startupഴിഞ്ഞ പ്രാവശ്യം ഈ പംക്തിയില്‍ സൂചിപ്പിച്ച വിഷയത്തില്‍നിന്നു തന്നെ തുടങ്ങാം. ഇത്തവണ കൂടുതല്‍ വിവരണം വേണ്ടിവരുന്നതിനു കാരണമുണ്ട്, പറയാന്‍ പോകുന്ന കാര്യങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. 

ആശയങ്ങള്‍ ഉല്പന്നങ്ങളായി മാറുകയും ഉല്പന്നങ്ങള്‍ ഉപഭോക്താക്കളെ തേടി പോകുകയും ചെയ്യുമ്പോള്‍ ആശയത്തിന്റെയും ഉല്പന്നത്തിന്റെയും ഭാവി നിശ്ചയിക്കുന്നത് ഉപഭോക്താവാണെന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ സ്റ്റാര്‍ട്ടപ്പിനു പ്രാണവായു നല്‍കുന്നത് ഉപഭോക്താക്കളാണ്. അവരില്ലെങ്കില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്നിടത്തുതന്നെ നില്‍ക്കും. 

സേവനമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കിലും ഈ സാഹചര്യം മാറാന്‍ പോകുന്നില്ല. ആ സേവനം പ്രയോജനപ്പെടുത്തേണ്ടത് ഉപയോക്താവാണല്ലോ. ആശയത്തെയും ഉല്പന്നത്തെയും കുറിച്ച് മനസില്‍ കണക്കുകൂട്ടുകയും സ്വപ്നങ്ങള്‍ കാണുകയും ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിനെക്കുറിച്ച് നന്നായി മനസിലാക്കിയിരിക്കണം.

നിങ്ങളുടെ ഉല്പന്നങ്ങളുടെ വിപണി വളരെ വലുതായിരിക്കാം. പക്ഷേ അവിടെ ഇതേ ഉല്പന്നങ്ങള്‍ നല്‍കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളും വന്‍ കമ്പനികളുമുണ്ടെങ്കില്‍ ഉപഭോക്താവിന്റെ എണ്ണത്തെക്കുറിച്ച് വീമ്പു പറഞ്ഞിട്ടു കാര്യമില്ല അപ്പോള്‍ പിന്നെ എന്താണ് ചെയ്യേണ്ടത്...? നിങ്ങളുടെ ഉല്പന്നം മറ്റുള്ളവയില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് എന്നു നോക്കുക. ഇവിടെയാണ് ഉപഭോക്താവിന്റെ ആവശ്യത്തെക്കുറിച്ച് മനസിലാക്കേണ്ടി വരുന്നത്. അവന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവ പരിഹരിക്കുന്ന തരത്തിലാണോ നിങ്ങള്‍ മുന്നോട്ടുപോകുന്നത് എന്നു നോക്കുക.   

ഉല്പന്നത്തിനായി നിങ്ങള്‍ എത്ര പണം ചെലവാക്കേണ്ടിവരുന്നു എന്നത് ഉപഭോക്താവിന്റെ വിഷയമല്ല. അതിനെക്കുറിച്ച് അയാളോട് വാചകമടിച്ചിട്ടു കാര്യവുമില്ല. ഉപഭോക്താവ് അയാള്‍ക്ക് ന്യായമെന്നു കരുതുന്ന തുക നിങ്ങള്‍ക്ക് നല്‍കുമ്പോള്‍  ആ പണം ഉപയോഗിച്ച് ഉല്പാദനച്ചെലവടക്കം നിറവേറ്റാന്‍ കഴിയുമോ എന്നതാണ് നിങ്ങളുടെ വിഷയം. വിപണിയുടെ മത്സരസ്വഭാവവും കൂടി കണക്കിലെടുത്ത് ഇത് രണ്ടും താരതമ്യപ്പെടുത്തി മാത്രമേ നിങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുകയുള്ളു. 

