skill developmentകോഴിക്കോട്: ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളെ ദേശീയതലത്തില്‍ ഒരുകുടക്കീഴില്‍ കൊണ്ടുവരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ നൈപുണ്യ യോഗ്യത ചട്ടക്കൂടില്‍ (എന്‍.എസ്.ക്യു.എഫ്) ഇനിയും ഉള്‍പ്പെടാത്തതിനാല്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ല. 

2018 നുള്ളില്‍ എന്‍.എസ്.ക്യു.എഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ കേന്ദ്രസ്ഥാപനങ്ങളിലും അന്യസംസ്ഥാനങ്ങളിലും തുടര്‍പഠനത്തിനുള്ള സാധ്യതകളും കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് നഷ്ടപ്പെടും. എന്‍.എസ്.ക്യു.എഫ് പദ്ധതി പ്രകാരം ഒമ്പത് മുതല്‍ 12 - ാംക്ലാസ് വരെയുള്ള വിദ്യാര്‍ഥി നാല് തലത്തിലായി ഏതെങ്കിലും ഒരു തൊഴില്‍ പഠിക്കണം. ഇതിനുശേഷം പഠനം നിര്‍ത്തേണ്ടിവന്നാല്‍ എന്തെങ്കിലും ഒരുതൊഴില്‍ ചെയ്യാന്‍ പ്രാപ്തനാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൃഷി, ഡി.ടി.പി, അക്കൗണ്ടിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് തുടങ്ങി 48 തൊഴിലുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒമ്പതാം ക്ലാസില്‍ ലെവല്‍ ഒന്ന്, പത്തില്‍ ലെവല്‍ രണ്ട്, 11 ല്‍ ലെവല്‍ മൂന്ന് 12 ല്‍ ലെവല്‍ നാല് എന്നിങ്ങനെ ഇതില്‍ ഏതെങ്കിലും ഒരു ട്രേഡ്  പരിശീലിപ്പിക്കും. എന്‍.സി.ഇ.ആര്‍.ടി.ക്കു കീഴിലുള്ള  ഭോപ്പാലിലെ പി.എസ്.എസ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയുട്ട്  ഓഫ് വൊക്കേഷണല്‍ എഡ്യുക്കേഷന്‍  തയ്യാറാക്കിയ സിലബസാണ് എന്‍.എസ്.ക്യു.എഫ്. പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ പഠിപ്പിക്കുന്നത്.     

നേരത്തെ ഉണ്ടായിരുന്ന നാഷണല്‍ വൊക്കേഷണല്‍ എഡ്യുക്കേഷണല്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്  മാറ്റിയാണ്  2013 ല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍.എസ്.ക്യു.എഫ് പദ്ധതി കൊണ്ടുവന്നത്. ഇപ്പോള്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കികഴിഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിലും വരുന്ന ഒഴിവുകളില്‍ പ്ലസ്ടു വരെ യോഗ്യതയുള്ള തസ്തികകള്‍ക്ക്  ഇനി അപേക്ഷിക്കണമെങ്കില്‍ എന്‍.എസ്.ക്യു.എഫ്. യോഗ്യത നിര്‍ബന്ധമാക്കും. രാഷ്ട്രപതിഭവനിലേക്ക് മാലി ഗ്രേഡ് മൂന്ന് തസ്തികയിലെ 70 ഒഴിവിലേക്ക് ജനുവരി 30 ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ എന്‍.എസ്.ക്യു.എഫ് ലെവല്‍ നാല് സര്‍ട്ടിഫിക്കറ്റുള്ളവരില്‍നിന്ന് മാത്രമാണ് അപേക്ഷ ക്ഷണിച്ചത്. 

കേരളത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്കും ഈ ജോലിക്ക് അപേക്ഷിക്കാന്‍ അവസരം ലഭിച്ചില്ല.  എന്‍.എസ്.ക്യു.എഫ്  യോഗ്യത മാനദണ്ഡമാക്കി ഇതാദ്യമായാണ് തൊഴിലിന് അപേക്ഷ ക്ഷണിക്കുന്നത്. യു.പി.എസ്.സി.യും താമസിയാതെ ഇത് നടപ്പിലാക്കും. പുതിയ പാഠ്യക്രമപ്രകാരം റിക്രൂട്ട്മന്റ് നയം മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ യു.പി.എസ്.സി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഇത് നടപ്പിലായാല്‍ റയില്‍വെ ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍ വരുന്ന ആയിരകണക്കിന് തൊഴിലവസരങ്ങള്‍ കേരളത്തില്‍നിന്നുള്ള കുട്ടികള്‍ക്ക് അപ്രാപ്യമാവും.

ടെക്‌നിക്കല്‍, വൊക്കേഷണല്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് നിലവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വന്‍തുക കേന്ദ്രഫണ്ടായി ലഭിക്കുന്നുണ്ട്. 2017 നുള്ളില്‍ എന്‍.എസ്.ക്യു.എഫ് നടപ്പിലാക്കിയില്ലെങ്കില്‍ ഇപ്പോള്‍ നല്‍കുന്ന ഫണ്ടുകള്‍ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങള്‍ എല്ലാം ഇത് നടപ്പിലാക്കികഴിയുമ്പോള്‍, കേരളത്തില്‍ നിന്ന് പ്ലസ്ടു കഴിയുന്ന കുട്ടിക്ക് എന്‍.എസ്.ക്യു.എഫ് സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ തുടര്‍പഠനത്തിനുള്ള അവസരവും നഷ്ടമാവും. 

2018 ല്‍ 30 വി.എച്ച്.എസ്.സി കളില്‍ ആദ്യഘട്ടത്തില്‍ എന്‍എസ്.ക്യുഎഫ് പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുമ്പോള്‍, നടപ്പിലാക്കാന്‍ വൈകുന്നത് കേരളത്തിലെ കുട്ടികളുടെ അവസരവങ്ങളാണ് നഷ്ടപ്പെടുത്തുക.