startupബിസിനസിന്റെ ഭാഷയില്‍ ലളിതമായി പറഞ്ഞാല്‍, ഉപഭോക്താവിന്റെ മനസറിഞ്ഞ് മുന്നോട്ടുപോകണം. ഉപഭോക്താവിനുവേണ്ട ഉല്പന്നം സൃഷ്ടിച്ചെടുക്കുന്നതിലാണ് ഒരു സ്റ്റാര്‍ട്ടപ്പിന്റെ വിജയം. പക്ഷേ ഒരു ഉല്പന്നത്തിലൂടെ മാത്രം ആ വിജയം കണ്ടെത്താനാവുമെന്ന് കരുതിയാല്‍ തെറ്റി. 

അതിനെ സ്റ്റാര്‍ട്ടപ്പിന്റെ ദോഷമായി ചിലര്‍ കണ്ടേക്കാം. പക്ഷേ ഉല്പന്നം പരാജയപ്പെട്ടാലും അതിലൂടെ പലതും പഠിക്കാന്‍ കഴിയും. അതാണ് സ്റ്റാര്‍ട്ടപ്പിന്റെ ഏറ്റവും വലിയ ഗുണം. എസ്‌വി.കോയുടെ സ്റ്റാര്‍ട്ട്ഇന്‍കോളജ് (SV.CO #StartInCollege ) പ്രോഗ്രാമില്‍ ഇത് നാലാമത്തെ ആഴ്ചയായിരിക്കുന്നു. 

മിക്ക വിദ്യാര്‍ഥികളും അവരുടെ ആശയങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ടാകണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ മാതൃക എന്നു പറയാവുന്ന ആല്‍ഫാ പ്രോട്ടോടൈപ്പിന് അവസാന രൂപം നല്‍കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 

സ്റ്റാര്‍ട്ടപ്പ് പ്രക്രിയയില്‍ ആല്‍ഫാ പ്രോട്ടോടൈപ്പ് എന്നു പറയുന്നത് ആദ്യ നാഴികക്കല്ലാണ്. അതുകൊണ്ടുതന്നെ അത്ര എളുപ്പമുള്ള കാര്യമല്ല ഇത്. മനസിലുള്ള ആശയത്തിന് ഉല്പന്നത്തിന്റെ രൂപം നല്‍കണം. സ്വപ്നം യാഥാര്‍ഥ്യമാകുന്നതു പോലെയാണിത്. ജനം സ്വീകരിക്കുന്ന ഉല്പന്നമായിരിക്കാം മനസില്‍. പക്ഷേ അവര്‍ അത് രണ്ടും കൈയും നീട്ടി സ്വീകരിക്കുന്നതിനു വേണ്ട കാരണങ്ങളുണ്ടാകാം. ആ കാരണങ്ങളെ വലിയ സങ്കീര്‍ണതകള്‍ക്കൊന്നും പോകാതെ ഉല്പന്നത്തിന്റെ സവിശേഷതകളായി എങ്ങനെ ഉള്‍ക്കൊള്ളിക്കും എന്നതിലാണ് വിജയം. 

എനിക്ക് പെട്ടെന്ന് മനസില്‍ തോന്നിയത് ഒരു ഗ്ലൈഡറും മിഗ് പോലെയുള്ള ഒരു യുദ്ധവിമാനവും തമ്മിലുള്ള താരതമ്യമാണ്. ഗ്ലൈഡര്‍ പറപ്പിക്കാന്‍ തുടങ്ങി മിഗില്‍ എത്തിച്ചേരുക എന്ന ലക്ഷ്യം പോലെയാണ് സ്റ്റാര്‍ട്ടപ്പ് പ്രക്രിയയും. 

ഗ്ലൈഡറിന്റെ കോക്പിറ്റില്‍ കയറിയിരിക്കുന്നതിനെക്കുറിച്ച് സങ്കല്‍പിക്കുക. ഗ്ലൈഡര്‍ പതിയെ ഉയരുമ്പോള്‍ ചുറ്റുമുള്ള അന്തരീക്ഷവും കാറ്റുമൊക്കെ നിങ്ങള്‍ക്ക് അറിയാനാകും. കൂടെ എന്‍ജിന്റെ മുഴക്കവും. കുറച്ച് പറന്ന ശേഷം ഗ്ലൈഡര്‍ സുരക്ഷിതമായി ഇറക്കാനും നിങ്ങള്‍ പഠിക്കും. 

ഗ്ലൈഡറില്‍നിന്ന് മിഗിലേക്ക്‌ പോകുമ്പോഴും ചെയ്യുന്നത് അത് പറപ്പിക്കുക എന്നതുതന്നെ. അതായത് അടിസ്ഥാനപരമായ കാര്യം രണ്ടിലും ഒന്നാണ്. ഗ്ലൈഡര്‍ പറപ്പിക്കാന്‍ സമയമെടുത്ത് നന്നായി പഠിച്ചാല്‍ അടിസ്ഥാനപരമായി മിഗും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പറഞ്ഞുവരുന്നത്. 

