ര്‍ക്കാര്‍ ജോലി സ്വപ്‌നമെങ്കില്‍ പരീക്ഷാ നടത്തിപ്പിന്റെ അധികാരിയായ പി.എസ്.സി എന്തായിരിക്കണം ? കാലങ്ങള്‍ കാക്കേണ്ട നിയമന രീതിയും കാലഹരണപ്പെട്ട പ്രവര്‍ത്തനവും ഇനിയും മതിയാകില്ലെന്ന് ബോദ്ധ്യപ്പെട്ട കാലത്താണ് പുതിയൊരു നേതൃത്വത്തിലേക്ക് അഞ്ചുകൊല്ലം മുമ്പ് പി.എസ്.സി എത്തിയത്. അറിയപ്പെടുന്ന അദ്ധ്യാപകനായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായി സ്ഥാനമേറ്റു. 

പരീക്ഷകളില്‍ സമൂല മാറ്റത്തിന്റെ വര്‍ഷങ്ങളാണ് സംഭവിച്ചതെന്ന് കണക്കുകള്‍ നിരത്തി സ്ഥാപിക്കാന്‍ കഴിയുന്ന വിധമായിരുന്നു പ്രവര്‍ത്തനം. വിജ്ഞാപനക്കണക്കില്‍ റെക്കോഡാണ് ഇക്കാലത്തുണ്ടായത്. 

പ്രാചീനരീതികളെ കാലോചിതമായി പരിഷ്‌കരിക്കുകയും അക്കാദമിക്, പരീക്ഷ, അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പാക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തോടെ കാലാവധി പൂര്‍ത്തിയാക്കി പടിയിറങ്ങാനൊരുങ്ങുമ്പോള്‍ അഞ്ചുകൊല്ലത്തെ പ്രവര്‍ത്തനമികവും ഭാവി പദ്ധതികളും വ്യക്തമാക്കുകയാണ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍.

പി.എസ്.സി ചെയര്‍മാനായി സ്ഥാനമേല്‍ക്കുമ്പോള്‍ എന്തൊക്കെയാണ് ഉദ്ദേശിച്ചിരുന്നത്? എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് ? 

സത്യം പറഞ്ഞാല്‍ വളരെ ഒഴിവുള്ള തൊഴിലാകുമെന്നു കരുതിയാണ് വന്നത്. ഇന്റര്‍വ്യൂ നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു. ഇവിടെ വന്നു കഴിഞ്ഞപ്പോഴാണ് ഇതൊരു ഫുള്‍ടൈം ജോലിയാണെന്നും 24 മണിക്കൂറും ഇരുന്നു പണിയെടുക്കണമെന്നും ബോദ്ധ്യപ്പെട്ടത്. 

പിന്നെ രണ്ട് ഓപ്ഷനാണ് എന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകില്‍ പണിയെടുക്കാതെ പോകാം. അല്ലെങ്കില്‍ പണിയെടുക്കാം. ആദ്യത്തെ ഓപ്ഷന്‍ ജീവിതത്തിലില്ലാത്തതു കൊണ്ട് പണിയെടുക്കാന്‍ തന്നെ തീരുമാനിച്ചു. 

സാധാരണ അഞ്ചു ദിവസവും ഓഫീസിലുണ്ടാകുമെന്ന് ഉറപ്പാക്കി ആദ്യം. രാവിലെ 9.30 ന് വന്നാല്‍ രാത്രി ഏഴുമണിക്കേ ഇറങ്ങൂ. വന്നു കഴിഞ്ഞപ്പോള്‍ ഏറ്റവും വിഷമം തോന്നിയത് 27 കൊല്ലമായിട്ടും നിയമനം നടത്താത്ത തസ്തികകളുണ്ടായിരുന്നു എന്നതാണ്. 

അത് റിപ്പോര്‍ട്ട് ചെയ്തിട്ടും ഇവിടെ ആരുമത് ശ്രദ്ധിക്കാതെ കിടന്നിരുന്നു. അത്തരത്തില്‍ ഒരുപാട് കുടിശ്ശിക ഉണ്ടായിരുന്നു.