മൂന്നോ നാലോ ഉല്പന്നങ്ങള്‍ സൃഷ്ടിച്ചു കഴിയുമ്പോള്‍ ഈ പ്രക്രിയയുടെ  ഏകദേശരൂപം നിങ്ങള്‍ക്കു ലഭിക്കും. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് ഉല്പന്നങ്ങളില്‍ വരുത്തേണ്ടത്, അതിന് വേണ്ടിവരുന്ന ചെലവെത്ര എന്നുള്ളതൊക്കെ അപ്പോഴേയ്ക്കും നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. ഓരോ തവണയും ഇങ്ങനെ മാറ്റം വരുത്തുമ്പോള്‍ ബിസിനസിനെക്കുറിച്ചുള്ള യഥാര്‍ഥ രൂപം നിങ്ങളുടെ മനസില്‍തെളിയും. 

എങ്ങനെയാണ് ഒരു ടീമായി പ്രവര്‍ത്തിക്കേണ്ടത്, എങ്ങനെയാണ് ഉല്പന്നത്തിനുവേണ്ടി എന്‍ജിനീയറിങ് വികസിപ്പിക്കേണ്ടത്, എന്തുതരം രൂപകല്പനയാണ് വേണ്ടത്, ഉല്പാദനത്തിലേര്‍പ്പെടാന്‍ എന്തു നൈപുണ്യമാണ് നിങ്ങള്‍ക്കുള്ളത് തുടങ്ങിയവയെല്ലാം പരിഗണനയില്‍ വരും. 

ഇനി ഈ ഗുണങ്ങളെല്ലാമുണ്ടായിട്ടും നിങ്ങളുടെ സ്റ്റാര്‍ട്ടപ്പ് പരാജയപ്പെട്ടുവെന്നു കരുതുക. അവിടെയും വിഷമിക്കേണ്ട ആവശ്യമില്ല. ഉറപ്പായിട്ടും നല്ലൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. അവിടെ നിങ്ങള്‍ക്ക് എങ്ങനെയാണ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതെന്ന് മനസിലാക്കാന്‍ അവസരം ലഭിക്കും. 

വലുതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലുമാണ് നിങ്ങള്‍ ജോലി സ്വീകരിക്കുന്നതെങ്കില്‍ വളരെ കുറച്ചു മാത്രമേ പഠിക്കാന്‍ കഴിയുകയുള്ളു. കാരണം നിക്ഷേപത്തിന്മേലുള്ള വരവ് എന്തായിരിക്കുമെന്നതിലെ  (റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് -ആര്‍ ഒ ഐ) പത്ത് ചുവടുവയ്പുകളെക്കുറിച്ചെല്ലാം അവിടെ നേരത്തെതന്നെ കാര്യമായി വിലയിരുത്തിയിട്ടുണ്ടാകും. 

പത്തു കല്പനകള്‍ ഇവയാണ്

1. ആശയം
2. ആദ്യമാതൃക (പ്രോട്ടോടൈപ്പ്)
3. ആദ്യ ഉപഭോക്താക്കള്‍ 
4. അടുത്ത ഘട്ട ഉപഭോക്താക്കളെ കാര്യക്ഷമമായി കൂട്ടിച്ചേര്‍ക്കല്‍
5. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തല്‍  
6. പ്രവര്‍ത്തനലാഭവും നഷ്ടവും തുല്യമാക്കല്‍  
7. ബിസിനസ് ലാഭം
8. മത്സരത്തില്‍നിന്ന് ലാഭത്തെ പ്രതിരോധിക്കല്‍
9. ബിസിനസ് നിക്ഷേപം തിരിച്ചെടുക്കല്‍
10. ഓഹരിയുടമകളുടെ നിക്ഷേപം തിരിച്ചുനല്‍കല്‍

വേഗത്തില്‍ വളരുന്ന കമ്പനികളാണെങ്കില്‍ നിങ്ങള്‍ ആര്‍ ഒ ഐയുടെ നാലു മുതുല്‍ പത്തുവരെയുള്ള കാര്യങ്ങള്‍ പഠിക്കും. ഈ കമ്പനികളുടെ സ്ഥാപകര്‍ എങ്ങനെയാണ് ബിസിനസ് വളര്‍ത്തുന്നതെന്ന് മനസിലാക്കാനും കഴിയും. ഈ പത്ത് ചുവടുകളും എങ്ങനെയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് പഠിച്ചുകഴിഞ്ഞാല്‍ ജീവിതത്തില്‍ ഏതു കാലത്തായാലും നിങ്ങള്‍ക്ക് സ്വന്തം ബിസിനസ് കെട്ടിപ്പടുക്കാനാവും. 

