2005 ജൂണ്‍ 18. ഒരു ഏകദിന ക്രിക്കറ്റ്മത്സരം നടക്കുകയാണ്, ബംഗ്ലാദേശും ഓസ്‌ട്രേലിയയും തമ്മില്‍. വെയ്ല്‍സിലെ കാര്‍ഡിഫ് സ്റ്റേഡിയമാണ് വേദി. അന്താരാഷ്ട്രക്രിക്കറ്റ് ലോകത്ത് പിച്ചവെച്ചുനടക്കുന്ന ബാല്യമാണ് അന്ന് ബംഗ്ലാദേശിന്റേത്. രണ്ടാമത് ബാറ്റുചെയ്യാനിറങ്ങിയ ബംഗ്ലാദേശിന്റെ ലക്ഷ്യം 250 ആയിരുന്നു. 

ഓസ്‌ട്രേലിയയുടെ ശക്തിയെ മറികടന്ന് ഒരു ജയം എന്നത് അക്കാലത്ത് അവര്‍ക്ക് ഒരു സ്വപ്നംമാത്രമായിരുന്നു. അദ്ഭുതകരമായ പോരാട്ടവീര്യം പുറത്തെടുത്ത ബംഗ്ലാദേശ് വിജയത്തോടടുത്തപ്പോള്‍ ഒരു കമന്റേറ്റര്‍ പറഞ്ഞു, 'ഇനി ബംഗ്ലാദേശിന് തീര്‍ച്ചയായും ജയിക്കാം. പക്ഷേ, അവര്‍ക്ക് ഒരു മത്സരം ജയിക്കാന്‍ അറിയാമോ?' അന്നുമുതല്‍ ആ വാക്കുകള്‍ എന്റെ മനസ്സില്‍ സജീവമായി നിലനില്‍ക്കുന്നു.

പലപ്പോഴും സ്‌പോര്‍ട്‌സിനെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ഒരു ശൈലിയാണ് എന്റേത്. 11 വര്‍ഷംമുമ്പ് കേട്ട ഈ വാക്കുകള്‍ക്ക് ഒരുപാട് അര്‍ഥങ്ങള്‍ കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. നമ്മളില്‍ പലരിലും ഈ വാക്കുകളില്‍ സൂചിപ്പിച്ച ഒരു 'ബംഗ്ലാദേശ് അവസ്ഥ'യുണ്ട്. വിജയം എന്നത് കൈയെത്തും ദൂരത്ത് വന്നിട്ടും പരാജയപ്പെടേണ്ട സാഹചര്യം പലര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ടാകും. 

ഒന്നുകില്‍ ജയിക്കാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ള കഴിവിന്റെ കുറവുമൂലം. അല്ലെങ്കില്‍ ജയം നമ്മുടെ കൈപ്പിടിയിലായിരുന്നു എന്ന് തിരിച്ചറിയാനുള്ള കഴിവില്ലായ്മ. ഇങ്ങനെയുള്ള അവസരങ്ങള്‍ നമ്മുടെ മുമ്പില്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെടാം. ഒന്നുകില്‍ ഒരു ഇന്റര്‍വ്യൂ, അല്ലെങ്കില്‍ ഒരു മത്സരപരീക്ഷ, അതുമല്ലെങ്കില്‍ ദൈനംദിന ജോലിയുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരുമായി നടക്കാനിടയുള്ള സംവാദങ്ങള്‍ അങ്ങനെ എന്തുമാകാം. 

സാഹചര്യം എന്തായാലും വിജയികളെ നിശ്ചയിക്കുന്ന ഒരു പ്രധാന ഘടകം വിജയസാധ്യതകളെ തിരിച്ചറിയുന്നതിനും അതിനെ വിജയത്തിലേക്ക് എത്തിക്കുന്നതിനുമുള്ള കഴിവ് മാത്രമാണ്. അങ്ങനെയെങ്കില്‍ വിജയമെന്നത് ചിലരുടെമാത്രം കുത്തകയാകുന്നത് എന്തുകൊണ്ടാണ്? എന്തെങ്കിലും മാജിക്ക് ഫോര്‍മുലകളാണോ വിജയത്തിന്റെ അടിസ്ഥാനം?

