startupതിരുവനന്തപുരം: പഠനം കഴിഞ്ഞാലുടനെ ജോലി തേടി നടക്കുന്ന പഴയ സംസ്‌കാരത്തില്‍നിന്ന് യുവാക്കള്‍ മാറിക്കഴിഞ്ഞു. സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റുന്നതിനായി വിദ്യാര്‍ഥികളടക്കമുള്ളവര്‍ മുന്നോട്ടുവരുന്നു. കോളേജുകളില്‍തന്നെ ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ഒരുക്കി സര്‍ക്കാരും ഇവര്‍ക്ക് പിന്തുണ നല്‍കുന്നു.

അയ്യായിരത്തോളംപേര്‍ക്ക് കേരളത്തിലാരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ജോലി നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്. ഇരുനൂറിലേറെ കമ്പനികള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഒട്ടേറെ കമ്പനികളെ ആഗോള ഐ.ടി. കമ്പനികള്‍ ഏറ്റെടുക്കുകയുംചെയ്തു.

ആശയങ്ങളുമായി വരാം, ഉത്പന്നങ്ങളുമായി മടങ്ങാം

സാങ്കേതികമേഖലയിലെ മൗലികമായ ആശയങ്ങളാണ് തുടക്കക്കാരുടെ ആദ്യ മൂലധനം. ഈ ആശയങ്ങള്‍ ഉത്പന്നങ്ങളായി മാറ്റുന്നതിനുള്ള സഹായങ്ങളാണ് ഇന്‍ക്യുബേറ്ററുകളില്‍നിന്ന് ലഭിക്കുന്നത്. സാങ്കേതികപിന്തുണ, സ്ഥലം, മറ്റുസൗകര്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇപ്പോള്‍ സാമ്പത്തിക സഹായവും ലഭിക്കും. അഞ്ചുലക്ഷം രൂപവരെ സര്‍ക്കാരില്‍നിന്നും 25 ലക്ഷം രൂപവരെ കെ.എസ്.ഐ.ഡി.സി.യില്‍നിന്നും വായ്പ ലഭിക്കും.

തുടക്കം

2002-ല്‍ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ എന്ന പേരിലാണ് ടെക്‌നോപാര്‍ക്ക് പുതിയ കമ്പനികളെ സഹായിക്കാനുള്ള ആദ്യപദ്ധതി തുടങ്ങുന്നത്. തുടക്കത്തില്‍ സ്വന്തമായി ഒരുസ്ഥാപനം തുടങ്ങാന്‍ പലരും മടിച്ചു. കമ്പനികളില്‍നിന്നും രാജിവെച്ച് പുറത്തുവന്നവരാണ് ആദ്യ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയത്. 2005-ല്‍ സ്ഥാപനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കിട്ടി. തുടര്‍ന്ന് ഇന്‍ക്യുബേറ്റര്‍ അധികൃതര്‍ കോളേജുകളുമായി സഹകരിച്ച് വിദ്യാര്‍ഥികളെ സംരംഭകരാക്കി മാറ്റാനുള്ള പദ്ധതി തയ്യാറാക്കി. 2014-ല്‍ സര്‍ക്കാര്‍ ഇതിനെ സ്റ്റാര്‍ട്ടപ്പ് മിഷനാക്കി മാറ്റി.

സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും

വിദ്യാലയങ്ങളില്‍നിന്നുതന്നെ സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കിവരുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തി അഞ്ഞൂറോളം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പദ്ധതി ആരംഭിച്ചു. എട്ടുമുതല്‍ 12-ാം ക്ലാസ് വരെയുള്ള 13,0000 വിദ്യാര്‍ഥികള്‍ക്ക് പരീശീലനം നല്‍കി.
 
കമ്പ്യൂട്ടര്‍ കോഡിങ്ങിന്റെ ആദ്യപരിശീലനം നല്‍കുന്ന 10,000 റാസ്ബറി പൈ കിറ്റുകള്‍ വിതരണംചെയ്തു. 10,000 എണ്ണം വിതരണത്തിന് തയ്യാറാണ്. 187 കോളേജുകളിലായി 200 സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററുകള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് മൗലികാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സഹായമായി നാലുകോടിരൂപയും നല്‍കി.
 
അരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ സംരംഭകപദ്ധതിയുടെ ഭാഗമായിട്ടുള്ളത്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലും ബിസിനസ് ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നിക്ഷേപങ്ങള്‍ വരുന്നു,പേറ്റന്റുകളും

സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപം നടത്താന്‍ പ്രവാസിമലയാളികളടക്കം പലരും മുന്നോട്ടുവരുന്നുണ്ട്. കൂടുതല്‍ പേറ്റന്റുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കമ്പനികളിലേക്ക് നിക്ഷേപം എത്തിക്കുകയുമാണ് ഇപ്പോഴത്തെ ലക്ഷ്യം. 263 കോടി രൂപയാണ് 2015-2016 വര്‍ഷം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാരില്‍നിന്നും നിക്ഷേപമായി കിട്ടിയത്.

പ്രൊഫൗണ്ടിസ് എന്ന കമ്പനി നാല് എന്‍ജിനീയറിങ് ബിരുദധാരികള്‍ ചേര്‍ന്നുതുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളാണ്. ഇപ്പോള്‍ നൂറ്റിയന്‍പതോളം പേരാണ് ജോലി ചെയ്യുന്നത്. മോക്മി, വൈ.എസ്.സി. എന്‍ജിനീയറിങ്, എ.ആര്‍.സോഫ്‌റ്റ്വേര്‍ സൊല്യൂഷന്‍സ്, ഫല്‍പ്പ് ടെക്‌നോളജീസ്, ഗ്രിഡ് ഡിസൈന്‍ തുടങ്ങി മികച്ച വിജയം നേടിയ കമ്പനികളുടെ പട്ടിക ഏറെയുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്ഥാപനങ്ങളില്‍നിന്ന് കിട്ടിയ നിക്ഷേപം

2014 - 95 ലക്ഷം

2015 - 1.96 കോടി

2016 (ജൂണ്‍വരെ) - 1.57 കോടി


വിവരങ്ങള്‍ക്ക് കടപ്പാട്
  • അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
  • കെ.സി. ചന്ദ്രശേഖരന്‍ നായര്‍, മുന്‍ മാനേജിങ് ഡയറക്ടര്‍, ടെക്‌നോപാര്‍ക്ക് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