psc mobile appപി.എസ്.സി. പരീക്ഷകൾക്ക് ഇനി ആപ്പിലൂടെയും പഠിക്കാം. കോഴിക്കോട്ടെ സ്റ്റാർട്ടപ്പ് സംരംഭകരായ കെ. ഷാജിയും മുഹമ്മദ് ഷഫീദുമാണ് പി.എസ്.സി. വിന്നർ ദ ലേണിങ് (Psc Winner The Learning app.5.0) എന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ട്രോളുകൾ കണ്ടാസ്വദിച്ചും സ്വയം പ്രശ്നോത്തരി മത്സരങ്ങൾ നടത്തിയുമെല്ലാം പൊതുവിജ്ഞാനം നേടാമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകത.

27 മാർഗങ്ങളാണ് പരീക്ഷയ്ക്കുപഠിക്കാൻ ഇതിലുള്ളത്. വായിച്ചുപഠിക്കാൻ താത്‌പര്യമുള്ളവർക്ക് വായനശാല എന്ന വിഭാഗംതന്നെയുണ്ട്. അതിൽ പി.ഡി.എഫായി പുസ്തകങ്ങൾ വായിക്കാം. ശാസ്ത്രം, സാഹിത്യം ഉൾപ്പെടെയുള്ള 22 വിഷയങ്ങൾ വേർതിരിച്ച് പഠിക്കാനുള്ള സൗകര്യവുമുണ്ട്. 

ഓരോ മാസത്തെയും പ്രധാന ദിവസങ്ങൾ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. പൊതുവേ എല്ലാ പരീക്ഷകളിലും ചോദിക്കുന്ന പൊതുവിജ്ഞാനം, അവസാന മൂന്നുവർഷത്തെ പി.എസ്.സി. ചോദ്യങ്ങൾ, കേരളത്തിന്റെ ചരിത്രം, സാഹിത്യം, നവോത്ഥാനം തുടങ്ങിയ കാര്യങ്ങൾ എല്ലാം ഇതിലുണ്ട്.

ലാസ്റ്റ് ഗ്രേഡ്മുതൽ ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയും. മോക് പരീക്ഷ നടത്തി നമ്മുടെ പൊതു വിജ്ഞാനവും പരിശോധിക്കാം. കണക്ക് ചെയ്തും പഠിക്കാം. ഏതൊക്കെ വഴികളിലൂടെയാണ് ഉത്തരം ലഭിച്ചതെന്ന് ആപ്പ് കണ്ടെത്തിത്തരും.

വിവിധരാജ്യങ്ങളുടെ കറൻസികൾ, കണ്ടുപിടിത്തങ്ങൾ, വിചിത്രസംഭവങ്ങൾ, കൗതുകലോകങ്ങൾ അങ്ങനെ പല വിഭാഗങ്ങളുണ്ട്. ഇംഗ്ലീഷ് ഗ്രാമറും പഠിക്കാം. അങ്ങനെ എല്ലാ അർഥത്തിലുമുള്ള പഠനസഹായിയാണെന്ന് ഇതിന്റെ അണിയറക്കാരായ ഷഫീദും ഷാജിയും പറയുന്നു.

ജനുവരിയിലാണ് വികസിപ്പിച്ചത്. ഇതുവരെ പതിനായിരത്തോളം പേർ ഡൗൺലോഡ് ചെയ്തു. മിക്കദിവസങ്ങളിലും വിവരങ്ങൾ പുതുക്കുന്നുണ്ടെന്നും ഇവർ പറയുന്നു. ഇതോടൊപ്പം ചാറ്റ്‌ബോക്സ് വികസിപ്പിക്കാനും ആലോചിക്കുന്നുണ്ട്.ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് Psc Winner The Learning app.5.0 എന്ന പേരിൽ ഡൗൺലോഡ് ചെയ്യാം. ഫ്രീ ആപ്ലിക്കേഷനാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് ‘എൻഡ്യൂസർ ഇൻക്’ എന്ന പേരിൽ സ്റ്റാർട്ടപ്പ് സംരംഭം നടത്തുന്നുണ്ടിവർ.