തിരുവനന്തപുരം: പരീക്ഷകളില്‍ മലയാളത്തിന് പ്രാധാന്യം നല്‍കുന്നതില്‍ പി.എസ്.സി. ചെറിയതോതില്‍ പരാജയമാണെന്നും പരീക്ഷാ സമ്പ്രദായം ഉടച്ചുവാര്‍ക്കുന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സി. എംപ്‌ളോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരീക്ഷകള്‍ ഓര്‍മ്മശക്തി അളക്കാനുള്ള ഉപാധി മാത്രമാകാതെ സമൂഹത്തോടുള്ള പ്രതിബദ്ധതകൂടി പരിശോധിക്കുന്നതാകണം. ഓണ്‍ലൈനടക്കം ഏത് രീതി കൈക്കൊള്ളുമ്പോഴും അവയെല്ലാം ഉദ്യോഗാര്‍ഥി സൗഹൃദമായിരിക്കണമെന്നും പിണറായി പറഞ്ഞു. 
 
ഔദ്യോഗിക ഭാഷയില്‍ ഫയലുകള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യത്തില്‍ മലയാളം ശരിയായി അറിയുമോ എന്നത് പരിശോധിക്കല്‍ അനിവാര്യമാണ്. 100 മാര്‍ക്കിന്റെ പരീക്ഷയില്‍ പത്ത് മാര്‍ക്കെങ്കിലും മലയാള ഭാഷാപ്രാവീണ്യം പരിശോധിക്കുന്നതില്‍ എന്താണ് തകരാറ്.

സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണംകൊടുക്കുന്ന എല്ലാ തസ്തികകളിലെയും നിയമനം പി.എസ്.സി. വഴിയാകണമെന്നതാണ് പൊതുജനതാത്പര്യം. പണം ഖജനാവില്‍ നിന്നും നിയമനം സ്വന്തം നിലയ്ക്കും നടക്കുന്നതോടെ ചിലര്‍ വലിയതോതില്‍ പണം സമ്പാദിക്കുന്നുണ്ട്. സംവരണമുണ്ടായിട്ടും റിക്രൂട്ട്‌മെന്റിലെ പ്രത്യേകതകള്‍ കാരണം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ല.
 
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഒരു ശതമാനം മാത്രമാണ്. നിയമനങ്ങളില്‍ സാമൂഹ്യനീതി എത്രത്തോളമെന്നതാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.

വിവിധ സ്വയംഭരണ സ്ഥാപനങ്ങളിലെയും അക്കാദമികളിലെയും നിയമനം പി.എസ്.സി.യുടെ പരിധിയില്‍ വന്നിട്ടില്ല. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പി.എസ്.സി.യുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി. എംപ്‌ളോയീസ് യൂണിയന്‍ പ്രസിഡന്റ് എസ്.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ആനാവൂര്‍ നാഗപ്പന്‍, പി.എച്ച്.എം. ഇസ്മായില്‍, കെ.സി. ഹരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.