രു തക്കാളിയുടെ ഫോട്ടോ എടുത്താൽ അതുകൊണ്ടുണ്ടാക്കാവുന്ന ഭക്ഷണങ്ങളുടെ പാചകക്കുറിപ്പ് മൊബൈൽ ആപ്പ് വഴി കിട്ടിയാലോ? കിടിലൻ ഐഡിയ അല്ലേ. കൊച്ചിയിലെ അവിവാഹിതരായ ഒരുകൂട്ടം ചെറുപ്പക്കാർ ചെയ്തത് അതാണ്. പെട്ടെന്നൊരു ദിവസം പാചകക്കാരൻ വന്നില്ല.

അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന പാചകക്കുറിപ്പിനായി നെറ്റ് മുഴുവൻ പരതി. നോ രക്ഷ. അങ്ങനെയാണ് നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് ‘റെസീപി ബുക്ക്’ എന്ന മൊബൈൽ ആപ്പ് ഇറങ്ങുന്നത്. 29 ലക്ഷം ഡൗൺലോഡുമായി ആപ്പ് മുന്നേറുകയാണ്.  

ചെന്നുപെട്ടത് സ്റ്റാർട്ടപ്പ് വില്ലേജിൽ

കോലഞ്ചേരി സ്വദേശി അനൂപ് ബാലകൃഷ്ണൻ (ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ), തൃശ്ശൂർ സ്വദേശി നിഖിൽ ധർമൻ (ചീഫ് ടെക്‌നോളജി ഓഫീസർ), മൂവാറ്റുപുഴ സ്വദേശി അരുൺ രവി (ചീഫ് മാർക്കറ്റിങ് ഓഫീസർ). ഇവരുടെ നേതൃത്വത്തിലുള്ള അഗ്രിമ ഇൻഫോടെകാണ് ആപ്പിന്റെ നിർമാതാക്കൾ. കൊച്ചി എസ്‌.എൻ. ഗുരുകുലം എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ ഇവർ സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ലക്ഷ്യത്തോടെ 2011-ൽ ബിരുദം പൂർത്തിയാക്കി.

google launchpad accelerator

വേറിട്ട ആശയങ്ങളുമായി അവസാനം ചെന്നുപെട്ടത് കൊച്ചിയിലെ സ്റ്റാർട്ടപ്പ് വില്ലേജിൽ. അന്നത്തെ സ്റ്റാർട്ടപ്പ് വില്ലേജ് സി.ഇ.ഒ. സിജോ കുരുവിള ജോർജാണ് എല്ലാ സഹായവും പിന്തുണയും നൽകി തങ്ങളുടെ ജീവിതം മാറ്റിമറിച്ചതെന്ന് അനൂപ് പറയുന്നു. കൂടാതെ കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻക്യുബേഷന്റെ ഭാഗമായി. ആശയങ്ങൾ നടപ്പാക്കാനുള്ള സൗകര്യങ്ങൾ ലഭിച്ചതോടെ മുന്നേറ്റം വേഗത്തിലായിരുന്നു. ഏഴുവർഷംകൊണ്ട് ലോകത്തിലെ മുൻ നിര ആപ്പുകളിൽ ഒന്നായി ‘റെസീപി ബുക്ക്' മാറി. 

നിർമിതബുദ്ധി 

മനുഷ്യനെപോലെ കംപ്യൂട്ടറും ചിന്തിക്കുന്നതാണ് നിർമിതബുദ്ധി. ഒരു കുട്ടിയെ പഠിപ്പിച്ചെടുക്കുന്നതുപോലെ കംപ്യൂട്ടറിനെയും പഠിപ്പിക്കുന്നു. ഡീപ്പ് ലേണിങ് കംപ്യൂട്ടർ വിഷന്റെ സഹായത്തോടെയാണിത് പ്രവർത്തിക്കുന്നത്. ഫോട്ടോകളെല്ലാം സേവ് ചെയ്ത് അതിനനുസരിച്ച് ഒരു പ്രോഗ്രാം തയ്യാറാക്കുന്നു. തക്കാളിയുടെ വിവിധ ചിത്രങ്ങൾ കംപ്യൂട്ടറിന് നൽകി അതിന്റെ സ്വഭാവവും മറ്റു കാര്യങ്ങളും നൽകുന്നു. പിന്നീട് തക്കാളിയുടെ ചിത്രങ്ങൾ ലഭിക്കുമ്പോൾ കംപ്യൂട്ടർ അത് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് കാര്യങ്ങൾ രൂപപ്പെടുത്തി ഉപഭോക്താവിന് നൽകുന്നു.

