കണ്ണൂര്‍: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗങ്ങളുടെ എണ്ണം കുറച്ചേക്കും. ജാതി-മത പരിഗണനയും ഘടകകക്ഷികളുടെ എണ്ണവുമനുസരിച്ച് പി.എസ്.സി.യിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്ന കീഴ്വഴക്കം തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണിയില്‍ നിര്‍ദേശംവെച്ചതായാണ് സൂചന.

മൂന്നുമാസംമുമ്പ് പി.എസ്.സി.യില്‍നിന്ന് എട്ടംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്ക് പുതുതായി നിയമനം നടത്താത്തത് ഈ സാഹചര്യത്തിലാണ്. ഒഴിഞ്ഞ എട്ട് സ്ഥാനങ്ങളും ഒഴിച്ചിടുക, അംഗസംഖ്യ 17 ആയി നിജപ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് പരിഗണനയില്‍. 2013 വരെ 17 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. അന്ന് നാലുപേരുടെ ഒഴിവിലേക്ക് ഏഴുപേരെ നിയമിച്ചു. അതോടെ, അംഗസംഖ്യ ചെയര്‍മാനുള്‍പ്പെടെ ഇരുപത്തൊന്നായി.

നിലവില്‍ ചെയര്‍മാനുള്‍പ്പെടെ 13 പേരാണ് പി.എസ്.സി.യിലുള്ളത്. ശമ്പളവും അലവന്‍സുകളും വാഹനച്ചെലവും പെന്‍ഷനുമുള്‍പ്പെടെ വലിയ സംഖ്യയാണ് ഓരോ അംഗത്തിനുമായി ചെലവഴിക്കുന്നത്. ഇപ്പോഴത്തെ ശമ്പളം ഒന്നരലക്ഷം രൂപയിലേറെയാണ്. ഓരോ അംഗത്തിനും പി.എ. അടക്കം മൂന്ന് പേഴ്‌സണല്‍സ്റ്റാഫുമുണ്ട്.

എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷം വിരമിച്ച ആദ്യ ആറുപേരുടെ ഒഴിവുകള്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ വീതംവെച്ചെടുത്തു. ഇതിനുശേഷം കഴിഞ്ഞ ജനുവരി 28-ന് എട്ടുപേര്‍ കാലാവധി പൂര്‍ത്തിയാക്കി. ഇവര്‍ എട്ടുപേരും 2011-ല്‍ ഇടതുസര്‍ക്കാരിന്റെകാലത്ത് നിയമിതരായവരാണ്. യു.ഡി.എഫ്. ഭരണകാലത്ത് 2013-ല്‍ നിയമിച്ച ആറുപേരുടെ കാലാവധി 2019-ല്‍ തീരും. ആ സ്ഥാനങ്ങളിലേക്ക് ഇടതുസര്‍ക്കാരിനുതന്നെ നിയമനം നടത്താനാകും.

1959-ല്‍ അഞ്ചംഗങ്ങളുണ്ടായിരുന്ന പി.എസ്.സി.യില്‍ അസ്വാഭാവികമായി അംഗസംഖ്യ വര്‍ധിപ്പിച്ചത് 1982 മുതല്‍ 84 വരെയുള്ള കാലത്താണ്. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. 14 പേരായി പി.എസ്.സി. അംഗങ്ങള്‍. തുടര്‍ന്നുവന്ന ഇടതുസര്‍ക്കാരും ഇതേ അംഗസംഖ്യ തുടര്‍ന്നു.

പിന്നീട് വര്‍ധനയുണ്ടായത് 2005-ലാണ്. അന്ന് കമ്മിഷനില്‍ ചെയര്‍മാനടക്കം അംഗങ്ങളുടെ എണ്ണം 18 ആക്കി. 2011-ല്‍ ഭരണം അവസാനിക്കാറായ അവസരത്തില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്ക് ഇടതുമുന്നണി നിയമനം നടത്തി. തുടര്‍ന്ന് അധികാരത്തിലേറിയ യു.ഡി.എഫ്., കമ്മിഷനിലെ സ്വാധീനം ഉറപ്പിക്കാന്‍ 2013-ല്‍ മൂന്നംഗങ്ങളെക്കൂടി ചേര്‍ത്തു.

ഘടകകക്ഷിയുടെ സമ്മര്‍ദഫലമായി ഒരു വനിതയെക്കൂടി അംഗമാക്കാന്‍ കഴിഞ്ഞവര്‍ഷം യു.ഡി.എഫ്. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ശുപാര്‍ശയില്‍ സാങ്കേതികപ്പിഴവുവന്നതിനാല്‍ ഗവര്‍ണര്‍ മടക്കി. ആ നിയമനംകൂടി നടന്നിരുന്നെങ്കില്‍ ചെയര്‍മാനടക്കം 22 അംഗങ്ങള്‍ പി.എസ്.സി.യിലുണ്ടാവുമായിരുന്നു.