സ്വപ്നങ്ങൾ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. എങ്കിൽ, വിമൽ ഗോവിന്ദന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചത് പട്ടാളക്കാരനായ അച്ഛനെ അറിയാൻ തുടങ്ങിയതുമുതലാണ്. അച്ഛനെ തന്റെ ഹീറോയാക്കിയ വിമലിന് അച്ഛനെ പോലെ പട്ടാളത്തിൽ ചേരണമെന്നായിരുന്നു ആഗ്രഹം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളായി പിന്നീട്. അതിനിടെ, എൻജിനീയറിങ് പഠനം പൂർത്തിയാക്കി.

അപ്പോഴും പട്ടാളമോഹങ്ങൾ പൂവണിഞ്ഞില്ല. എങ്കിലും തന്റെ കഴിവുകൾ പട്ടാള മേഖലയ്ക്കായി ഉപയോഗിച്ചിരിക്കുകയാണ് ഈ പാലക്കാട്ടുക്കാരൻ. ‘ജെന്റോ ബോട്ടിക്സ്’ എന്ന കമ്പനിയുടെ സാരഥിയായ വിമലും കൂട്ടുകാരും ഇപ്പോൾ പട്ടാളക്കാർക്കായി റോബോട്ട് നിർമിച്ചുകൊണ്ടിരിക്കുകയാണ്. 

കുറ്റിപ്പുറത്ത്‌ എം.ഇ.എസ്. കോളേജിൽ നിന്ന്‌ പഠനം പൂർത്തിയാക്കി പലവഴിക്ക് ഇറങ്ങിയ കൂട്ടുകാർ ഒന്നിച്ചുചേർന്നപ്പോഴാണ് ജെന്റോ ബോട്ടിക്സിന് ജീവൻ വച്ചത്. വിമലിനെ കൂടാതെ നിഖിൽ, അരുൺ, റാഷിദ് എന്നിവരുമാണ് കമ്പനിയുടെ തുടക്കക്കാർ. ഇപ്പോൾ ഒൻപതു പേരാണ് കമ്പനിയിലുള്ളത്. കൂട്ടുകാരുടെ സ്വപ്നവും പട്ടാളത്തിൽ ചേരുക എന്നതു തന്നെയായിരുന്നു. അത് യാഥാർഥ്യമായില്ലെങ്കിലും തങ്ങളുടെ കഴിവുകൾ പട്ടാളവുമായി ബന്ധിപ്പിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് റോബോട്ടിക് നിർമാണം ആരംഭിച്ചത്. 

ആദ്യമായി നിർമിച്ച വമ്പൻ റോബോട്ട് കോളേജിൽ അവതരിപ്പിച്ചു. ഇത് ഹിറ്റായതോടെ ആവശ്യം അറിയിച്ച് പട്ടാളത്തിൽ നിന്ന്‌ ഓർഡർ ലഭിച്ചിരിക്കുകയാണ് ഈ മിടുക്കൻമാർക്ക്. കോളേജിൽ നിന്നു ലഭിച്ച ഫണ്ടും സ്വന്തം മുൽമുടക്കുമാണ് നിർമാണത്തിനായി ഇവർ ഉപയോഗിച്ചത്.

പട്ടാളക്കാരുടെ ബാക്ക്പാക്കും വലിയ ഭാരമുള്ള തോക്കുകളും കൊണ്ടുപോകുന്നതു മുതൽ ഭക്ഷണ സാധനങ്ങൾ വിവിധയിടങ്ങളിൽ എത്തിക്കുന്നതിനു വരെ ഈ റോബോട്ടിനെ ഉപയോഗപ്പെടുത്താം. ഇത് ഉപയോഗിക്കുമ്പോൾ ഭാരം അറിയുകയുമില്ല.

‘‘അയൺമാൻ സിനിമയുടെ വലിയ ആരാധകനാണ് ഞാൻ. അതൊരു പ്രചോദനമാണ്. വലിയ ഒരു പ്രോജക്ടാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്. ‘പവർ എക്സോ സ്കെൽറ്റൺ’ 
എന്ന റോബോട്ടാണ് ഞങ്ങൾ വികസിപ്പിക്കുന്നത്’’ -വിമൽ പറഞ്ഞു.

പട്ടാളത്തിനു മാത്രമല്ല നിർമാണ മേഖലയിലും മെഡിക്കൽ മേഖലയിലും ഉപയോഗിക്കാവുന്ന രീതിയിലും റോബോട്ട് നിർമിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നിർമാണ മേഖലയിൽ നിന്ന് ഓർഡർ ഇതിനോടകം വന്നുകഴിഞ്ഞു. തായ്‌വാനിലെ മെഡിക്കൽ മേഖലയ്ക്കായുള്ള റോബോട്ട് നിർമിച്ചുവരികയാണ്. അഞ്ചു മുതൽ ആറു ലക്ഷം രൂപ വരെയാണ് ഇതിന്റെ വികസനത്തിനായി ഇവർക്ക് ചെലവു വന്നത്.

2015-ൽ സ്റ്റുഡന്റ് സ്റ്റാർട്ടപ്പായി ആരംഭിച്ച കമ്പനിക്ക് ഇപ്പോൾ തിരുവനന്തപുരം, തായ്‌വാൻ, കൊച്ചി എന്നിവിടങ്ങളിലാണ് ഓഫീസുള്ളത്.