ഒരിക്കലുമല്ല! വിജയം എന്നത് ഒരു ശീലമാണ്. അതിനേക്കാള്‍ ഉപരിയായി അത് നാം ഓരോരുത്തരും ചെറുപ്പംമുതല്‍തന്നെ ഉള്‍ക്കൊള്ളേണ്ട ഒരു സംസ്‌കാരവുമാണ്. അതിലെ ഏറ്റവും ആശ്വാസകരമായ കാര്യം എന്തെന്നാല്‍ കൃത്യമായ ഒരു പ്രവര്‍ത്തനശൈലികൊണ്ട് വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ് ഈ സംസ്‌കാരം എന്നതാണ്.

ബാല്യംമുതല്‍തന്നെ ഓരോരുത്തരിലും വിജയമെന്ന സങ്കല്പം രൂപപ്പെടുത്തിയെടുക്കുന്നതില്‍ കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വലിയൊരു പങ്കുണ്ട്. ജയിക്കാനാവശ്യമായ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കി വളരുന്ന ഒരു കുട്ടിക്ക് അതിന്റെ അഭാവത്തില്‍ വളരുന്ന മറ്റൊരാളുടേതിനേക്കാള്‍ ആത്മവിശ്വാസം കൂടുതലായിരിക്കും. 

ആ ആത്മവിശ്വാസംതന്നെയാണ് വിജയം എന്നതിന്റെ ആധാരം. ഇങ്ങനെയൊരു ശീലം ഉള്ളില്‍ വളരുന്നതോടെ സാഹചര്യങ്ങളെ തിരിച്ചറിയുന്നതിനും അവയോട് ഏറ്റവും പോസിറ്റീവായ രീതിയില്‍ പ്രതികരിക്കുന്നതിനുമുള്ള കഴിവും വിശ്വാസവും അതോടൊപ്പം സ്വാഭാവികമായി വളരുന്നു. അങ്ങനെയുള്ളവര്‍ മത്സരങ്ങളെ ഭയക്കുന്നില്ല. 

ഇടയ്ക്ക് സംഭവിച്ചേക്കാവുന്ന പരാജയങ്ങളെപ്പോലും പോസിറ്റീവായി വിലയിരുത്തിക്കൊണ്ട് ഏറ്റവും അടുത്ത അവസരത്തില്‍ത്തന്നെ അതിനെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കും. മറിച്ച്, പരാജയങ്ങള്‍ സ്ഥിരമായിട്ട് സംഭവിക്കുന്നവര്‍ക്ക് എല്ലാം നെഗറ്റീവായി കാണുന്ന ഒരു കാഴ്ചപ്പാടാണുണ്ടാകുക. അവര്‍ക്ക് വലിയ ലക്ഷ്യങ്ങളൊന്നും ഉണ്ടാവില്ല. എല്ലാം ഇടത്തരം ലക്ഷ്യങ്ങളായി പരിമിതപ്പെടും. ഇതില്‍ ഏത് സ്വീകരിക്കണം? തീരുമാനം അവരവരുടേതാണ്‍

മത്സരത്തിലേക്ക് തിരികെയെത്താം. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് മത്സരത്തില്‍ വിജയിച്ചു. എങ്കിലും വിജയം എന്നതിനെ സ്ഥിരമായ ഒരു സംഭവമാക്കി മാറ്റിയെടുക്കാനും അടുത്ത ഘട്ടത്തിലേക്ക് ഉയരാനും ബംഗ്ലാദേശിന് കുറേ സമയം വേണ്ടിവന്നു. നമുക്ക് ഒരല്പംകൂടി വേഗത്തില്‍ മുമ്പോട്ടുപോകാം. വിജയത്തിന്റെ സംസ്‌കാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഓരോ അവസരത്തിലും വിജയിച്ചുകൊണ്ട് മുന്നേറാം.