വലിപ്പമുള്ള, ശക്തിയും വേഗവുമേറിയ വിമാനത്തിലാണ് നിങ്ങളിരിക്കുന്നത് എന്ന ബോധം വേണമെന്നേയുള്ളു. ഗ്ലൈഡര്‍ ഒരു സ്റ്റാര്‍ട്ടപ്പാണെന്നു വിചാരിക്കുക. മിഗ് അതിന്റെ വലിയ മാനങ്ങളുള്ള യഥാര്‍ഥ കമ്പനിയാണ്. ഒരു സ്റ്റാര്‍ട്ടപ്പിന് മിഗ് പോലൊരു കമ്പനി സ്വപ്നമായിരിക്കാം. 

പക്ഷേ, ഗ്ലൈഡര്‍ പറപ്പിക്കാന്‍ മിഗിന്റെ സങ്കീര്‍ണതകള്‍ മനസിലാക്കേണ്ട കാര്യമില്ല. അതേസമയം വിമാനം പറപ്പിക്കുന്നതിന്റെ അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കിയേ തീരു. ഈ അടിസ്ഥാന വിവരങ്ങളുപയോഗിച്ച് നമുക്ക് ചുറ്റുമുള്ളവര്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു ഉല്പന്നത്തിന് രൂപം നല്‍കുന്നത് അതിശയകരമായ അനുഭവമാണ്. 

അതിലൂടെ നിരവധി കാര്യങ്ങളാണ് ഒരു വിദ്യാര്‍ഥി മനസിലാക്കുന്നത്. ഇനി ഉല്പന്നം പരാജയപ്പെട്ടെന്നുതന്നെ കരുതുക. പക്ഷേ നിങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മികച്ച അനുഭവങ്ങളായും വൈദഗ്ധ്യമായും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. 

ഇങ്ങനെ ആശയങ്ങള്‍ സൃഷ്ടിച്ച് എന്‍ജിനീയറിങ് പ്രക്രിയയിലൂടെ സ്വന്തം കഴിവും വൈദഗ്ധ്യവും പകര്‍ന്ന്  ഉല്പന്നങ്ങള്‍ക്ക് രൂപം നല്‍കുന്നത് ഒരു ടീമായിട്ടാണെങ്കില്‍ അതിന്റെ മെച്ചം ഒന്നു വേറെതന്നെയാണ്. 

ഈ ഉല്പന്ന നിര്‍മാണ പ്രക്രിയയും പ്രതികരണവും കൂടുന്നതനുസരിച്ച് സംരംഭകരുടെ നൈപുണ്യവും വര്‍ധിക്കും. വിദ്യാര്‍ഥി എത്രത്തോളം സമയവും പരിശ്രമവും ഇതിനുവേണ്ടി ഉഴിഞ്ഞുവയ്ക്കുന്നുവോ  അത്രത്തോളം നൈപുണ്യം വര്‍ധിക്കുമെന്നതാണ് സ്റ്റാര്‍ട്ടപ്പ് ഉല്പന്നങ്ങളുടെ പ്രത്യേകത. 

ജീവിതത്തിന്റെ ആരംഭകാലത്ത് ഒരു സ്റ്റാര്‍ട്ടപ്പ് ഉള്ളത് നേരത്തെ തന്നെ ഇത്തരത്തില്‍ നൈപുണ്യം ആര്‍ജിക്കുന്നതിനുള്ള അവസരം നല്‍കും. അങ്ങനെ നോക്കുമ്പോഴാണ് ആല്‍ഫാ പ്രോട്ടോടൈപ്പ് വളരുന്ന സ്റ്റാര്‍ട്ടപ്പിന്റെ വഴിയില്‍ നാഴികക്കല്ലായി മാറുന്നത്. 

ഇത്തരത്തില്‍ മൂന്നോ നാലോ ഉല്പന്നങ്ങള്‍ ചെയ്തുകഴിയുമ്പോള്‍ ആ വിദ്യാര്‍ഥി യഥാര്‍ഥ വിദഗ്ധനായി മാറുന്നു. ഈ ഘട്ടത്തിലാണ് ഭാവിയെക്കുറിച്ച് സ്വയം തീരുമാനങ്ങള്‍ എടുക്കേണ്ടിവരുന്നത്. നിങ്ങള്‍ക്ക് കൈമുതലായുള്ള എന്‍ജിനീയറിങ് വൈദഗ്ധ്യവും ഉല്പന്ന രൂപകല്പനയും ഉപയോഗിച്ച് സ്റ്റാര്‍ട്ടപ്പുമായി മുന്നോട്ടു പോകണോ അതോ നിങ്ങള്‍ സ്വായത്തമാക്കിയ ഈ കഴിവുകള്‍ മറ്റൊരു കമ്പനിക്ക് കൈമാറി അവിടെ നല്ലൊരു ജോലി നേടണോ എന്നാണ് തീരുമാനിക്കേണ്ടത്. 

ഈ കഴിവുകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് നിങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം ആറു ലക്ഷം മുതല്‍ 16 ലക്ഷം വരെ ശമ്പളം കിട്ടുന്ന ഒരു ജോലി സമ്പാദിക്കാന്‍ കഴിയും. പക്ഷേ സ്റ്റാര്‍ട്ടപ്പ് വൈദഗ്ധ്യമുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ നിങ്ങള്‍ക്കിഷ്ടമുള്ള വഴി തെരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു. വൈദഗ്ധ്യമില്ലാത്ത വിദ്യാര്‍ഥി കിട്ടുന്ന വഴിയേ പോകേണ്ടിവരുമെന്നര്‍ഥം.