നമുക്കു ചുറ്റുമുള്ള ലോകത്തില്‍ പരിഹരിക്കപ്പെടാനാവാത്ത പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. അവ പരിഹരിക്കാന്‍ ധാരാളം ആശയങ്ങളുമുണ്ടാകും. 1990ല്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ അവസരങ്ങള്‍ രണ്ടായിരാമാണ്ടില്‍ ഉറപ്പായും ഉണ്ടായിരുന്നു. 2010 ആയപ്പോഴേയ്ക്കും ഈ അവസരങ്ങള്‍ പിന്നെയും വര്‍ധിച്ചു. വരും വര്‍ഷങ്ങളിലെല്ലാം ഈ വര്‍ധനയുണ്ടാകും. നിങ്ങള്‍ക്ക് പുതിയ പുതിയ കമ്പനികള്‍ക്ക് രൂപം നല്‍കാനാവുകയും ചെയ്യും. 

സ്വാഭാവികമായും ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്

  • നിക്ഷേപത്തിന്മേലുള്ള വരവുമായി ബന്ധപ്പെട്ട പത്തുകാര്യങ്ങളെക്കുറിച്ചുള്ള വിജ്ഞാനവും വൈദഗ്ധ്യവും നൈപുണ്യവും നിങ്ങള്‍ക്ക് വേണ്ടതുണ്ടോ?
  • നിങ്ങളുടെ ജീവിതകാലത്ത് സ്വന്തം സൃഷ്ടിക്ക് ഒരിക്കലെങ്കിലും ജീവന്‍ നല്‍കുന്ന സ്രഷ്ടാവാകാന്‍ ആഗ്രഹമുണ്ടോ?
  • വയസാകുമ്പോള്‍, ജീവിതത്തില്‍ ഇതുവരെ ഞാന്‍ റിസ്‌ക് എടുത്തിട്ടില്ലെന്ന് നിങ്ങള്‍ക്ക് ഒരിക്കലും പശ്ചാത്തപിക്കേണ്ടതില്ലാത്ത വിധം നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങള്‍ ഒരിക്കലെങ്കിലും പരിശ്രമിക്കേണ്ടതല്ലേ?  

ഈ മൂന്നു ചോദ്യങ്ങളില്‍ ഒന്നിനെങ്കിലും യെസ് എന്നതാണ് ഉത്തരമെങ്കില്‍ എസ്‌വി.കോ (SV.CO) എന്ന സ്രഷ്ടാക്കളുടെ കൂട്ടായ്മയാണ് നിങ്ങള്‍ക്ക് പറ്റിയ സ്ഥലം. ഈ കൂട്ടായ്മയുടെ ഭാഗമായി നിങ്ങള്‍ മാറിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കുള്ളിലെ അധ്യാപകനെ സ്വാധീനിച്ച് അറിവു വര്‍ദ്ധിപ്പിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് മനസിലാക്കണം. ഈ സ്വാധീനം സൃഷ്ടിക്കുന്ന കൂട്ടായ്മയാണ് എസ്‌വി.കോയില്‍ ഞങ്ങളുടെ ലക്ഷ്യം. 

സത്യം പറഞ്ഞാല്‍ ഇവിടെ നിങ്ങള്‍ പഠിക്കുന്നതെല്ലാം നിങ്ങള്‍ സ്വന്തമായി പഠിക്കുന്നതാണ്. ആരും പഠിപ്പിക്കുന്നതല്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന അറിവ് നിങ്ങളുടെ ഉള്ളില്‍തന്നെയുള്ളതാണ്. അത് നിങ്ങള്‍ മനസിലാക്കുന്നുവെന്നേയുള്ളു. 

അതുകൊണ്ട് ദിവസവും പ്രാക്ടീസ് ചെയ്യുക. മറ്റുള്ളവര്‍ എങ്ങനെയാണ് അവരുടെ ദിവസം കണ്ടുപിടിച്ചതെന്നറിയാന്‍ ധാരാളം വായിക്കുക. ഉറപ്പായും നിങ്ങള്‍ എന്ന സ്രഷ്ടാവ് വിജയിക്കും.  ഒറ്റയ്‌ക്കോ മറ്റുള്ളവരുമായി ചേര്‍ന്നോ ഈ ലോകത്തിനുവേണ്ട എന്തെങ്കിലും പുതിയത് കണ്ടുപിടിച്ചിരിക്കും.

വിജയാശംസകള്‍.