ആദ്യം എനിക്കൊന്നും മനസിലായില്ല. എവിടെയൊക്കെയാണ്, എങ്ങനെയൊക്കെയാണ് എന്നൊന്നും. ആദ്യം ചെയ്തത് അന്നുവരെ ഇല്ലാതിരുന്ന പ്ലാനിംഗ് സബ് കമ്മിറ്റിയുണ്ടാക്കുകയായിരുന്നു. മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യം. 

അതിന്റെ ചെയര്‍മാനായി ഞാനും അംഗങ്ങളായി സീനിയര്‍ അംഗങ്ങളും ഇരുന്നു. പിന്നെ ജീവനക്കാരുടെ അകമഴിഞ്ഞ സഹായവുമുണ്ടായപ്പോ എവിടെയൊക്കെയാണ് പിഴവ് പറ്റിയതെന്ന് മനസിലായി. പിന്നെയതു പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളായി.

തുടക്കമെന്ന രീതിയില്‍ മൂല്യനിര്‍ണ്ണയ കേന്ദ്രത്തെ അപ്പാടെ മാറ്റി. എട്ടുമാസമായി മൂല്യനിര്‍ണ്ണയത്തിനുള്ള യന്ത്രങ്ങള്‍ കേടായിരുന്നു. യന്ത്രങ്ങള്‍ പുതുതായി വാങ്ങി. കുടിശ്ശികയുണ്ടായിരുന്ന ഉത്തരക്കടലാസുകള്‍ മുഴുവന്‍ നോക്കിത്തീര്‍ത്തു. ഇപ്പോ കുടിശികയില്ല. കിട്ടുന്നത് അപ്പപ്പോള്‍ തീര്‍ക്കുന്നുണ്ട്. 

അതിന്റെ ഫലമായി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ തന്നെ അതുവച്ച് ബാക്കി കാര്യങ്ങള്‍ ചെയ്യാനായി. ഉദ്യോഗസ്ഥരുടെ സഹകരണമാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ജീവനക്കാര്‍ അകമഴിഞ്ഞ് എനിക്കൊപ്പം നിന്നു.

എന്റെ ജീവിതത്തിലെ സമയം ഏതാണ്ട് പൂര്‍ണ്ണമായി ഇതിനായി ചെലവഴിച്ചു. അതിന്റെ ഫലമായി എഴുത്ത് പരിപൂര്‍ണ്ണമായി നിന്നു. പ്രസംഗങ്ങള്‍ക്ക് കഴിയുന്നത്ര പോകാതായി.

വിജ്ഞാപന കണക്കിലെ റെക്കോഡ് നിയമനങ്ങളിലില്ല എന്ന വിമര്‍ശനമുണ്ടല്ലോ? 

അത് ശരിയല്ല. 1,50,898 പേര്‍ക്ക് നിയമനം കൊടുത്തിട്ടുണ്ട്. അതിന് മുമ്പ് 1,62,000 ആയിരുന്നു. ഈ വ്യത്യാസം എങ്ങനെയാണ് സംഭവിച്ചതെന്നു പറയാം.

psc

2006 ല്‍ ഇടതുപക്ഷ സര്‍ക്കാറിന് മുമ്പുള്ള എ.കെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് നിയമനങ്ങള്‍ വേണ്ടത്ര റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അത് അദ്ദേഹത്തിന്റെ ഒരു സമീപനമായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരാണ് ഇവിടുത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം എന്നൊരു നിഗമനത്തില്‍ ആന്റണി എത്തുകയും ഇവിടെ വലിയ സമരം നടക്കുകയും ചെയ്തു. 

ഞാനൊക്കെ 30 ദിവസം സമരം ചെയ്തവരാണ്. രാഷ്ട്രീയ വ്യത്യാസമില്ലാതെ ജീവനക്കാര്‍ ഒന്നിച്ചു നിന്നു സമരം ചെയ്തു. എ.കെ.ആന്റണിയുടെ ആ നിലപാട് തെറ്റായിരുന്നു. ഒരു സംവിധാനം നടത്തിക്കൊണ്ടു പോകുന്ന ജീവനക്കാരാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്ന് ഒരു ഐ.എ.എസുകാരന്‍ പറഞ്ഞാല്‍ നമ്മളത് വിശ്വസിക്കാന്‍ പാടില്ലല്ലോ. 

