നിതകള്‍ക്കൊരു സന്തോഷ വാര്‍ത്ത. പോലീസിലെ വനിതാ ബറ്റാലിയനു പിന്നാലെ അഗ്‌നിരക്ഷാസേനയിലും വനിതകളെ നിയമിക്കാന്‍ നീക്കം. ഫയര്‍ വുമണ്‍ തസ്തികയില്‍ 100 പേരെ നിയമിക്കാനുള്ള അഗ്‌നിരക്ഷാസേനയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. 

ഇനി ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും അനുമതി വേണം. അത് ലഭിച്ചാലുടന്‍ പി.എസ്.സി വഴി നിയമനം നടത്താനാകുമെന്ന് അഗ്‌നിരക്ഷാസേനാ മേധാവി എ.ഹേമചന്ദ്രന്‍ അറിയിച്ചു.  
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 വീതവും മറ്റു ജില്ലാ കേന്ദ്രങ്ങളില്‍ അഞ്ചു വീതവും വനിതകളെ നിയമിക്കും. 

നിലവില്‍ 5,000 പുരുഷന്‍മാരാണ് അഗ്‌നിരക്ഷാസേനയിലുള്ളത്. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്ത് ഫയര്‍ വുമണ്‍മാരെ നിയമിക്കുന്ന നാലാമത്തെ സംസ്ഥാനമായി കേരളം മാറും. 2003-ല്‍ തമിഴ്‌നാടാണ് ആദ്യമായി വനിതകളെ അഗ്‌നിരക്ഷാസേനയിലെടുത്തത്. രണ്ട് പേരെ നിയമിച്ചായിരുന്നു തുടക്കം. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് ഇതിനു പുറമെ വനിതാ ഫയര്‍ഫോഴ്‌സുള്ളത്. 

ഫയര്‍മാന്‍ നിയമനത്തിനുള്ള കുറഞ്ഞ യോഗ്യത ഹയര്‍ സെക്കണ്ടറിയാക്കി 2014 ല്‍ സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചിരുന്നു. അതിനാല്‍ ഫയര്‍ വുമണിനും ഹയര്‍ സെക്കണ്ടറിയായിരിക്കും യോഗ്യത. കായിക സ്ഥിരതാ പരീക്ഷയും തിരഞ്ഞെടുപ്പിനുള്ള മാനഃദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

പോലീസില്‍ വനിതാ ബറ്റാലിയനു പുറമെ 2160 വനിതാ ഉദ്യോഗസ്ഥരുടെ തസ്തിക സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയായ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് ഇത്. 

നിലവില്‍ 3724 വനിതകളേ പോലീസിലുള്ളൂ. സേനയുടെ വെറും ആറു ശതമാനമാണിത്. വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നത്.