തിരുവനന്തപുരം: ഡിസംബർ 30-ന് മൂന്നുവർഷം തികച്ച റാങ്ക്പട്ടികകൾക്ക് ആറുമാസം കാലാവധി നീട്ടിനൽകണമെന്ന സർക്കാർശുപാർശ പി.എസ്.സി.തള്ളി. റദ്ദായ പട്ടികകൾ പുനരുജ്ജീവിപ്പിക്കാൻ ചട്ടമില്ലെന്ന് പി.എസ്.സി. യോഗം ചൂണ്ടിക്കാട്ടി.
ഇതിനകം കാലാവധി നീട്ടിനൽകാത്ത റാങ്ക്പട്ടികകൾക്ക് 2017 ജൂൺ 30 വരെ അധികസമയം അനുവദിക്കാൻ സർക്കാർ നേരത്തേ ശുപാർശനൽകിയിരുന്നു.

അതനുസരിച്ച് ഡിസംബർ 31-ന് നിലവിലുണ്ടായിരുന്നതും 2017 ജൂൺ 29-നകം കാലാവധി തികയുന്നതുമായ റാങ്ക്പട്ടികകൾക്ക് 2017 ജൂൺ 30 വരെ അധികസമയം അനുവദിച്ചു. എന്നാൽ, എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് പോലുള്ള ചില റാങ്ക്പട്ടികകൾ ഡിസംബർ 30-ന് മൂന്നു വർഷം തികച്ചതിനാൽ പിറ്റേന്ന് റദ്ദായി. ഒരു ദിവസത്തെ മാത്രം അധികകാലാവധിയാണ് ലഭിച്ചത്. ഇവരുടെ ആവശ്യം പരിഗണിച്ചാണ് അത്തരം റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാൻ സർക്കാർ ശുപാർശ നൽകിയത്.

കേസുകൾ പെരുകുന്ന സാഹചര്യത്തിൽ ലീഗൽ റീട്ടെയ്‌നർമാരുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചു. നിലവിൽ ഹൈക്കോടതിയിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഓരോ ലീഗൽ റീട്ടെയ്‌നറാണുള്ളത്. എത്രപേരെ നിയമിക്കണമെന്നതും സാമ്പത്തിക ബാധ്യതയും ലിറ്റിഗേഷൻ കമ്മിറ്റി പരിശോധിച്ച് റിപ്പോർട്ടുനൽകും. കേസ് നടത്തിപ്പിന്റെ പോരായ്മകളും പരിശോധിക്കും.

ഉദ്യോഗാർഥികൾക്ക് കൂടുതൽ സൗകര്യപ്പെടുന്ന വിധം പി.എസ്.സി. വെബ്‌സൈറ്റ് നവീകരിക്കും. സി-ഡിറ്റിനാകും ചുമതല. മലയാളം കൂടി വെബ്സൈറ്റില് ‍ഉൾപ്പെടുത്തും. സെക്രട്ടേറിയറ്റിന് സമാനമായ ഇ-ഓഫീസ് സംവിധാനം പി.എസ്.സി.യിൽ ഏർപ്പെടുത്തുന്നതിന് നാഷണൽ ഇൻഫർമാറ്റിക് സെന്ററുമായി ധാരണപത്രം ഒപ്പിടും.

ജയിൽ വകുപ്പിൽ വാർഡർ ഡ്രൈവർ തസ്തികയുടെ പ്രായോഗികപരീക്ഷയ്ക്ക് എസ്.എം.എസ്. ലഭിക്കാതിരുന്ന 30 ഉദ്യോഗാർഥികൾക്ക് ഒരവസരം കൂടി നൽകും. ജലഗതാഗതവകുപ്പിലെ കൂലി വർക്കർ തസ്തികയ്ക്ക് നീന്തൽ പരീക്ഷ നടത്താനും ധാരണയായി.