പിന്നെ ഉമ്മന്‍ചാണ്ടിയ്ക്ക് കിട്ടിയ ചെറിയ ഒരു സമയത്താണ് അത് മറികടക്കാനായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചത്. അങ്ങനെ കെട്ടിക്കിടന്ന നിയമനങ്ങളെല്ലാം വന്നുപെട്ടത് ഇടതുമുന്നണി സര്‍ക്കാറിന്റെ അവസാന കാലത്തിന് മുമ്പാണ്. അതാണ് ഒരു അയ്യായിരത്തിന്റെ വ്യത്യാസമുണ്ടാക്കിയത്.

ഒരു കൊല്ലം പി.എസ്.സി വഴി നിയമനം കിട്ടാവുന്ന ആളുകളുടെ ശരാശരി എണ്ണം 30,000 ആണ്. ഇതിനകത്തു നില്‍ക്കും. അല്ലാതൊരു വലിയ ബ്രേക്കുണ്ടാകില്ല. നിയമനത്തില്‍ കുറവുണ്ടായിട്ടില്ല. ഇതില്‍ കൂടുതല്‍ താങ്ങാന്‍ നമ്മുടെ സ്‌റ്റേറ്റിന് പറ്റില്ല.

ഓണ്‍ലൈന്‍ പരീക്ഷകള്‍ ആദ്യമായി ആവിഷ്‌കരിച്ചത് താങ്കളുടെ കാലയളവിലാണല്ലോ ? അതെങ്ങനെയാണ് സാധിച്ചത് ?

ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ച് 2013 ലാണ് കമ്മീഷന്‍ ആലോചിക്കുന്നത്. യു.പി.എസ്.സി ചെയര്‍മാന്‍ അദ്ധ്യക്ഷനായി കൊല്ലത്തിലൊരിക്കലുള്ള പി.എസ്.സി ചെയര്‍മാന്‍മാരുടെ യോഗമാണ് കാരണമായത്. 

നിയമനങ്ങള്‍ക്കുള്ള പരീക്ഷകള്‍ ഓണ്‍ലൈനിലാക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. അതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എല്ലാം ആദ്യം നടപ്പാക്കുന്നത് കേരളമാണല്ലോ എന്ന തരത്തില്‍ ചോദ്യം നമ്മുടെ നേര്‍ക്കുവന്നു. നിലവില്‍ നടക്കുന്നില്ലെന്ന് ഞാനറിയിച്ചു. 

അവിടെവച്ചാണ് രാജസ്ഥാന്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതായി അറിഞ്ഞത്. അന്നുതന്നെ നേരിട്ടുകാണാന്‍ പോയി. പരീക്ഷയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയുമായി സംസാരിച്ചു. 600 രൂപ ഒരു ഉദ്യോഗാര്‍ത്ഥിയില്‍ നിന്നു വാങ്ങിയാണ് അവിടെ പരീക്ഷ നടത്തുന്നത്. പരീക്ഷ നടത്താന്‍ അതില്‍ 400 രൂപ ടാറ്റ കണ്‍സള്‍ട്ടന്‍സിക്കു കൊടുക്കണം. അവരാണ് ചോദ്യമുണ്ടാക്കി നടത്തുന്നത്.

അങ്ങനെ ഇവിടെയും സ്വന്തമായി ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങാന്‍ തീരുമാനിച്ചു. തുടങ്ങേണ്ടത് തിരുവനന്തപുരത്താണെന്നും തീരുമാനമായി. ഹെഡ് ഓഫീസില്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ സ്ഥലമുണ്ടായിരുന്നത് സദ്യാലയമായി ഉപയോഗിച്ചു വരികയായിരുന്നു. 

ജീവനക്കാരുടെ സദ്യക്കായി പോയപ്പോഴാണ് ഞാനത് കണ്ടത്. അങ്ങനെയാണ് അത് ഉപയോഗപ്പെടുത്താന്‍ ആലോചിച്ചു. അപ്പോ തന്നെ എതിര്‍പ്പും വന്നു. ഇത്രേം ആളുകള്‍ വന്നാല്‍ കെട്ടിടം ഇടിഞ്ഞു വീഴുമെന്നായിരുന്നു അത്.

