പി.എസ്.സി. പരീക്ഷകളില്‍ 'കോപ്പിയടി ചോദ്യങ്ങള്‍'ക്ക് യാതൊരു കുറവുമില്ല. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ല്ക്ക റിപ്പയേഴ്സ് ഓഫ് ടൂ വീലേഴ്സ് ആന്‍ഡ് ത്രീ വീലേഴ്സ് പരീക്ഷയിലെ 80 സാങ്കേതിക ചോദ്യങ്ങളില്‍ ചോദ്യകര്‍ത്താവ് 'കഷ്ടപ്പെട്ട്' ഉണ്ടാക്കിയത് ഒരേയൊരു ചോദ്യം! 79 എണ്ണവും സ്വകാര്യ ഗൈഡില്‍നിന്ന് അതേപടി പകര്‍ത്തിയെഴുതിയത്.
ഡിസംബര്‍ 11-ന് ആയിരുന്നു 10,183 അപേക്ഷകരുള്ള പരീക്ഷ. ഡല്‍ഹിയില്‍നിന്നുള്ള സ്വകാര്യ പ്രസാധകരുടെ ഗൈഡില്നിന്നാണ് ചോദ്യങ്ങള്‍ കടമെടുത്തത്. ഇതില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒബ്ജക്ടീവ് മാതൃകയിലുള്ള 306 ചോദ്യങ്ങളാണ് ഉള്ളത്. പി.എസ്.സി. പരീക്ഷയ്ക്ക് ചോദിച്ച 79 ചോദ്യങ്ങളും ഇതില്‍ കാണാം. ഓപ്ഷനുകളില്പോലും മാറ്റമില്ലാത്തതാണ് ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയതാണെന്ന ഉദ്യോഗാര്‍ഥികളുടെ ആരോപണത്തിന് ബലം പകരുന്നത്.
ഗൈഡില്‍ നല്‍കിയിരിക്കുന്ന ഉത്തരസൂചികയിലെ തെറ്റുതിരുത്താന്പോലും പി.എസ്.സി. മെനക്കെട്ടിട്ടില്ലെന്ന് വ്യക്തമാണ്. ചോദ്യപേപ്പര്‍ കോഡ് എയില്‍ 63-ാമത്തെ ചോദ്യത്തിന് പി.എസ്.സി.യുടെ പ്രാഥമിക ഉത്തരസൂചികയില്‍ നല്‍കിയിരിക്കുന്നത് ഗൈഡിലുള്ള അതേ ഉത്തരമാണ്. എന്നാല്‍ ശരിയായ ഉത്തരം ഇതല്ലെന്നാണ് പരീക്ഷയെഴുതിയവര്‍ പറയുന്നത്. ചോദ്യപേപ്പറിലെ കോപ്പിയടിയും മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പി.എസ്.സി. പരീക്ഷകളില്‍ ചോദ്യങ്ങള്‍ കോപ്പിയടിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പതിവായിരിക്കുകയാണ്. ലൈബ്രേറിയന്‍ ഗ്രേഡ് ഫോര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ലക്ചറര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്ങിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്ക് അടുത്തകാലത്ത് നടന്ന പരീക്ഷകളും ഇത്തരത്തില്‍ ആക്ഷേപത്തിന് വഴിവെച്ചിരുന്നു. ലൈബ്രേറിയന്‍ ഗ്രേഡ് ഫോര്‍ പരീക്ഷയില്‍ ചോദ്യകര്‍ത്താവ് പരീക്ഷയെഴുതിയതുള്പ്പെടെയുണ്ടായ വീഴ്ചകള്‍ പി.എസ്.സി.യുടെ വിശ്വാസ്യതയെതന്നെ ചോദ്യം ചെയ്തു. അന്ന് ചോദ്യകര്‍ത്താവിന്റെ പേരില്‍ നടപടിയെടുക്കാന്‍ പി.എസ്.സി. തയ്യാറായി.
എന്നാല്‍ പിന്നീട് ചോദ്യങ്ങള്‍ കോപ്പിയടിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ പി.എസ്.സി. തയ്യാറായില്ല. ഗൈഡ് കമ്പനികളെ സഹായിക്കാനാണോ, അതോ ചോദ്യങ്ങളുണ്ടാക്കി സമയം കളയാനില്ലാഞ്ഞിട്ടാണോ പി.എസ്.സി. ഇങ്ങനെ ചെയ്യുന്നതെന്നാണ് ഉദ്യോഗാര്‍ഥികളുടെ ചോദ്യം.