പ്രൊഫൈല്‍ ഫോട്ടോയില്‍ പേരും തീയതിയും ചേര്‍ക്കാനും ഒപ്പിലെ പിശക് തിരുത്താനുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപടി പി.എസ്.സി. ആരംഭിച്ചു. ഏപ്രില്‍ 15 വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്. 2012 ജനുവരി ഒന്നുമുതല്‍ 2015 ജനുവരി 28 വരെയുള്ള കാലയളവിലെ അപേക്ഷകള്‍ക്കാണ് ഇളവ് ലഭിക്കുന്നത്. അന്നത്തെ ഫോട്ടോയില്‍ നിര്‍ദ്ദിഷ്ടരീതിയില്‍ പേരും തീയതിയും ഉള്‍പ്പെടുത്താത്തവര്‍ക്ക് അവ ചേര്‍ത്ത ഫോട്ടോ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യാം. 

ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ 'വണ്‍ടൈം സെറ്റില്‍മെന്റ്' എന്ന ലിങ്കില്‍ കൂടിയാകണം തിരുത്തല്‍ വരുത്തേണ്ടത്. അല്ലാതെ വരുത്തുന്ന തിരുത്തലുകള്‍ ഈ പദ്ധതി പ്രകാരമുള്ള ഇളവായി പരിഗണിക്കില്ലെന്ന് പി.എസ്.സി. പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുമ്പോള്‍തന്നെ ഒറ്റത്തവണ തീര്‍പ്പാക്കലിനുള്ള (വണ്‍ടൈം സെറ്റില്‍മെന്റ്) ലിങ്ക് ദൃശ്യമാകും. 

അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ 1-1-2012 മുതല്‍ 28-1-2015 വരെയുള്ള കാലയളവില്‍ ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച അപേക്ഷകളുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സ്‌ക്രീനില്‍ തെളിയും. പേരും തീയതിയും രേഖപ്പെടുത്താത്തതും വ്യക്തമല്ലാത്തതുമായ ഫോട്ടോകള്‍ക്കുനേരേ പേരും തീയതിയും രേഖപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള വ്യക്തമായ ഫോട്ടോ അപ്ലോഡ് ചെയ്യണം. 

സ്‌ക്രീനില്‍ കാണുന്നതില്‍ പിശകുകളില്ലാത്ത ഫോട്ടോകള്‍ ഈ ഇളവ് അനുസരിച്ച് മാറ്റേണ്ടതില്ല.  ഇപ്പോഴത്തെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അനുസരിച്ച് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ഭാവിയില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പരിഗണിക്കില്ലെന്നും പി.എസ്.സി. അറിയിച്ചിട്ടുണ്ട്. 

Read : പിഎസ്‌സി  ഐഡി/പാസ്‌വേഡ് നഷ്ടപ്പെട്ടോ..? വീണ്ടെടുക്കാം

അതിനാല്‍ നിലവിലെ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തിട്ടുള്ള ഏറ്റവും പുതിയ ഫോട്ടോ, പിശകുകള്‍ ഉള്ളതാണെങ്കില്‍ അതും ഉദ്യോഗാര്‍ഥികള്‍ക്ക് മാറ്റാവുന്നതാണ്. അതിന് പ്രൊഫൈലില്‍ തന്നെയുള്ള 'ചേഞ്ച് ഫോട്ടോഗ്രാഫ്' എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. അതിനുശേഷം പേരും തീയതിയും രേഖപ്പെടുത്തിയ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള ഏറ്റവും പുതിയതും വ്യക്തമായതുമായ ഫോട്ടോ അപ്ലോഡ് ചെയ്യാം.

2014 ഏപ്രിലിലും ഇതുപോലെ ഒറ്റത്തവണ തീര്‍പ്പാക്കലിന് പി.എസ്.സി. അവസരം നല്‍കിയിരുന്നു. അന്ന് ന്യൂനത പരിഹരിക്കാത്തവര്‍ക്കും ഇതിനകം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാത്ത തസ്തികകള്‍ക്കും മാത്രമായിരിക്കും ഇപ്പോഴത്തെ സൗകര്യം.  

ഏറ്റവും പുതുതായി അപ്ലോഡ് ചെയ്ത ഫോട്ടോയില്‍ രേഖാപരിശോധന പൂര്‍ത്തിയാക്കിയവര്‍ക്ക് ആ ഫോട്ടോ മാറ്റാന്‍ ഇനി അനുവാദമുണ്ടാകില്ല. അപേക്ഷയിലെ ഒപ്പ് അവ്യക്തമായോ ചെറുതായോ അപൂര്‍ണമായോ കാണപ്പെടുന്നവര്‍ക്കും പുതുതായി ഒപ്പ് അപ്ലോഡ് ചെയ്യുന്നതിന് അവസരം നല്‍കും. 

2011 ജനുവരി ഒന്നുമുതല്‍ 2015 ജനുവരി 29 വരെയുള്ള കാലയളവിലെ വിജ്ഞാപനങ്ങളില്‍ ഇതിനകം റാങ്ക്പട്ടിക തയ്യാറാക്കാത്തവയ്ക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകളിലെ ഒപ്പില്‍ തിരുത്തല്‍ വരുത്താനുള്ളവര്‍ അതത് ജില്ലാ ഓഫീസുകളെ സമീപിക്കണം.

thozil vartha vagam