ചെന്നൈ: തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ് ബിരുദധാരികളില്‍ 2.45 ലക്ഷം പേര്‍ തൊഴില്‍രഹിതരാണെന്ന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കണക്കുകള്‍ തെളിയിക്കുന്നു. സ്വകാര്യ ഐ.ടി. കമ്പനികളില്‍ അവസരമില്ല. സര്‍ക്കാര്‍ സര്‍വീസിലും എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് വേണ്ടത്ര അവസരമില്ലെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2.45 പേര്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ഒരോ വര്‍ഷവും എന്‍ജിനീയറിങ് കോഴ്‌സ് കഴിഞ്ഞ് ഇറങ്ങുന്നവരില്‍ 30 ശതമാനം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്. മറ്റ് 70 ശതമാനം പേര്‍ തൊഴില്‍ അന്വേഷിച്ച് വരികയാണ്. ചിലര്‍ മറ്റ് ജോലികള്‍ക്ക് പോകുന്നു.

തമിഴ്‌നാട്ടില്‍ വര്‍ഷം തോറും രണ്ടുലക്ഷം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ബിരുദധാരികളും ഒന്നര ലക്ഷം എന്‍ജിനീയറിങ് ബിരുദധാരികളും പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്നുണ്ട്. എന്‍ജിനീറിങ് ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ നേടാന്‍ അവസരമുണ്ടെങ്കിലും അവ നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. പൊതുമരാമത്ത് വകുപ്പില്‍ 700ഉം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ 972 ഉം, വൈദ്യുതി വകുപ്പില്‍ 1,650ഉം എന്‍ജിനീയര്‍മാരുടെയും ഒഴിവുകളുണ്ട്. എന്നാല്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടില്ല.

സ്വകാര്യ കമ്പനികളില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം കൂടി വന്നത്. ബിരുദത്തിന് അനുസൃതമായ അവസരങ്ങള്‍ കിട്ടാതായതോടെ ചുരുങ്ങിയ ശമ്പളത്തിന്‌ തൊഴില്‍ ചെയ്തുവരികവാണ് ഇപ്പോള്‍ പലരും. ചില കമ്പനികളില്‍ ജോലി നല്‍കുന്നുണ്ടെങ്കിലും അപ്രന്റീസ്ഷിപ്പ് എന്ന പേരിലാണിത്. മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമാണ് നിയമനം നല്‍കുന്നത്. ലക്ഷങ്ങള്‍ നല്‍കി പ്രവേശനം നേടി പിന്നെയും ലക്ഷങ്ങള്‍ ചെലവഴിച്ച് പഠനം പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയ പലരും മാസം 10,000 രൂപ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടില്‍ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്ന വിദേശ കമ്പനികള്‍ നാമമാത്രമാണ്. നിലലുള്ള കമ്പനികളുടെ പുതിയ യൂണിറ്റുകളും തുടങ്ങുന്നില്ല. കഴിഞ്ഞ ആറു വര്‍ഷമായി ഒട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് കമ്പനികളൊന്നും തമിഴ്‌നാട്ടില്‍ തുടങ്ങിയിട്ടില്ല.

തമിഴ്‌നാട്ടിലെ എന്‍ജിനീയറിങ് കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന ബിരുദധാരികള്‍ക്ക് ബന്ധപ്പെട്ട മേഖലകളില്‍ വേണ്ടത്ര പഠന മികവില്ലെന്ന ആരോപണവും നിലവിലുണ്ട്. എന്‍ജിനീയറിങ് കോളേജുകളിലെ അധ്യാപകര്‍ പരീശീലനം നേടിയവരോ പരിചയസമ്പന്നരോ അല്ല. പല കോളേജുകളിലും പഠന സൗകര്യങ്ങളുമില്ല. തങ്ങളുടെ കുട്ടിക്ക് എന്‍ജിനീയറിങ് മേഖലയില്‍ താത്പര്യമുണ്ടോയെന്ന് അറിയാതെയാണ് പല രക്ഷിതാക്കളും കോഴ്‌സിന് ചേര്‍ക്കുന്നത്.