norkaകൊച്ചി: വിദേശത്തു നിന്ന് ജോലി നഷ്ടമായി മടങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പുനരധിവാസത്തിനായി അപേക്ഷകള്‍ കൂടുന്നു. ജോലിയും പുനരധിവാസവും തേടി അഞ്ചു വര്‍ഷത്തിനിടെ ലഭിച്ചത് 30,000 അപേക്ഷകളാണ്. ഇതില്‍ സ്വയംതൊഴിലിന് വായ്പ നല്‍കാനായത് 1600 പേര്‍ക്കു മാത്രം. 

വിദേശത്ത് തൊഴില്‍ നഷ്ടമായി നാട്ടിലേക്കു മടങ്ങുന്നവരുടെ എണ്ണം കൂടിയതാണ് അപേക്ഷകളും കൂടാന്‍ കാരണം. നാട്ടിലെത്തി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനരധിവാസ പാക്കേജ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. നോര്‍ക്കറൂട്ട്‌സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

നാലു ജില്ലകളുടെ ചുമതലയുള്ള എറണാകുളം മേഖല ഓഫീസില്‍ കഴിഞ്ഞ നാലു മാസത്തിനിടെ ആയിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. എറണാകുളം ജില്ലയില്‍ മാത്രം ഓരോ മാസവും കുറഞ്ഞത് 100 അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. മലബാര്‍ മേഖലയിലാണ് അപേക്ഷകര്‍ കൂടുതല്‍. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ആദ്യമെല്ലാം മാസത്തില്‍ 30 അപേക്ഷകള്‍ വരെ മാത്രമാണ് കിട്ടിയിരുന്നതെന്നും അധികൃതര്‍ പറയുന്നു. 

പുനരധിവാസ പാക്കേജ് അവതരിപ്പിച്ച 2012 - 13 കാലയളവില്‍ സ്വയംതൊഴില്‍ വായ്പയ്ക്കായി അര്‍ഹതയുള്ള അപേക്ഷകളൊന്നും ലഭിച്ചില്ലെന്ന് നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ പറഞ്ഞു. ആ വര്‍ഷം ആര്‍ക്കും വായ്പ അനുവദിച്ചില്ല. 2013 - 14 ല്‍ സംസ്ഥാനത്തൊട്ടാകെ 45 പേര്‍ക്ക് വായ്പ അനുവദിച്ചു. 2014 - 15 (710 ), 2015 - 16 (390) എന്നിങ്ങനെയാണ് മറ്റു വര്‍ഷങ്ങളിലെ കണക്ക്.

2016 - 17 ല്‍ ആദ്യ മൂന്നു പാദത്തിലെ കണക്കനുസരിച്ച് 340 വായ്പകള്‍ അനുവദിച്ചു. മാര്‍ച്ചില്‍ ഇതുവരെയുള്ളത് കൂടിയാകുമ്പോള്‍ വായ്പകളുടെ എണ്ണം 1600 വരുമെന്നും നോര്‍ക്ക അധികൃതര്‍ പറയുന്നു. വായ്പ നല്‍കുന്നതിന് എസ്.ബി.ഐ., എസ്.ബി.ടി., യൂണിയന്‍ ബാങ്ക് , സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുമായി നോര്‍ക്കറൂട്ട്‌സ് ധാരണയായിട്ടുണ്ട്. വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്നാണ് നിബന്ധന.