ആളുകളെ കയറ്റിയാല്‍ പ്രശ്‌നമുണ്ടാകില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. അദര്‍ എക്‌സ്‌പെന്‍സ് ഫണ്ടില്‍ നിന്നുള്ള പണമുപയോഗിച്ച്് സൗകര്യങ്ങളൊരുക്കി. അതുവച്ച് ഗംഭീരമായി പണിത് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാക്കി. 

അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. അതുകഴിഞ്ഞപ്പോ എറണാകുളം റെയില്‍വേ സ്‌റ്റേഷനടുത്ത് രണ്ടാമത് കേന്ദ്രം തുടങ്ങി. അപ്പോഴാണ് പുതിയ ആവശ്യം വരുന്നത്, മലയോര മേഖലയിലുള്ളവര്‍ക്കായി പത്തനംതിട്ടയില്‍ ഒരെണ്ണം സ്ഥാപിക്കണമെന്ന്. അങ്ങനെ അവിടെയും പണിതു. ഇപ്പോ നാലാമത്തെതാണ് കോഴിക്കോട് ഉദ്ഘാടനം ചെയ്തത്.

അതുകൊണ്ടു വലിയ മെച്ചമാണുണ്ടായത്. സാധാരണ പരീക്ഷകള്‍ക്കായി ചോദ്യപേപ്പര്‍ തയ്യാറാക്കി സീല്‍ ചെയ്ത് അച്ചടിക്കായി കേരളത്തിന് പുറത്തുള്ള സെക്യൂരിറ്റി പ്രസില്‍ അയച്ചു കൊടുക്കുകയായിരുന്നു അതുവരെ പതിവ്. ഉത്തരേന്ത്യയില്‍ അയച്ചുകൊടുത്താല്‍ പ്രിന്റ് ചെയ്ത് കണ്ടെയ്‌നറുകളില്‍ തിരികെയെത്തിക്കണം. 

ഇതിനൊക്കെ വലിയ ചെലവാണ്. ഇവിടെയെത്തിച്ചാല്‍ പിന്നെയത് അതത് ജില്ലാ കേന്ദ്രങ്ങളിലെത്തിക്കണം. പിന്നെ പരീക്ഷാ കേന്ദ്രങ്ങളിലും. പ്രിന്റിങ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് എന്നിവ കൂടാതെ ഒരു കുട്ടി പരീക്ഷയെഴുതുന്നതിന് പരീക്ഷാകേന്ദ്രത്തിന് അഞ്ചു രൂപ വച്ചു കൊടുക്കുകയും വേണം. 

അടിച്ചുതൂക്കി വൃത്തിയാക്കാനാണിത്. പക്ഷേ, അവിടെയൊന്നും അടിക്കാറും തൂക്കാറും വൃത്തിയാക്കാറുമില്ല. എങ്കിലും അഞ്ചുരൂപ കൊടുക്കണം. ഓണ്‍ലൈന്‍ ആക്കിയപ്പോള്‍ ഈ ചെലവുകളൊക്കെ കുറയ്ക്കാനായി.

ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുന്നതായി പറയുമ്പോള്‍ തന്നെ പരീക്ഷയ്ക്കുള്ള സോഫ്റ്റ് വെയര്‍ കുറ്റമറ്റതല്ലെന്ന് ആക്ഷേപമുണ്ടല്ലോ?

നമ്മളൊരു പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ എന്തായാലും പ്രായോഗികമായ ചില പ്രയാസങ്ങള്‍ വരും. ഓണ്‍ലൈനിനെക്കുറിച്ചുള്ള ആക്ഷേപങ്ങളൊക്കെ പരിഹരിച്ചിട്ടുണ്ട്. ഇങ്ങനൊരു സംവിധാനത്തിനൊരുങ്ങുമ്പോള്‍ നമുക്കത് സി.ഡിറ്റിനേ കൊടുക്കാനാകൂ. 

