചമുണ്ടെന്ന് പറഞ്ഞ് ലാബ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തയച്ചെങ്കിലും ഇത് കാലാവധി കഴിഞ്ഞ വാക്‌സിന്‍ ആയതിനാല്‍ ഉപയോഗിച്ചില്ല. എന്നാല്‍ ഉപയോഗ ശ്യന്യമാകുന്നതിന് മുമ്പ് ഇവ ഉപയോഗിക്കാനുളള വിവേകം ഇവര്‍ കാണിച്ചതുമില്ല. അങ്ങനെയായിരുന്നെങ്കില്‍ അവ കേടായി പോകില്ലായിരുന്നു. കേടായി പോയി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാലാവധി കഴിഞ്ഞവ എന്ന അര്‍ത്ഥത്തിലാണ്. ഇതുപ്രകാരമാണ് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് സംഭവിച്ചിരിക്കുന്നത്.

അതേസമയം വാക്‌സിന്‍ ക്ഷാമം മൂലം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് നേരത്തെ വാക്‌സിന്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് സര്‍ക്കാര്‍ വിലയിലേക്കാള്‍ ഇരട്ടിയിലോ അതിലും കൂടിയ തുകയ്‌ക്കോ ആണ്. സര്‍ക്കാരിന്റെ കീഴിലുള്ള മൂന്ന് വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടിക്കിടന്ന കാലയളവില്‍ വന്‍ തുകയ്ക്കാണ് വാക്‌സിന്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ആരോഗ്യവകുപ്പിന് വേണ്ടി വാങ്ങിയിരുന്നത്. സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഈ നടപടിയെന്നും സംശയമുയര്‍ന്നിരുന്നു. മാത്രമല്ല വാക്‌സിന്‍ ക്ഷാമം മൂലം നിരവധി കുട്ടികള്‍ രാജ്യത്തുടനീളം മരിക്കാനിടയായതും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു ബി.സി.ജി. വാക്‌സിന്റെ കാലാവധി എത്രയാണെന്ന് ധാരണയുണ്ടായിരിക്കെ വാക്‌സിന്‍ കാലാവധി തീരുംവരെ ഉപയോഗിക്കാതിരുന്നത് തന്നെ ഈ അനാസ്ഥ വ്യക്തമാക്കുന്നു. വിവരാവകാശം ആവശ്യപ്പെട്ട റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. വാക്‌സിന്‍ രംഗത്തെ അഴിമതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്‌സിന്‍ യൂണിറ്റ് പൂട്ടാന്‍ കാരണമായ കാര്യക്ഷമതയില്ലായ്മ സംബന്ധിച്ച കേസ് ഇപ്പോഴും നടക്കുകയാണ്.

എന്നാല്‍ വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ ഉള്ള വാക്‌സിന്‍ ഉപയോഗിക്കാതെ അത് കേടായി പോയത് മൂലം നഷ്ടമുണ്ടാക്കുക, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കൂടിയ വിലയ്ക്ക് വാങ്ങി സര്‍ക്കാരിന് അധികഭാരം വരുത്തിവെക്കുക, കാലാവധി കഴിഞ്ഞ വാക്‌സിന്‍ ഉപയോഗിക്കാനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക (ഇത് പിന്നീട് തിരുത്തി) എന്നീ ഗുരുതരമായ കൃത്യവിലോപങ്ങള്‍ ആണ് ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.

വാക്‌സിന്‍ രംഗത്തെ അഴിമതി അന്വേഷിച്ച ജാവിദ് ചൗധരി കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യവകുപ്പിനെയും സെന്‍ട്രല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിനെയും കുറ്റപ്പെടുത്തുന്നതാണ്. സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ബി. കെ. പ്രസാദ് തലവനായ സമിതിയുടെ റിപ്പോര്‍ട്ടിലും വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി എസ്. കെ. ഗുപ്തയുടെ റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ ഇതുവരെ എന്തെങ്കിലും നടപടി എടുത്തതായി വിവരം ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി.