കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളില്‍ യുവസംരംഭകരുടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രത്യേകപരിഗണന. സ്വയംതൊഴില്‍ സംരംഭം, വരുമാനവര്‍ധനാ സംരംഭം എന്നിവയ്ക്കായി മൂലധന സബ്‌സിഡി നല്‍കുന്നത് വികസനനേട്ടമുണ്ടാക്കുന്നില്ലെന്ന് കണ്ടതിനാലാണ് പുതിയ നിര്‍ദേശം. തദ്ദേശസ്ഥാപനം അംഗീകരിക്കുന്ന സംരംഭങ്ങള്‍ക്ക് എടുക്കുന്ന വായ്പയുടെ പലിശ തദ്ദേശവകുപ്പ് നല്‍കുമെന്ന് ഏപ്രില്‍ മൂന്നിന്റെ ഉത്തരവില്‍ പറയുന്നു.

ജനകീയാസൂത്രണം തുടങ്ങിയതുമുതലുള്ള അനുഭവം പരിഗണിച്ച് സബ്‌സിഡി, സംരംഭകത്വ പ്രോത്സാഹനം എന്നിവയില്‍ മാറ്റംവരുത്തി പുതിയ മാര്‍ഗരേഖ തയ്യാറാക്കി. വ്യക്തികളോ സംഘങ്ങളോ തുടങ്ങുന്ന ഉത്പാദന-വിപണന സംരംഭങ്ങള്‍ക്ക് മൂലധന സബ്‌സിഡിക്കുപകരം പലിശ സബ്‌സിഡിയും റിവോള്‍വിങ് ഫണ്ടും നല്‍കുംവിധമാണ് മാറ്റം. മറ്റുള്ളവരെ ജോലിക്കുനിര്‍ത്തി പ്രവര്‍ത്തിപ്പിക്കുന്ന ചെറുകിട വ്യവസായ -വാണിജ്യ സംരംഭങ്ങള്‍ക്കും ഇതേ മാതൃകയില്‍ പ്രോത്സാഹനം നല്‍കും.

18 മുതല്‍ 50 വയസ്സുവരെയുള്ള വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ സ്റ്റാര്‍ട്ടപ്പ് സംരംഭം തുടങ്ങാന്‍ അപേക്ഷിക്കാം. കൃഷി, മൃഗസംരക്ഷണം, ചെറുകിടവ്യവസായം, മത്സ്യസംസ്‌കരണം, സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കല്‍, പോളിഹൗസ് തുടങ്ങിയ വിഭാഗത്തില്‍ പദ്ധതിനിര്‍ദേശം നല്‍കാം. ഗ്രാമപ്പഞ്ചായത്തില്‍ അഞ്ചുലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തില്‍ 10 ലക്ഷം, ജില്ലാ പഞ്ചായത്തില്‍ 10 ലക്ഷത്തിനു മുകളില്‍ എന്നിങ്ങനെയാണ് പദ്ധതി സ്വീകരിക്കുക.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതിയാണ് ജില്ലാതലത്തിലെ സംരംഭത്തിന് അംഗീകാരം നല്‍കുക. പദ്ധതിയുടെ അടങ്കല്‍തുകയുടെ 10 ശതമാനം റിവോള്‍വിങ് ഫണ്ടായി നല്‍കും. പഞ്ചായത്തില്‍ 50,000 രൂപയും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും മൂന്നുലക്ഷം വരെയും ജില്ലാപഞ്ചായത്തിലും കോര്‍പ്പറേഷനിലും അഞ്ചുലക്ഷം വരെയുമാണ് റിവോള്‍വിങ് ഫണ്ടായി നല്‍കുക. ഇത് പലിശയില്ലാതെ നിശ്ചിത കാലാവധിക്കകം തിരിച്ചടയ്ക്കണം.

വ്യക്തിയോ സംഘമോ തയ്യാറാക്കുന്ന പദ്ധതിരേഖ വിദഗ്ധസമിതി പരിശോധിക്കുന്നതിന് പ്രോജക്ട് ക്ലിനിക്ക് സംവിധാനമുണ്ടാക്കും. പദ്ധതി പരിശോധിച്ച് സമിതി അനുകൂലതീരുമാനമെടുത്താല്‍ തദ്ദേശ സ്ഥാപനം സംരംഭകനുമായി കരാര്‍വെയ്ക്കും. പൊതുധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭ്യമാക്കേണ്ടത് സംരംഭകന്റെ സ്വന്തം ഉത്തരവാദിത്വമാണ്. പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടെ റിവോള്‍വിങ് ഫണ്ട് നല്‍കും. ബാങ്ക് വായ്പയുടെ പലിശ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനം നല്‍കും.

പുതുതായി നടപ്പാക്കുന്ന പദ്ധതിയായതിനാല്‍ പലിശ നല്‍കുന്നതിനുള്ള ഫണ്ട് തദ്ദേശസ്ഥാപനങ്ങള്‍ ഈ വര്‍ഷം വകയിരുത്തിയിട്ടില്ല. അത് 2018-19ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. റിവോള്‍വിങ് ഫണ്ടിന്റെയും വായ്പയുടെയും ഗഡുക്കള്‍ കൃത്യമായി അടയ്ക്കുന്ന സംരംഭകരുടെ പലിശ പഞ്ചായത്ത്/നഗരസഭ ബാങ്കില്‍ അടയ്ക്കും.