അങ്കമാലി: സമൂഹം നേരിടുന്ന പ്രശ്‌നങ്ങളാണ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് തിരിച്ചറിവാകേണ്ടതെന്നും പ്രദേശം, ഭാഷ, ഉത്പന്നം, സേവനം, ആശയം എന്നിവ പരിമിതികളല്ലെന്നും വിജയം കൈവരിച്ചവര്‍ വിവരിച്ചപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് യുവസംരംഭകര്‍ക്ക് അതൊരു പുത്തന്‍ ഉണര്‍വായി. അനുകൂല സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ അഭിനവ സംരംഭകര്‍ തയ്യാറാവണമെന്ന് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ (കെ.എസ്.യു.എം.) സംഘടിപ്പിച്ച സ്റ്റാര്‍ട്ട് അപ് ഉച്ചകോടിയായ ഐ.ഇ.ഡി.സി.-2017 സമ്മേളനം ആഹ്വാനം ചെയ്തു.

പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള പരിമിതികളൊന്നും ബാധിക്കാത്ത മേഖലയാണിതെന്ന അവബോധമായിരുന്നു വിദ്യാര്‍ഥികളിലും നവ സംരംഭകരിലും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ് സമ്മേളനമായ ഐ.ഇ.ഡി.സി. വളര്‍ത്തിയെടുത്തത്. മൂവായിരത്തോളം സംരംഭകരും വിദ്യാര്‍ഥികളും മേളയില്‍ പങ്കെടുത്തു.

പത്തനാപുരം പോലുള്ള ചെറിയ പട്ടണത്തില്‍ മികച്ച ഐ.ടി. സംരംഭം പടുത്തുയര്‍ത്തിയ വരുണ്‍ ചന്ദ്രന്‍, ദാരിദ്ര്യംനിറഞ്ഞ ബാല്യത്തില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ഉപകരണങ്ങളുടെ ഉത്പാദകനായ ജോണ്‍ കുര്യാക്കോസ്, ചക്ക ഉത്പങ്ങള്‍ ലോകത്താകമാനം എത്തിച്ച ജെയിംസ് ജോസഫ്, ചായ്പാനി എന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപക ശ്രുതി ചതുര്‍വേദി എന്നിവര്‍ തങ്ങളുടെ അനുഭവ കഥ വിവരിച്ചു.

ഐ.ടി. പാര്‍ക്കുകളില്‍ മാത്രമേ വ്യവസായം വളരൂ എതിന് അപവാദമാണ് തന്റെ കോര്‍പ്പറേറ്റ് 360 എന്ന സംരംഭത്തിന്റെ വിജയമെന്ന് വരുണ്‍ പറഞ്ഞു.

സ്ഥിരോത്സാഹവും അനുയോജ്യമായ മേഖലയിലുള്ള അറിവുമാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന്്് ഡെന്റ് കെയര്‍ ഡെന്റല്‍ ലാബിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ് പറഞ്ഞു.

മൈക്രോസോഫ്റ്റിലെ ജോലി കളഞ്ഞ് ചക്കയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ട് അപ് ജാക്ക്ഫ്രൂട്ട് 365 തുടങ്ങിയ ജെയിംസ് ജോസഫിന്റെ അനുഭവ കഥയും വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രചോദനമായി. ഇന്ത്യയിലെ ആദ്യ ഇ വാണിജ്യ സംരംഭകന്‍ വൈത്തീശ്വരന്റെ പ്രഭാഷണം നവസംരംഭകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് നാളെയുടെ താരമെന്ന് ടെക്‌നോ പാര്‍ക്കിലെ ഫായ സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകന്‍ ദീപു എസ്. നാഥ് ചൂണ്ടിക്കാട്ടി.

സ്റ്റാര്‍ട്ട് അപ് മിഷന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം തുടങ്ങിയിട്ടുള്ള ഇരുനൂറോളം വിവിധ ഇന്നവേഷന്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സെന്ററുകളില്‍ (ഐ.ഇ.ഡി.സി.) നിന്നായി തിരഞ്ഞെടുത്ത 50 മാതൃകകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു.

വിദ്യാര്‍ഥികളില്‍ നൂതന ആശയങ്ങളും സംരംഭകത്വവും വളര്‍ത്തുതിന് എന്‍ജിനീയറിങ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലുള്ള വികസന കേന്ദ്രങ്ങളാണ് ഐ.ഇ.ഡി.സികള്‍.