സ്വകാര്യ സ്ഥലത്തു കൊടുക്കാനാകില്ല. സി.ഡിറ്റ് പ്രായോഗികമായി ഈ സംവിധാനം ചെയ്തു പഠിച്ചത് നമ്മളത് കൊണ്ടുവന്നപ്പോഴാണ്. നിലവിലത് കുറ്റമറ്റ സംവിധാനം തന്നെയാണ്.

ചെലവിനാവശ്യമായ ഫണ്ടിന്റെ കാര്യത്തില്‍ പി.എസ്.സിയുടെ അവസ്ഥയെന്താണ് ?

ഫണ്ടിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ട്. 2,18,00,000 പേര്‍ പരീക്ഷയെഴുതുമ്പോള്‍ ഇന്‍വിജിലേറ്റര്‍ക്കുള്ളതടക്കം 200 രൂപയാണ് ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് ചെലവ്. ചെലവെത്ര വരുമെന്ന് കണക്കാക്കി നോക്കൂ. സ്വാഭാവികമായും ചെലവ് കൂടി. 

നേരത്തേ പി.എസ്.സിയ്ക്ക് അനുവദിക്കുന്ന പണം തിരിച്ചടയ്ക്കുന്ന പതിവുണ്ടായിരുന്നു. ഇപ്പോഴുണ്ടായ പ്രശ്‌നം എന്താണെന്നു വച്ചാല്‍ ചെലവ് കൂടിയപ്പോള്‍ തരുന്ന പണവും കുറഞ്ഞു. പരീക്ഷയെഴുതിയില്ലെങ്കിലും ഉദ്യോഗാര്‍ത്ഥിയ്ക്ക് പണം ചെലവാക്കേണ്ട അവസ്ഥ വരെയുണ്ട്. 

പരീക്ഷയ്ക്ക് വരാതിരിക്കുന്ന ഒരു ഉദ്യോഗാര്‍ത്ഥി വലിയ ദ്രോഹമാണ് നമ്മുടെ രാജ്യത്തോടു ചെയ്യുന്നത്. കാരണം പത്തുപൈസ പോലും വാങ്ങാതെയാണല്ലോ ഇത് ചെയ്യുന്നത്. ഈ കാലയളവിലാണ് സമ്പൂര്‍ണ്ണമായ കമ്പ്യൂട്ടറൈസേഷനിലേക്ക് മാറിയത്. 

അപേക്ഷിക്കുന്നതു മുതലുള്ള മുഴുവന്‍ കാര്യങ്ങളും കമ്പ്യൂട്ടറൈസേഷനിലായപ്പോള്‍ ഇത് ഇടയ്ക്കിടെ അപ്‌ഗ്രേഡ് ചെയ്യേണ്ടി വന്നു. ഒരു സംവിധാനത്തിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നു വരുമ്പോള്‍ അതിനായി പണം ചെലവാക്കണം. ആദ്യം ചെലവാക്കിയ പണം വെറുതേയായിപ്പോകും.

പക്ഷേ, എല്ലാം ആ സിസ്റ്റത്തിലേക്കു വരുമ്പോള്‍ ചെലവ് കുറയും. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ഒരു ഉദ്യോഗാര്‍ത്ഥിയ്ക്ക് വെറും ഒമ്പതു രൂപ മാത്രമാണ് ചെലവ്. സാമ്പത്തികമായി വലിയ കുഴപ്പമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

യൂണിഫോം തസ്തികകളില്‍ എല്ലാ കൊല്ലവും വിജ്ഞാപനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നല്ലോ ? ഇക്കൊല്ലത്തെ അവസ്ഥയെന്താണ് ?

സര്‍ക്കാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണിപ്പോള്‍. എസ്.ഐ വിജ്ഞാപനത്തിന്റെ കാര്യത്തില്‍ മാത്രം കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. ബാക്കിയൊക്കെ നടക്കുന്നുണ്ട്. അത് സര്‍ക്കാറാണ് പരിഹരിക്കേണ്ടത്.

എല്‍.ഡി ക്ലാര്‍ക്ക് വിജ്ഞാപനത്തിന്റെ കാര്യത്തിലോ ?

