Dileesh
ഡോ. ദിലീഷ് ശശി

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയതലത്തില്‍ 49-ാം റാങ്കും സംസ്ഥാനതലത്തില്‍ നാലാംറാങ്കും നേടിയ പാലാ സ്വദേശി ഡോ. ദിലീഷ് ശശിക്ക് വിജയത്തെക്കുറിച്ച് ഒന്നേ പറയാനുള്ളൂ: ഉറച്ച തീരുമാനമെടുക്കുക. നടപ്പാക്കാന്‍ ലക്ഷ്യബോധത്തോടെ മുന്നേറുക.

പഠനം മലയാളം മീഡിയത്തില്‍

മലയാളം നന്നായി പഠിക്കാന്‍ സാധിച്ചതാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ചവിജയം നേടാന്‍ സഹായമായതെന്ന് ദിലീഷ് വിശ്വസിക്കുന്നു. സംസ്ഥാനസിലബസില്‍ മലയാളം മീഡിയത്തിലായിരുന്നു പഠനം. പാലക്കുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തുവരെ. പാലായിലേക്ക് താമസംമാറ്റിയപ്പോള്‍ സെന്റ് തോമസ് സ്‌കൂളില്‍ പ്ലസ്ടു. പിന്നെ എം.ബി.ബി.എസ്. മലയാളം ഐച്ഛികവിഷയമായി തിരഞ്ഞെടുത്തപ്പോള്‍ ഭാഷയിലെ അറിവ് ഗുണകരമായി. 

കടമ്പകളേറെ

മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോഴാണ് സിവില്‍ സര്‍വീസ് മോഹമാവുന്നത്. എന്താണ് സിവില്‍ സര്‍വീസ് പരീക്ഷ, എന്തുപഠിക്കണം എന്നിവ തിരിച്ചറിഞ്ഞാല്‍ ആദ്യ കടമ്പ കടന്നു. പരീക്ഷയെക്കുറിച്ച് സ്വയം അവബോധമുണ്ടാക്കി അനുയോജ്യമായ പരിശീലനം നടത്തിയാല്‍ വിജയത്തിലേക്കുള്ള വഴി തുറന്നുവരും. രണ്ടുവട്ടം പ്രിലിമിനറി ജയിച്ചങ്കിലും ഫൈനല്‍ കടന്നു കൂടാനായിരുന്നില്ല. ഇത് സ്വയം തിരിച്ചറിയാനുള്ള അവസരങ്ങളായി. 

ദൗര്‍ബല്യങ്ങള്‍ മറികടന്നത്

കൃത്യമായ തന്ത്രങ്ങളുണ്ടാക്കി. ദൗര്‍ബല്യം മറികടക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തി. ആദ്യശ്രമങ്ങള്‍ ജോലിക്കിടയിലായിരുന്നു. ജോലിയില്‍നിന്നുവിട്ട് 2016 ഒക്ടോബര്‍മുതല്‍ സ്വകാര്യ അക്കാദമിയില്‍ മുഴുവന്‍സമയ പരിശീലനത്തിന് ചേര്‍ന്നു. 

അഭിപ്രായരൂപവത്കരണം

ഏതുവിഷയത്തെക്കുറിച്ചും സ്വന്തമായി അഭിപ്രായം രൂപവത്കരിക്കണം. പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ധാരാളം വിവരങ്ങളുണ്ടാവും. ഒരു സംഭവത്തെക്കുറിച്ച് വായിച്ചാല്‍ അതിലെ വിവരങ്ങള്‍ ഹൃദിസ്ഥമാക്കണം.  ഇതിനെക്കുറിച്ചുള്ള വിശകലനങ്ങളും പരിശോധിക്കണം. സ്വന്തം കാഴ്ചപ്പാട് മെനഞ്ഞെടുക്കണം. അതിനെ  സാധൂകരിക്കാന്‍ ഉതകുന്നവിധം വസ്തുതകള്‍ നിരത്തണം.