തിരുവനന്തപുരം: ‘ഭരണമലയാളം’ എന്ന പേരിൽ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 
glossary.kerala.gov.in സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓൺലൈൻ നിഘണ്ടുവാണ്. ഇരുപതിനായിരത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ ഒട്ടേറെ മലയാളരൂപങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. തെറ്റില്ലാത്ത ഭരണമലയാളം, വകുപ്പുതല പദകോശം, ഭരണഭാഷാമാതൃകകൾ, ടൈപ്പിങ്‌ ഉപകരണങ്ങൾ തുടങ്ങിയവയുമുണ്ട്‌. 

‘ഭരണമലയാളം’ മൊബൈൽ ആപ്പ് ഗൂഗിൾ പ്ളേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ, ഔദ്യോഗികഭാഷ ഉന്നതതലസമിതി അംഗങ്ങളായ സുഗതകുമാരി, ജോർജ് ഓണക്കൂർ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, മാധ്യമവിഭാഗം ഉപദേശകൻ പ്രഭാവർമ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ഡെപ്യൂട്ടി സെക്രട്ടറി ജി.സതീഷ്‌കുമാർ, ഭാഷാവിദഗ്ധൻ ആർ.ശിവകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 

ഓൺലൈൻ നിഘണ്ടുവിന് ആവശ്യമായ സാങ്കേതികസഹായം ചെയ്ത എഫ്.ജോസിന് മുഖ്യമന്ത്രി പുരസ്‌കാരം നൽകി. മലയാളം പത്താംക്ളാസ് വരെ നിർബന്ധമാക്കിയതിന് സുഗതകുമാരി ചടങ്ങിൽ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. തന്റെ ജീവിതകാലത്ത് ഇതു സഫലമാകുമെന്ന് വിചാരിച്ചതല്ലെന്നും കവയിത്രി പറഞ്ഞു.