ARMYന്യൂഡല്‍ഹി: ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ (ജെ.സി.ഒ) ഗസറ്റഡ് ഓഫീസര്‍മാരാണെന്ന് കരസേന വ്യക്തമാക്കി. സേനയില്‍ 64,000-ത്തോളം പേര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. ജെ.സി.ഒ.മാര്‍ നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരാണെന്ന മുന്‍ വിജ്ഞാപനമാണ് കരസേന തിരുത്തിയത്.

ശമ്പളം, ആനുകൂല്യം എന്നിവയുമായി ബന്ധപ്പെട്ട് സേനയിലെ വലിയൊരു വിഭാഗത്തിന് അസംതൃപ്തി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കരസേന ഈ തീരുമാനം എടുത്തിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള ഒരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ 2011ല്‍ ജെ.സി.ഒ.മാര്‍ നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരാണെന്ന് കരസേന അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നിലനിന്ന അവ്യക്തത പൂര്‍ണമായി അവസാനിപ്പിച്ചുകൊണ്ടാണ് കരസേനാ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ പുതിയ തീരുമാനം.

നായിബ് സുബേദാര്‍, സുബേദാര്‍, സുബേദാര്‍ മേജര്‍ എന്നീ മൂന്ന് റാങ്കുകളില്‍ പെടുന്ന സേനാംഗങ്ങള്‍ക്ക് പുതിയ നിലപാടിന്റെ പ്രയോജനം ലഭിക്കും.

2011-ലെ ഉത്തരവ് ജെ.സി.ഒ.മാരില്‍ വലിയ അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഓഫീസര്‍മാരുടെയും ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെയും കാര്യത്തില്‍ സൈനികനിയമത്തില്‍ വ്യത്യസ്തതകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലുള്ള തെറ്റായ വ്യാഖ്യാനമായിരിക്കാം മുന്‍ തീരുമാനത്തിന് കാരണമെന്നും സൈനികോദ്യോഗസ്ഥര്‍ പറയുന്നു.
 
Content highlights: Indian Army Junior Commissioned Officer, Indian Army