കൊച്ചി: ചെറിയൊരു പ്ലാസ്റ്റിക് കപ്പ്. കാര്‍ഡ് ബോര്‍ഡ് കൊണ്ടൊരു ഷെല്‍ഫ്. അതുമല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ഉപകരണം. എന്തും ഏതും നിര്‍മിച്ചെടുക്കാം ഫാബ് ലാബുകളില്‍. വേണ്ടത് ആശയം മാത്രം...സംരംഭകത്വ വികസനത്തിന്റെ ഒരു പടി കൂടി കടന്ന് പുതു കണ്ടുപിടിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഫാബ്രിക്കേഷന്‍ ലാബെന്ന ഫാബ് ലാബുകള്‍ക്കുള്ളത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രണ്ട് ലാബുകളാണ് സംസ്ഥാനത്തുള്ളത്. ഇതിലൊന്ന് കൊച്ചിയിലാണ്.
 
വിവര വിനിമയത്തിനുള്ള ആഗോള ശൃംഖലയുടെ ഭാഗം കൂടിയാണ് ഫാബ് ലാബുകള്‍. ലോകത്താകെ ആയിരം ഫാബ് ലാബുകളുണ്ട്. ചെറിയ ഒരു വര്‍ക്ഷോപ്പ് എന്ന് തന്നെ വിശേഷിപ്പിക്കാം ഫാബ് ലാബുകളെ. വിനൈല്‍ കട്ടര്‍, ത്രീ ഡി പ്ലോട്ടര്‍, ഇലക്ട്രോണിക്‌സ് വര്‍ക് ബെഞ്ച്, സി.എന്‍.സി. റൂട്ടര്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ലാബ്. സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു പ്രോട്ടോടൈപ്പിങ് പ്ലാറ്റ്‌ഫോം ആണ്.
 
അതായത് ആശയങ്ങളുടെ മാതൃകകള്‍ യാഥാര്‍ത്ഥ്യമാക്കുന്നയിടം. കൊച്ചിയിലെ ലാബ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒന്നര വര്‍ഷമായി. എന്നാല്‍ വേണ്ട രീതിയില്‍ ഇവയെ ഉപയോഗപ്പെടുത്താനായിട്ടില്ല. വിദ്യാര്‍ഥികള്‍ മുതല്‍ സാധാരണക്കാര്‍ക്ക് വരെ ഉപകാരപ്രദമാണ് ഫാബ് ലാബുകളെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ഡാനിയേല്‍ ജീവന്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ആയിരങ്ങള്‍ മുടക്കി ചെയ്യുന്ന ജോലികള്‍ ഫാബ് ലാബിനകത്ത് കുറഞ്ഞ ചെലവില്‍ സാധ്യമാകും. വെബ് സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രം.

മണിക്കൂറിന് പത്ത് രൂപ മുതലാണ് യന്ത്രസാമഗ്രികളുടെ വാടക തുടങ്ങുന്നത്. നിര്‍മാണത്തിനാവശ്യമായ പ്ലൈവുഡ് മുതല്‍ ഇലക്ട്രോണിക് സാധന സാമഗ്രികള്‍ വരെ ഇവിടെ കിട്ടും. ഇവയ്ക്ക് പ്രത്യേകം പണം നല്‍കണം. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുമ്പോള്‍ കണ്‍സ്യൂമബിള്‍സ് എന്ന വിഭാഗത്തില്‍ സാധനങ്ങള്‍ ബുക്ക് ചെയ്യാനാകും.

ഫാബ് ലാബില്‍ അംഗത്വമെടുക്കുന്നതിനും സൗകര്യമുണ്ട്. കോര്‍പ്പറേറ്റ് അംഗത്വത്തിന് വര്‍ഷം 10,000 രൂപയും വ്യക്തിഗത അംഗത്വത്തിന് 3000 രൂപയുമാണ്. സ്ഥാപനങ്ങള്‍ക്ക് അംഗത്വത്തിന് 5000 രൂപ നല്‍കണം. സ്ഥാപനങ്ങളിലെ അംഗത്വം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തുന്നുണ്ട്.

കളമശ്ശേരിയിലെ കേരള ടെക്‌നോളജി ഇന്നൊവേഷന്‍ സോണിലാണ് കൊച്ചിയിലെ ഫാബ് ലാബ് പ്രവര്‍ത്തിക്കുന്നത്. വെബ് സൈറ്റ് വിലാസം: http://fablabkerala.in/