നവംബറിനു മുമ്പ് നടത്തിയാല്‍ മതി. അതു ഞാനില്ലെങ്കിലും നടക്കും.

ജീവനക്കാരുടെ സഹകരണത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നല്ലോ. അംഗങ്ങളില്‍ രണ്ടുപേര്‍ ചെയര്‍മാനെതിരെ ഹൈക്കോടതിയില്‍ റിട്ട് കൊടുത്തതും ഇക്കാലത്തിനുള്ളില്‍ തന്നെയാണ്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഭരണത്തിന്റെ അധികാരി ആരെന്നതായിരുന്നു അതിലെ പ്രശ്‌നം. അതു സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്, ഭരണനിര്‍വഹണം ചെയര്‍മാന്റെ ഉത്തരവാദിത്വമാണെന്നാണ്. അംഗങ്ങളില്‍ ചിലര്‍ക്ക് അങ്ങനെയല്ല അഭിപ്രായം. അത് അങ്ങനെയല്ല എന്നു തോന്നിയവര്‍ കോടതിയില്‍ പോയിട്ടുണ്ട്. അതൊരു ജനാധിപത്യ രീതിയല്ലേ.

കമ്മീഷന്‍ യോഗങ്ങള്‍ക്കിടെ ബഹിഷ്‌കരണം പതിവായിരുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു?

അത് ഇറങ്ങിപ്പോകുന്നതല്ല. അവര്‍ക്കെവിടെയെങ്കിലും പോകാനുള്ളതു കൊണ്ട് പോകുന്നതാണ്. വേറെവിടെയെങ്കിലും പോകാനുള്ളപ്പോ ഞങ്ങളിനി ഇരിക്കുന്നില്ല എന്നു പറഞ്ഞ് അവര്‍ പോകും. എന്നിട്ട് വാക്കൗട്ട് നടത്തിയെന്നു പറയും. 

ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളം പറ്റുന്ന അംഗങ്ങള്‍ക്ക് അങ്ങനെ ഇറങ്ങിപ്പോകാന്‍ അധികാരമുണ്ടോ? അവര്‍ ഇറങ്ങിപ്പോയെന്നു വന്നാല്‍ അന്നേ ദിവസത്തെ ശമ്പളം വാങ്ങിയിട്ടുണ്ടോ എന്ന പ്രശ്‌നം വരില്ലേ?

കമ്മീഷന്റെ യോഗതീരുമാനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാനുള്ള സംവിധാനം സുതാര്യമല്ലെന്നു പറയുന്നതിനോട് എന്താണ് മറുപടി ?

ഏറ്റവും ശക്തമായ സംവിധാനമാണ് അതിനുള്ളത്. ഒന്നാമതായി ആശ്രയിക്കുന്നത് മാദ്ധ്യമങ്ങളെയാണ്. ഇതുകൂടാതെ ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തിഗത പ്രൊഫൈലിലേക്കും മൊബൈല്‍ നമ്പറിലേക്കും സന്ദേശമയക്കും. ഏതെങ്കിലും തരത്തില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രതികരണം ഉണ്ടാകുന്നില്ലെങ്കില്‍ പഴയ മാര്‍ഗത്തില്‍ രജിസ്റ്റേഡ് പോസ്റ്റായി അറിയിക്കും.

പി.എസ്.സിയില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പാസ്‌വേഡ് മറന്നുപോയാല്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയാണെന്നു പരാതിയുണ്ടല്ലോ ?

അതിന് സംവിധാനമുണ്ട്. പക്ഷേ, ഉദ്യോഗാര്‍ത്ഥി നേരിട്ടു വരേണ്ടിവരുമെന്നു മാത്രം. ഞങ്ങളുടെ സാങ്കേതികവിഭാഗവുമായി ബന്ധപ്പെട്ടാല്‍ പരിഹരിക്കാനാകും. ഇ - മെയില്‍ സംവിധാനത്തില്‍ എന്തുവേണമെങ്കിലും ആവാം. 

