തിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ ഐ.ടി. മേഖലയിലുണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. ഇന്ത്യയിൽ ഈ മേഖലയിലെ തൊഴിൽപ്രതിസന്ധിക്കും പ്രധാന കാരണം ഇതാണ്. വേണ്ടത്ര മുൻകരുതൽ എടുത്തില്ലെങ്കിൽ ഇപ്പോൾ ഐ.ടി. മേഖലയിൽ ഇന്ത്യയ്ക്കും കേരളത്തിനുമുള്ള മുൻതൂക്കം നഷ്ടപ്പെടാനിടയുണ്ട്. 

2017 ഐ.ടി. മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാന വർഷമായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ പത്ത് മുൻഗണനാമേഖലകളിൽ ഒന്നുപോലും ഇക്കൊല്ലത്തെ ആഗോളപട്ടികയിൽ കാണാനില്ല. ഇതൊക്കെ മുൻകൂട്ടി കാണാൻ കഴിയാത്തതാണ് നമുക്ക് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.

Read : പണിയറിയാമോ...? ആരും പിരിച്ചുവിടില്ല

ഐ.ടി. കമ്പനികളുടെ ദേശീയ ഏകോപന സ്ഥാപനമായ നാസ്‌കോം, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഐസിഫോസ്, കേരള സ്റ്റാർട്ടപ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ജൂലായ്‌ അഞ്ചിനാണ് ടെക്‌നോപാർക്കിൽ ഡിസ്‌റപ്റ്റ് കേരള-17 എന്ന പേരിൽ ചർച്ച സംഘടിപ്പിക്കുന്നത്. ഡാറ്റ മാനേജ്‌മെന്റ്, ബ്ലോക്‌ചെയിൻ ടെക്‌നോളജി, മെഷീൻ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, യൂസർ എക്‌സ്പീരിയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് മിക്‌സഡ് റിയാലിറ്റി തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയ്ക്ക് വിധേയമാകുന്നത്. ഇതോടനുബന്ധിച്ച് ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട എൻജിനീയറിങ്‌ മേഖലയായ ബയോണിക്സ്, മോസിലയുടെ സോഫ്റ്റ്‌വേറായ റസ്റ്റ് തുടങ്ങിയവയെക്കുറിച്ചുള്ള ശില്പശാലകളും നടക്കും. ഐ.ടി. സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാരിന്റെയും പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കും. 

ഈ പോരായ്മ പരിഹരിക്കുന്നതിനുള്ള അക്കാദമിക് ചർച്ചകളൊന്നും കേരളത്തിൽ നടക്കാറില്ല. ഇന്ത്യയിൽതന്നെ ഹൈദരാബാദിലും ബാംഗ്ലൂരിലുമൊക്കെയായി ഇത് ഒതുങ്ങും. അതിന്റെ ഫലമനുഭവിക്കുന്നതാകട്ടെ പുതിയ തലമുറയും. ഗൾഫിലും അമേരിക്കയിലുമടക്കം നഷ്ടപ്പെടുന്ന തൊഴിലവസരങ്ങളുടെ കൂടെ നമ്മുടെ ഐ.ടി. പ്രതിസന്ധി കൂടിയായാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഗുരുതരമാണ്.

സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നയിച്ചേക്കാവുന്ന ഈ സാഹചര്യം ആരും  ഗൗരവത്തോടെ കണക്കിലെടുത്തിട്ടില്ലെന്നതാണ് സത്യം.  ഐ.ടി.യിൽ രണ്ടുവർഷത്തിനപ്പുറം ഒരു സാങ്കേതികവിദ്യയ്ക്കും ആയുസില്ലെന്നാണ് കരുതപ്പെടുന്നത്. ഈ കാലദൈർഘ്യം പോലും ഇപ്പോൾ കുറഞ്ഞുവരുന്നു. നാലുവർഷത്തെ എൻജിനീയറിങ്‌ കോഴ്‌സ് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർഥിക്ക് പുത്തൻ സാങ്കേതികവിദ്യയെക്കുറിച്ച് ഒരു വിവരവുമുണ്ടാവില്ലെന്ന് പറയാനുള്ള കാരണം ഇതാണ്. ജോലി കിട്ടിയാലും എപ്പോഴും പുതിയ സാങ്കേതികവിദ്യകൾ പഠിച്ചുകൊണ്ടേയിരിക്കണം.

മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യശേഷി മാറാത്തതാണ് തൊഴിലവസരങ്ങൾ കുറയാനുള്ള പ്രധാന കാരണം. ഐ.ടി. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പുതുതായൊന്നും പഠിക്കാൻ തയ്യാറാകുന്നില്ല. സ്ഥാപനങ്ങൾ അവർക്ക് അതിനുള്ള അവസരം നൽകുന്നുമില്ല. പെട്ടെന്ന് മാറ്റങ്ങളുണ്ടാകുമ്പോഴാണ് സ്ഥാപനങ്ങൾക്ക് ബോധോദയം ഉണ്ടാകുന്നത്. അപ്പോഴേയ്ക്കും വൈകിപ്പോയിരിക്കും. പിന്നെ പരിശീലനത്തിനോ നൈപുണ്യവത്‌കരണത്തിനോ സമയമില്ല. പിരിച്ചുവിടലാണ് ഒറ്റമൂലി. ആഗോളാടിസ്ഥാനത്തിൽ ഇതല്ല സ്ഥിതി. അവിടെ വിദ്യാഭ്യാസമേഖലയും തൊഴിൽമേഖലയും മാറ്റങ്ങൾക്കനുസരിച്ച് വളരുന്നു.

Read: ഐടിയിലെ പിരിച്ചുവിടല്‍; തൊഴില്‍ മികവ് വര്‍ധിപ്പിക്കണമെന്ന് - നാസ്‌കോം

മാറ്റങ്ങൾക്കനുസരിച്ച് പരിശീലനങ്ങൾ ഉണ്ടാകാത്തതിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുന്നത് ഇന്ത്യയിലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ടെക്നോപാർക്കിൽ ഐ.ടി. മേഖലയിലെ മാറ്റങ്ങൾ ചർച്ച ചെയ്യുന്ന കൂട്ടായ്മയാണ് ഫായപോർട്ട്-80. അവരുടെ അൻപതാമത്തെ സമ്മേളനം സാങ്കേതികവിദ്യയുടെ മാറ്റം തൊഴിൽമേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.