ATHUL
അതുൽ. ജെ. 

ണ്ണൂർ പരിയാരം മേലേരിപ്പുറം എം.വി.ഹൗസിൽ അതുൽ ജെ.യുടെ നിഘണ്ടുവിൽ അസാധ്യം എന്നൊരു വാക്കില്ല. ഏതുപ്രതിസന്ധിയും മറികടന്ന് ലക്ഷ്യം നേടിയെടുക്കുക. അങ്ങനെയാണ് കുസാറ്റിൽ മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ് കാമ്പസ് ഇന്റർവ്യൂവിൽ ജോലി ലഭിച്ചിട്ടും വേണ്ടെന്നുവെച്ച് സിവിൽ സർവീസിന് പഠിക്കാൻ തുടങ്ങുന്നത്.

നിരന്തരമായ സപര്യക്കൊടുവിൽ മലയാളികൾക്കെല്ലാം അഭിമാനമായി അഖിലേന്ത്യാതലത്തിൽ 13-ാം റാങ്കാണ് തേടിയെത്തിയത്. ഇത്തവണത്തെ സിവിൽ സർവീസിൽ കേരളത്തിലെ ഒന്നാമൻ.പയ്യന്നൂർ കേന്ദ്രീയവിദ്യാലയയിൽനിന്ന് പ്ലസ്ടു. പട്ടാളക്കാരനായ അച്ഛന്റെ സ്ഥലംമാറ്റത്തിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു സ്കൂൾ പഠനം. ഏതുപ്രതിസന്ധിയും നേരിടാനുള്ള കരുത്താണ് ആ യാത്രകൾ നൽകിയത്. 

ലക്ഷ്യം നേടിയത് രണ്ടാമത്തെ ശ്രമത്തിൽ
രണ്ടാമത്തെ ശ്രമത്തിലാണ് അതുൽ ഐ.എ.എസ്. എന്ന ലക്ഷ്യം നേടുന്നത്. ആദ്യം പരിശീലനത്തിനൊന്നും പോകാതെ ഫ്രീയായി എഴുതി. കാര്യങ്ങൾ മനസ്സിലാക്കി. പിന്നെ തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലും സ്വകാര്യ അക്കാദമിയിലും പ്രത്യേക പരിശീലനം നേടി. പരീക്ഷയും ഇന്റർവ്യൂവും കഴിഞ്ഞപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു.  

താത്പര്യം ഐ.എഫ്.എസ്.
ഐ.എ.എസ്.തന്നെ കിട്ടുമെങ്കിലും ഐ.എഫ്.എസിനോടാണ് അതുലിന് താത്പര്യം. ജ്യോഗ്രഫിയാണ് ഓപ്ഷനൽ എടുത്തത്. നല്ല റാങ്കോടെ വിജയിക്കണമെന്ന ലക്ഷ്യത്തിനായി നന്നായി അധ്വാനിച്ചു. ഹിന്ദുപത്രം എല്ലാ ദിവസവും വായിക്കും. പേപ്പർകട്ടിങ് ശേഖരിച്ചുവെക്കാറില്ല. ചില വാർത്തകളുടെ ലിങ്ക് നോട്ട്ചെയ്തുവെക്കും. സാധാരണപോലെ ടി.വി. കാണും; പ്രത്യേകിച്ച് സ്പോർട്‌സ്.

പരീക്ഷ എഴുതാനൊരുങ്ങുന്നവരോട്
സിവിൽ സർവീസ് ബാലികേറാ മലയല്ല. അതിന് പുസ്തകപ്പുഴുവാകേണ്ടതുമില്ല. കടുകട്ടി ഇംഗ്ലീഷും ആവശ്യമില്ല. പ്രത്യേകിച്ച് ഇന്റർവ്യൂവിന്. നമ്മൾ പറയുന്നതിലെ കാര്യങ്ങളാണ് ഇന്റർവ്യൂ ബോർഡ് നോക്കുക. വേണമെങ്കിൽ മലയാളത്തിലും പറയാം. പറയാനുണ്ടെങ്കിൽ തീർച്ചയായും അവർ സഹായിക്കും. ഭാഷ പ്രശ്നമല്ല. ഈ മേഖലയിലേക്ക് വരാൻ താത്പര്യമുള്ളവരോട് ഇത്രയേ പറയാനുള്ളൂ: ‘എല്ലാ കാര്യത്തെക്കുറിച്ചും താത്പര്യത്തോടെ അറിയാൻ ശ്രമിക്കുക. സ്വന്തമായ അഭിപ്രായമുണ്ടാക്കാൻ ശ്രമിക്കുക. നാടിനെക്കുറിച്ചും നമ്മെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കുക. പൊതുവിജ്ഞാനം കാപ്‌സ്യൂൾ മോഡലിൽമാത്രം നേടാതെ എല്ലാ വശവും മനസ്സിലാക്കുക’. പ്രഗല്‌ഭരുടെ പ്രഭാഷണങ്ങൾ കേൾക്കുന്നതും ഗുണം ചെയ്യും -അതുൽ പറയുന്നു.