1. സെയിലര്‍ (ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് ബ്രാഞ്ച്)

നാവികസേനയുടെ ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.) ഓഗസ്റ്റ് 2018 ബാച്ചിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍വരെ ഉയരാവുന്ന തസ്തികയാണിത്. അവിവാഹിതരായ പുരുഷന്മാര്‍ക്കു മാത്രമാണ് അവസരം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷണല്‍ ആയി പഠിച്ചിരിക്കണം.

പ്രായം: 1998 ഓഗസ്റ്റ് 1-നും 2001 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉള്‍പ്പെടെ).

ശമ്പളം: 21,700-69,100 രൂപ.

ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ. ഉയരത്തിന് ആനുപാതികമായ നെഞ്ചളവും തൂക്കവും. നെഞ്ചളവ് കുറഞ്ഞത് അഞ്ച് സെ.മീ. വികസിപ്പിക്കാന്‍ സാധിക്കണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. അപേക്ഷകര്‍ക്ക് മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം.

ഏഴുമിനിറ്റില്‍ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാട്ട് അപ്, 20 പുഷ് അപ് എന്നിവയാണ് ശാരീരികക്ഷമതാ പരിശോധനയില്‍ ഉണ്ടാവുക. എഴുത്തുപരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, ജനറല്‍ നോളേജ് എന്നീ നാലുഭാഗങ്ങളില്‍നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഈ നാലുഭാഗങ്ങളിലും മിനിമം യോഗ്യത നേടിയിരിക്കണം. 

2018 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് എഴുത്തുപരീക്ഷ നടക്കുക. എഴുത്തുപരീക്ഷയുടെ ഫലം അതേദിവസം പ്രസിദ്ധീകരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളിലായി ശാരീരികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും നടക്കും.


സിലബസ്, ഓണ്‍ലൈന്‍ അപേക്ഷ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in  


2. സെയിലര്‍ (സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്)

ഇന്ത്യന്‍ നാവികസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (SSR)ഓഗസ്റ്റ് 2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2018 ഓഗസ്റ്റില്‍ തുടങ്ങും.

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ പഠിച്ച് നേടിയ പ്ലസ്ടു/ തത്തുല്യ യോഗ്യത. കെമിസ്ട്രി/ ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം.

പ്രായം: 1997 ഓഗസ്റ്റ് 1-നും 2001 ജൂലായ് 31-നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം.

ശമ്പളം: പരിശീലനകാലത്ത് 14,600 രൂപ സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. പരിശീലനത്തിനുശേഷം 21,700-69,100 നിരക്കില്‍ ശമ്പളം ലഭിക്കും.

ശാരീരിക യോഗ്യത: ഉയരം 157 സെ.മീ., ഉയരവും നെഞ്ചളവും ഉയരത്തിന് ആനുപാതികം. നെഞ്ചിന് അഞ്ചു സെ.മീ. വികാസം വേണം. കാഴ്ച: 6/6, 6/9.

ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് പ്ലസ്ടു നിലവാരത്തിലുള്ള ഒബ്‌ജെക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് പരീക്ഷ.

കായികക്ഷമതാ പരിശോധനയില്‍ ഏഴുമിനിറ്റില്‍ 1.6 കി.മീ. ഓട്ടം, 20 സ്‌ക്വാട്ട് അപ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും. അപേക്ഷകര്‍ ശാരീരികമായി മികച്ച നിലവാരം പുലര്‍ത്തണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പ്പാദങ്ങള്‍, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. 


ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: www.joinindiannavy.gov.in  

 

അവസാന തീയതി: ഡിസംബര്‍ 10.

Thozil