കോഴിക്കോട് എൻ.ഐ.ടിയിൽ പഠിച്ചിറങ്ങിയ നാല് യുവാക്കൾ ഐ.ടി. പാതയിൽ കുറിച്ചിട്ട വിജയഗാഥ ആർക്കും മാതൃകയാക്കാം. പ്രതിസന്ധികൾ തരണംചെയ്ത് ഇവർ ബെംഗളൂരുവിൽ ആരംഭിച്ച ഐ.ടി. സംരംഭം അർപ്പണബോധത്തിന്റെയും ഇച്ഛാശക്തിയുടെയും വിജയംകൂടിയാണ്. ചെറിയ മുതൽമുടക്കിൽ രണ്ടുവർഷംമുമ്പ് ആരംഭിച്ച തേഡ് ക്വോഷന്റിൽ(quotient) ഇന്ന് മുപ്പതുപേർ ജോലിചെയ്യുന്നു. വിറ്റുവരവ് കോടികൾ കവിഞ്ഞു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കാനും കഴിഞ്ഞു. എൻ.ഐ.ടി. 2012 ബാച്ചിലെ സജ്ജയ് ജോർജ് (എറണാകുളം) അഖിൽ ജമാൽ (കോഴിക്കോട്), ഹോർമിസ് അംബൂക്കൻ (തൃശ്ശൂർ), മോനിസ് റാസ (തലശ്ശേരി) എന്നിവരാണ് സിലിക്കോൺ സിറ്റിയെന്ന വിശേഷണമുള്ള ബെംഗളൂരുവിൽ വിജയഗാഥ രചിച്ചത്.

എൻ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർക്ക് ജോലിയന്വേഷിച്ച് കൂടുതൽ കറങ്ങേണ്ടിവരാറില്ല. പഠിച്ചിറങ്ങുമ്പോൾത്തന്നെ ജോലി ലഭിക്കും. ഭൂരിപക്ഷം വിദ്യാർഥികൾ തിരഞ്ഞെടുക്കുന്നതും വലിയ കമ്പനികളിലെ ജോലികളാണ്. സ്വന്തമായൊരു സംരംഭം എന്ന ആശയത്തിൽ ഉറച്ചുനിൽക്കുന്നവർ കുറവാണ്. ഇതിന് പലകാരണങ്ങളുമുണ്ട്. ഇതിൽ പ്രധാനം കുടുംബാംഗങ്ങളുടെ പിന്തുണക്കുറവുതന്നെയാണ്. നല്ലൊരു ജോലിയും ശമ്പളവും പിന്നെ കുടുംബഭദ്രതയും. ഇത്തരം ചിന്തകൾക്കാണ് ഇന്ന് ആധിപത്യം. എന്നാൽ ഒഴുക്കിനെതിരേ നാല് യുവാക്കൾ നീന്തുകയായിരുന്നു. വിജയിച്ചപ്പോൾ കുടുംബാംഗങ്ങളും സൃഹൃത്തുക്കളും പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുംചെയ്തു. 

പഠിക്കുമ്പോൾത്തന്നെ നാലുപേരും സുഹൃത്തുക്കളായിരുന്നു. സ്വന്തമായൊരു സ്ഥാപനം എന്ന ആശയം എല്ലാവർക്കുമുണ്ടായിരുന്നു. കോളേജിലെ അവസാനവർഷം കൊച്ചിയിൽ ഫുഡ് കോർട്ട് ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ ചില കാരണങ്ങളാൽ വിജയിച്ചില്ല. പഠനം കഴിഞ്ഞപ്പോൾ വീട്ടുകാരുടെ നിർബന്ധത്തിൽ നാൽവർ സംഘം ഒരു തീരുമാനമെടുത്തു. ജോലിക്കുപോകാം. അങ്ങനെ വിവിധ കമ്പനികളിലായി മൂന്നുവർഷം ജോലിചെയ്തു. നല്ല ശമ്പളവും അംഗീകാരവും. എന്നാൽ സ്വന്തമായി സംരംഭം ആരംഭിക്കാനുള്ള ആഗ്രഹം മനസ്സിൽനിന്നു പോയില്ല.

സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം പഠനകാലത്തുതന്നെ മനസ്സിലുണ്ടായിരുന്നു. വിവിധ കമ്പനികളിലായി മൂന്നുവർഷം ജോലിചെയ്തപ്പോൾ സ്ഥാപനം ആരംഭിക്കുന്നതിന്റെ അടിസ്ഥാനതത്ത്വങ്ങളെല്ലാം മനസ്സിലാക്കാൻ കഴിഞ്ഞു. ഇതാണ് ഐ.ടി. സംരംഭത്തിന്റെ വിജയത്തിന് ഇടയാക്കിയതെന്നും മോനിസ് റാസ പറയുന്നു. കോഴിക്കോട് എൻ.ഐ.ടി.യിൽ പഠിക്കാനെത്തുമ്പോൾ ഓരോരുത്തർക്കും ഒരോ ആഗ്രഹമുണ്ടായിരുന്നു. സജ്ജയ് ജോർജിന്റെ ആഗ്രഹം റോബോട്ടിക് എൻജിനീയറാകാനായിരുന്നു. എന്നാൽ പഠനത്തിനിടയിൽ ഒരു കാര്യം മനസ്സിലായി.

സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പംനേടിയ അറിവ് യോജിച്ചസമയത്ത് നടപ്പാക്കാൻ കഴിയണം. ഒപ്പം ഏതൊരു പ്രശ്നത്തിനും പരിഹാരംകാണാനും കഴിയണം. ഇത്തരം പ്രായോഗികചിന്തകൾ ലഭിച്ചത് കോളേജിലെ റോബോട്ടിക് ക്ലബ്ബിൽ നിന്നാണെന്ന് ഇവർ പറയുന്നു. ഇവിടെനിന്നാണ് ഡിജിറ്റൽ സിഗ്‌നേജ് സ്ഥാപനം ആരംഭിക്കാനുള്ള തീരുമാനമുണ്ടാകുന്നതും ഒടുവിൽ 2015 ഏപ്രിൽ മാസത്തിൽ തേഡ് ക്വോഷന്റ് പിറവിയെടുക്കുന്നതും. ഇതോടൊപ്പം കൺസൾട്ടൻസി കമ്പനിയായ ഡിക്വോഷന്റും ആരംഭിച്ചു. 

പുതിയ ബിസിനസ്‌ ആശയങ്ങൾക്ക്‌ സഹായകരമായ സോഷ്യൽ മൊബൈൽ ആൻഡ്‌ ക്ളൗഡ്‌ കൺസൾട്ടന്റ്‌ സർവീസാണ്‌ ഇവരുടെ സേവന മേഖല. ഇന്നിവർക്ക് രാജ്യാന്തരരംഗത്ത് 13-ഓളം ഉപഭോക്താക്കളുണ്ട്. എന്നാൽ ഒരു ഐ.ടി. സംരംഭത്തിന്റെ വിജയം എളുപ്പമല്ലെന്നും മോനിസ് റാസ പറയുന്നു. നമ്മുടെ ഉത്പന്നത്തിൽ വിശ്വാസ്യത നേടിയെടുക്കുകയാണ് പ്രയാസകരം. വിശ്വാസ്യത ഉറപ്പായാൽ വിജയം വന്നുകൊള്ളുമെന്നും മോനിസ് റാസ പറയുന്നു. തുടക്കത്തിൽ കഠിനാധ്വാനംതന്നെ വേണ്ടിവന്നു. ഓഫീസിൽ 12 മുതൽ 15 മണിക്കൂർവരെ ജോലിചെയ്തു.

ഉപഭോക്താക്കളെ കണ്ടെത്തി ഉത്പന്നത്തെക്കുറിച്ചു വിശദീകരിച്ചു. ഇന്ന് തേഡ് ക്വോഷന്റിനുള്ള ഉപഭോക്താക്കളിൽ 70 ശതമാനവും വിദേശത്തുനിന്നുള്ളവരാണ്. അമേരിക്ക, ബ്രിട്ടൻ, മധ്യപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടും. മോനിസ് റാസ പറഞ്ഞു.  ചെറിയ മുതൽമുടക്കോടെയാണ് ഇവർ സംരംഭത്തിന് തുടക്കംകുറിച്ചത്. ഒന്നരലക്ഷം രൂപയാണ് ഓരോരുത്തരും മുതൽമുടക്കിയത്.

ആറുലക്ഷത്തിന്റെ മുതൽമുടക്കിൽ തുടങ്ങിയ കമ്പനിയുടെ വിറ്റുവരവ് കോടികൾ കവിഞ്ഞു. തുടക്കത്തിൽ ഓഫീസ് പോലുമുണ്ടായിരുന്നില്ല. ബെംഗളൂരുവിൽ താമസിച്ചിരുന്ന ഫ്ളാറ്റിൽനിന്നാണ് പ്രവർത്തനംതുടങ്ങിയത്. പിന്നീട് ബിസിനസ് പുരോഗതിയിലേക്ക് ചുവടുവെച്ചപ്പോൾ സ്വന്തമായി ഓഫീസും കൂടുതൽ ജീവനക്കാരുമായി. കോഴിക്കോട് എൻ.ഐ.ടി.യിൽ നിന്നുള്ളവർക്കാണ് ജോലിനൽകുന്നതെന്ന പ്രത്യേകതയുമുണ്ട്. 

സ്ഥാപനത്തിൽ നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മുൻഗണനയെന്നും ഇവർ വ്യക്കമാക്കി. മാനേജ്‌മെന്റ്, ജീവനക്കാർ എന്നിങ്ങനെയുള്ള വേർത്തിരിവ് ഒഴിവാക്കി എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ട് മുന്നോട്ടുപോയാൽമാത്രമേ ഏതൊരു സ്ഥാപനത്തിനും വിജയിക്കാൻ കഴിയൂവെന്ന് ഇവർ പറയുന്നു. ഐ.ടി. സംരംഭം തുടങ്ങാൻ ബെംഗളൂരു തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനും മറുപടിയുണ്ട്. മറ്റ് ഏതൊരു നഗരത്തെക്കാളും തുടക്കക്കാർക്ക് നല്ലത് ബെംഗളൂരുവാണ്.

ചുവപ്പുനാടകളില്ല. അംഗീകാരവും പിന്തുണയും നമ്മളെ തേടിവരും. ഭാവിയിൽ കൊച്ചിയിലേക്കുള്ള വിപുലീകരണവും ലക്ഷ്യമുണ്ട്. പുതിയ സംരംഭകർക്ക് മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷമാണ് ബെംഗളൂരുവിലെന്നും ഇതാണ് കൂടുതൽ പേർ സ്റ്റാർട്ടപ്പുകളുമായി ബെംഗളൂരുവിലെത്തുന്നതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. മാറ്റത്തിനനുസരിച്ച് തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തിയാൽ ഐ.ടി. മേഖലയിൽ പിരിച്ചുവിടൽ ഭീഷണിയുണ്ടാകില്ലെന്നും മോനിസ് റാസ പറഞ്ഞു.