syamaസാമൂഹ്യനീതി വകുപ്പ് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അര്‍ഹയായ എം.എഡ് വിദ്യാര്‍ത്ഥിനി ശ്യാമ തന്റെ പഠനത്തെക്കുറിച്ചും പോരാട്ടത്തെ കുറിച്ചും സംസാരിക്കുന്നു. 

'ശ്യാം എന്ന് വേണ്ട, ശ്യാമ മതി,' അഭിമുഖം തുടങ്ങുന്നതിന് മുഖവുരയായി ശ്യാമ പറഞ്ഞു. തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ രണ്ടാം വര്‍ഷ എം.എഡ് വിദ്യാര്‍ത്ഥിയാണ് ശ്യാമ. ആരേയും അത്ഭുതപ്പെടുത്തുന്ന അക്കാദമിക് യോഗ്യതയുണ്ട് ശ്യാമയ്ക്ക്. മലയാളത്തില്‍ ഡിസ്റ്റിംഗ്ഷനോടെ ബിരുദാനന്തര ബിരുദം. 2014 ല്‍ നെറ്റ് യോഗ്യത. 86% മാര്‍ക്കോടെ ബി.എഡ് ബിരുദം. ഇപ്പോള്‍ സ്‌കോളര്‍ഷിപ്പോടെ എം.എഡും. 

എന്നാല്‍ ഇതായിരുന്നില്ല ശ്യാമ കണ്ടിരുന്ന സ്വപ്നം. പ്ലസ്ടുവില്‍ ഉന്നതമാര്‍ക്ക് നേടി വിജയിച്ച ശ്യാമയ്ക്ക് മെഡിസിന് പോകാനായിരുന്നു ആഗ്രഹം. കേരള മെഡിക്കല്‍ എന്‍ട്രന്‍സിന് ജനറല്‍ കാറ്റഗറിയില്‍ മുന്നൂറിനടുത്ത് റാങ്ക് നേടി മെരിറ്റില്‍ തന്നെ പ്രവേശനം നേടാനുള്ള യോഗ്യതയുണ്ടായിരുന്നു. ആകസ്മികമായി അച്ഛന്‍ മരിച്ചത് എല്ലാ പദ്ധതികളെയും തകിടം മറിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് മുന്നോട്ട് പോകാനുള്ള വഴി അറിയില്ലായിരുന്നു. 

Syamaമെഡിസിന് പോകാന്‍ തയ്യാറായി ഇരുന്നതിനാല്‍ മറ്റ് കോളേജുകളിലൊന്നും അപേക്ഷ നല്‍കിയിരുന്നില്ല. പലയിടങ്ങളിലും ബിരുദപ്രവേശനം പൂര്‍ത്തിയായിരുന്നു. പക്ഷേ, ശ്യാമ തോല്‍ക്കാന്‍ തയ്യാറായില്ല. പ്ലസ്ടുവിന് മലയാളത്തില്‍ നൂറില്‍ നൂറും നേടിയ ആത്മവിശ്വാസത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വകുപ്പ് മേധാവിയെ നേരില്‍ കണ്ടു. കാര്യങ്ങള്‍ അവതരിപ്പിച്ചു. മാര്‍ക്ക് ലിസ്റ്റ് കണ്ട് ബോധ്യപ്പെട്ടതോടെ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠനത്തിന് വഴി തെളിഞ്ഞു. 

മറ്റ് വിദ്യാര്‍ത്ഥികളെ പോലെ സ്‌കൂളിനെ കുറിച്ചും കോളേജിനെ കുറിച്ചും ഗൃഹാതുരത്വമുണര്‍ത്തുന്ന ഭംഗിയുള്ള ഓര്‍മ്മകളല്ല ശ്യാമയ്ക്ക് പങ്കു വയ്ക്കാനുള്ളത്. 'എല്ലാവരേയും പോലെ ഹൈസ്‌കൂള്‍ കാലഘട്ടത്തിലാണ് എന്റെ വ്യക്തിത്വത്തെ കുറിച്ച് ബോധ്യം വരുന്നത്. സഹപാഠികളായ ആണ്‍കുട്ടികള്‍ക്ക് താടിയും മീശയും വരുന്നു. എനിക്ക് വരുന്നില്ല. അവരുടെ ശബ്ദം മാറുന്നു. എന്റെ മാറുന്നില്ല. അങ്ങനെ ഞാന്‍ അവരുടെ ഇടയില്‍ പരിഹാസപാത്രമായി.'

പെണ്ണിനെ പോലെ നടക്കുന്നു, സംസാരിക്കുന്നു... എന്തിനേറെ പെണ്ണിനെ പോലെ എഴുതുന്നു എന്നൊക്കെ പറഞ്ഞായിരുന്നു കളിയാക്കല്‍. കൗമാരാവസ്ഥയിലുള്ള ഒരാളുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ അതൊക്കെ മതിയായിരുന്നു. പക്ഷേ, പഠനം നിറുത്തി ഓടിപ്പോകാന്‍ ശ്യാമ തയ്യാറായിരുന്നില്ല. 'കളിയാക്കുന്നവരുടെ മുന്‍പില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ വിദ്യാഭ്യാസം കൊണ്ട് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് പഠനം തുടര്‍ന്നു. മികച്ച് മാര്‍ക്ക് വാങ്ങി ജയിച്ചു,' ശ്യാമ പറയുന്നു. 

പഠനത്തിലെ മികവ് ജോലിയിലും തെളിയിക്കാന്‍ കഴിയുമെന്ന വിശ്വാസം ശ്യാമയ്ക്കുണ്ട്. പക്ഷേ, ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ ജോലി നല്കാന്‍ പലരും വിമുഖത കാണിക്കുന്നു. 'അധ്യാപനം എന്റെ ഇഷ്ടമേഖലയാണ്. പക്ഷേ, എന്നെപ്പോലുള്ളവരെ പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിഗണിക്കുന്നില്ല.'

ജോലിക്കായി സര്‍ക്കാരിനെ ആശ്രയിക്കുക എന്നതാണ് മറ്റൊരു പോംവഴി. അവിടെയും പ്രശ്‌നങ്ങളാണെന്ന് ശ്യാമയുടെ അനുഭവം. 'ലിംഗം കൊണ്ട് ചെയ്യാവുന്ന ജോലിയൊന്നും പി.എസ്.സിയില്‍ ഇല്ലെന്നാ'യിരുന്നു ഒരു ബോര്‍ഡ് അംഗം പറഞ്ഞതെന്ന് ശ്യാമ പറയുന്നു. സര്‍ക്കാര്‍ അവസരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സിയെ സമീപിച്ചപ്പോഴാണ് ഇത്തരത്തിലുള്ള മറുപടി ലഭിച്ചത്. 

Syama

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുന്നതിനൊപ്പം ഗവേഷണവുമായി മുന്നോട്ട് പോകാനാണ് ശ്യാമയുടെ തീരുമാനം. കളിയാക്കലുകള്‍ കേട്ട് തഴമ്പിച്ച ഭൂതകാലത്തില്‍ നിന്ന് ഇത്രയും വിജയങ്ങള്‍ നേടാനായെങ്കില്‍ അഭിനന്ദനവും പ്രോത്സാഹനവും ലഭിച്ചാല്‍ ഇനിയും ഉയരങ്ങളിലെത്തുമെന്ന് ശ്യാമയുടെ പുഞ്ചിരി സാക്ഷ്യപ്പെടുത്തുന്നു. 'സാമൂഹ്യനീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയുണ്ട്. മുന്നോട്ട് വരാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുമോ,' ശ്യാമ ചോദിക്കുന്നു.