ഇത്രയും ആളുകളുടെ വിവരങ്ങള്‍ ചോരാന്‍ അവസരം ഉണ്ടായിക്കൂടാ. ഒരു ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറാനാവില്ല. ആളെ കണ്ടു ബോദ്ധ്യപ്പെടുത്തിയാലേ മാറ്റാന്‍ അവസരം കൊടുക്കൂ. ഇനിയും അത് തുടരാനാണ് ഉദ്ദേശിക്കുന്നത്.

എന്റെ സേവന കാലയളവില്‍ ഇത്തരത്തില്‍ രണ്ടോ മൂന്നോ പരാതികളേ ഉണ്ടായിട്ടുള്ളൂ.

പരീക്ഷയുടെ സിലബസുള്‍പ്പെടെ കാര്യങ്ങളില്‍ തൃപ്തനാണോ ? ഇപ്പോഴുള്ള വലിയ പരീക്ഷകളൊക്കെ ഒരുതരത്തില്‍ എലിമിനേഷന്‍ തന്നെയല്ലേ ?

ഞങ്ങളതിനെ എലിമിനേഷന്‍ എന്നല്ല പറയുന്നത്. ഏറ്റവും യോഗ്യതയുള്ളവരെത്തന്നെയാണ് തിരഞ്ഞെടുക്കുന്നത്. 

ഇപ്പോഴത്തെ പരീക്ഷാരീതി ഏറ്റവും യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കാന്‍ പ്രാപ്തമാണോ ?

തീര്‍ച്ചയായും. പക്ഷേ ഇവര്‍ക്ക് പരിശീലനം കൊടുക്കുന്നതില്‍ മാത്രമാണ് പ്രശ്‌നം. അത് സര്‍ക്കാര്‍ തലത്തിലാണ് ചെയ്യേണ്ടത്.

ഈ മാസത്തോടെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ പിന്നെന്തൊക്കെയാണ് മുന്‍ഗണനയിലുള്ളത് ?

രണ്ടുപേര്‍ ഗവേഷണം ചെയ്യുന്നുണ്ട്. അവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ അതു നിര്‍ത്തണം. എഴുത്തും വായനയുമായി കൂടാനാണ് ഉദ്ദേശിക്കുന്നത്. മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ പണിയിലാണ്.

ഒമ്പതു കഥാപാത്രങ്ങളും ഒമ്പതു കഥാസന്ദര്‍ഭങ്ങളും അടിസ്ഥാനമാക്കി നാട്യശാസ്ത്രത്തിലെ നവരസങ്ങളെയും വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് പുസ്തകത്തില്‍. സൗന്ദര്യശാസ്ത്രപരവും തത്വശാസ്ത്രപരവുമാണ് പ്രമേയം.

ശ്രീകൃഷ്ണനാണ് കേന്ദ്ര കഥാപാത്രം. ശ്രീകൃഷ്ണന്‍ ഓരോരുത്തരെയായി തിരഞ്ഞെടുത്ത് നവരസങ്ങള്‍ വ്യാഖ്യാനിക്കുന്ന തരത്തിലാണ് ഉദ്ദേശിക്കുന്നത്. അതില്‍ കൃത്യമായി ആളുകളെ തിരഞ്ഞെടുക്കുന്നതൊക്കെ വെല്ലുവിളിയാണ്. വിവര ശേഖരണം കഴിഞ്ഞു. ഒരു രണ്ടര വര്‍ഷമെങ്കിലുമെടുക്കും പൂര്‍ത്തിയാവാന്‍. 

എഴുത്ത്, വായന, പ്രസംഗം, ക്ലാസെടുക്കല്‍.. അങ്ങനെ പോകണം.

രാഷ്ട്രീയ പ്രവര്‍ത്തനം ആലോചനയിലുണ്ടോ ?

രാഷ്ട്രീയക്കാരോട് അതൃപ്തിയൊന്നുമുള്ളയാളല്ല ഞാന്‍. അവിടെയൊക്കെ ഒരുപാട് പേരുണ്ടല്ലോ. പക്ഷേ, എന്റെ സ്ഥാനത്ത് ഞാന്‍ മാത്രമല്ലേയുള്ളൂ. കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധമുള്ളയാളാണ് എന്നത് ശരിയാണ്. I'm proud of my congress culture too. എന്തായാലും രാഷ്ട്രീയത്തിലേക്കില്ല.