ആപ്പ് ഉപയോഗിച്ച് വീട്ടിലെ ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന സാധനങ്ങളുടെ ഫോട്ടോ എടുക്കുക. ഉടനെ എടുത്ത ഫോട്ടോയിൽ കാണുന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഭക്ഷണങ്ങളുടെ പാചകക്കുറിപ്പ് ആപ്പ് നൽകും. ആപ്പിലെ ഷെയ്‌ക്ക്‌ ആൻഡ് മെയ്‌ക്ക്‌ സംവിധാനത്തിലൂടെ മൂന്ന് പച്ചക്കറികളുടെ ഫോട്ടോ എടുത്ത് ഷെയ്‌ക്ക്‌ ചെയ്താൽ ഫോട്ടോ എടുത്ത സാധനങ്ങൾ ഉപയോഗിച്ച്  ഇഷ്ടമുള്ള ഭക്ഷണത്തിന്റെ പാചകക്കുറിപ്പ്‌ തരും. ആപ്പ് ഉപയോഗിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾ സേവ് ചെയ്തുവയ്ക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഷെയ്‌ക്ക്‌ ആൻഡ് മെയ്‌ക്കിന്റെ പ്രവർത്തനം. പാചകക്കുറിപ്പുകൾ ലഭിക്കുന്ന ഒട്ടേറെ ആപ്പുകളുണ്ട്. എന്നാൽ വേറിട്ട ആശയമാണ് ഇവിടെ വിജയിച്ചത്. 

 മുന്നേറാൻ ഗൂഗിൾ ലോഞ്ച്പാഡ് 

ആപ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതോടെ 2016 ഏപ്രിലിൽ ഗൂഗിളിന്റെ എഡിറ്റേഴ്‌സ് ചോയ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ മികച്ച ആപ്പുകളിൽ അഞ്ചെണ്ണത്തിൽ ഒന്നായി 2016-ൽ ഇന്ത്യയൽനിന്ന് റെസീപി ബുക്കിനെ ഗൂഗിൾ തിരഞ്ഞെടുത്തു. വളർന്ന സ്റ്റാർട്ടപ്പുകൾക്ക് വിജയകരമായി മുന്നേറാനുള്ള ഗൂഗിളിന്റെ പദ്ധതിയാണ് ലോഞ്ച്പാഡ് ആക്സിലറേറ്റർ പ്രോഗ്രാം. ആറുമാസത്തെ പരിശീലനമാണിത്. സ്റ്റാർട്ടപ്പുകളുടെ ആസ്ഥാനമായ സിലിക്കൺവാലിയിലെ ഗൂഗിൾ ആസ്ഥാനത്താകും പരിശീലനം.

ഗൂഗിൾ എൻജിനീയർമാരെയും സംവിധാനങ്ങളും ഉപയോഗിക്കാം. കൂടാതെ ബിസിനസ്, പ്രോഡക്ട്‌, ടെക്‌നോളജി എന്നീ മൂന്നു മേഖലയിൽ കൂടുതൽ പരിശീലനം ലഭിക്കും. തുടർന്നുള്ള പ്രവർത്തനങ്ങളിൽ വഴികാട്ടിയായി ഗൂഗിൾ നിർദേശിക്കുന്ന ഒരാളുണ്ടാകും. ഇവർ കമ്പനിക്കുവേണ്ട നിർദേശങ്ങൾ നൽകും. 35 ലക്ഷം രൂപയോളം സ്വതന്ത്ര ഫണ്ടായി ഗൂഗിൾ നൽകും.75 ലക്ഷം രൂപ മൂല്യമുള്ള ഗൂഗിളിന്റെ ക്ലൗഡ് സിസ്റ്റം ഉപയോഗിക്കാം. 25,000-ൽ കൂടുതൽ പേർ ആപ്പിന്റെ തത്സമയ ഉപയോക്താക്കളാണ്.