വിദ്യാനഗറില്‍ കാസര്‍കോട് ജില്ലാകളക്ടറുടെ ഔദ്യോഗിക വസതിക്ക് ഔദ്യോഗികസ്വഭാവം തീരെ കുറയും. കുറ്റന്‍ ഗേറ്റും സങ്കീര്‍ണമായ പൂട്ടുകളും അവിടെയില്ല. പകരം അരയാള്‍ പൊക്കമുള്ള ഒരു സാധാരണ ഗേറ്റ്. അതും പാതി തുറന്നിട്ടിരിക്കുന്നു -ആര്‍ക്കും സ്വാഗതമെന്നമട്ടില്‍. മുറ്റത്ത് അധികം വെച്ചുകെട്ടില്ലാത്ത അലങ്കാരച്ചെടികള്‍. സിറ്റൗട്ടില്‍ ധ്യാനബുദ്ധന്റെ ചിത്രം. 

അകത്ത് മുറിയില്‍ കംപ്യൂട്ടറും അനിവാര്യമായ ഫയല്‍ക്കെട്ടുകളും പിന്നെ പുസ്തക അലമാരയും. അതില്‍ രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' മുതല്‍ ബെന്യാമിന്റെ 'ആടുജീവിതം' വരെ അടങ്ങിയിരിക്കുന്നു. തികച്ചും അനൗപചാരികമായി ഇടപെടുന്ന, ആഴ്ചയില്‍ രണ്ടുദിവസം മുണ്ടുടുത്ത് ഓഫീസിലെത്തുന്ന കെ.ജീവന്‍ ബാബു എന്ന കളക്ടര്‍ക്ക് തികച്ചും അനുയോജ്യമായ വസതി. 'എന്നും നേരത്തേ കിടന്ന് നേരത്തേ എഴുന്നേല്‍ക്കണമെന്നു വിചാരിക്കും'-തൊടുപുഴക്കാരനായ അദ്ദേഹം വളച്ചുകെട്ടില്ലാത്ത മധ്യ തിരുവിതാംകൂര്‍ ഭാഷയില്‍ പറയുന്നു. പക്ഷേ ഒരിക്കലും കഴിയാറില്ല.

ഫയല്‍നോട്ടവും വായനയും എന്തെങ്കിലുമൊക്കെയായി ഒരുമണി രണ്ടുമണിയാകും കിടക്കുമ്പോള്‍. വന്നുവന്ന് രണ്ടുമണിയാകാതെ ഉറക്കംവരാത്ത സ്ഥിതിയായി. സ്വാഭാവികമായും എണീക്കാന്‍ വൈകും' -ഇന്ത്യന്‍ റവന്യൂ സര്‍വീസും പോലീസ് സര്‍വീസും പിന്നിട്ട് ഭരണസര്‍വീസിലെത്തിയ അദ്ദേഹം ആറുമാസംമുന്‍പാണ് കാസര്‍കോട്ട് കളക്ടറായി എത്തിയത്. കാഞ്ഞങ്ങാട്ട് സബ് കളക്ടറായിരുന്നതാണ് മുന്‍പരിചയം. കാസര്‍കോടിനെക്കുറിച്ച് അദ്ദേഹത്തിന് സ്വപ്നങ്ങളുണ്ട്.

സാധ്യതകളെയും പരിമിതികളെയും പറ്റി ബോധ്യമുണ്ട്. 'നല്ല ആളുകള്‍. നിഷ്‌കളങ്കരാണ്. പക്ഷേ, സംരംഭകത്വം കാട്ടുന്നില്ല. പരമാവധി ലക്ഷ്യം ഒരു വലിയ വീട് പണിയുകയാണ്. അതിനപ്പുറം നാലുപേര്‍ക്ക് ജോലികൊടുക്കുന്ന സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കുന്നില്ല. സര്‍ക്കാര്‍സംവിധാനത്തോടൊപ്പം സ്വകാര്യസംരംഭങ്ങള്‍ കൂടി വരണം. എന്നാലേ നാട് വികസിക്കൂ. കഴിവിന്റെ കാര്യത്തില്‍ മറ്റേതെങ്കിലും ജില്ലക്കാര്‍ക്കു പിന്നിലാണ് കാസര്‍കോട്ടുകാരെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. സമീപനത്തില്‍ മാറ്റം വരേണ്ടിയിരിക്കുന്നു'. അടുത്തയാഴ്ച ജനസമ്പര്‍ക്കപരിപാടിയുമായി ഇറങ്ങിപ്പുറപ്പെടുന്ന അദ്ദേഹം 'മാതൃഭൂമി'യോട് പറയുന്നു.... 

കാസര്‍കോടിന്റെ സാധ്യതകളും പരിമിതികളും എന്തൊക്കെയാണ്?

പുറത്തുനിന്നുവന്ന ഒരാളെന്നനിലയ്ക്ക് പറയുകയാണെങ്കില്‍ രണ്ടു കാര്യങ്ങളാണ് തോന്നുന്നത്. ഒന്ന്, തിരുവനന്തപുരത്തുനിന്ന് ഏറ്റവും ദൂരെയായതിനാല്‍ സ്വാഭാവികമായും അവഗണിക്കപ്പെടുന്നു എന്ന തോന്നല്‍. വാസ്തവത്തില്‍ നമ്മെക്കാള്‍ ദൂരമുള്ള വേറെയും ജില്ലകളുണ്ട്. ഉദാഹരണം വയനാട്. തീവണ്ടിയിറങ്ങി വീണ്ടും മണിക്കൂറുകള്‍ സഞ്ചരിക്കണം അവിടെയെത്താന്‍. അതുപോലെ എന്റെ സ്വന്തം ജില്ലയായ ഇടുക്കി. കേരളത്തിന്റെ നടുക്കാണെങ്കിലും ഇടുക്കിയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തെത്താന്‍ അഞ്ചാറുമണിക്കൂര്‍ വേണം. പക്ഷേ അവിടെയൊന്നും അവഗണിക്കപ്പെടുന്നു എന്നതോന്നല്‍ അത്രയില്ല. നമ്മളും ആ തോന്നല്‍ മാറ്റേണ്ടതുണ്ട്. 

മറ്റൊന്ന്, വലിയ നഗരത്തിന് അടുത്തുകിടക്കുന്ന സ്ഥലങ്ങള്‍ വികസനത്തില്‍ പിന്നാക്കം നില്‍ക്കുക എന്നത് സ്വാഭാവികമാണ്. ഉദാഹരണത്തിന് എറണാകുളം അടുത്തുള്ളതുകൊണ്ടാണ് തൊടുപുഴയും മറ്റും അത്രവേഗം വികസിക്കാത്തത്. ആളുകള്‍ക്ക് സൗകര്യപ്രദമായ ഒരു നഗരമുണ്ട്. അതുപോലെയാണ് ഇവിടെ മംഗളൂരു. എന്തിനും ഏതിനും നമ്മള്‍ മംഗളൂരുവിലാണ് പോകുന്നത്. ഒരു സ്‌കൂളിന്റെ കാര്യം പറഞ്ഞാല്‍, കോളേജിന്റെ കാര്യം പറഞ്ഞാല്‍ അത് മംഗളൂരുവിലുണ്ടല്ലോ എന്ന തോന്നല്‍. മംഗളുരുവിനെ നമ്മുടെ ഭാഗമായി കാണുന്നു. അത് തെറ്റാണെന്നു പറയുകയല്ല. 

പക്ഷേ സ്വാഭാവികമായും ഇവിടത്തെ വികസനത്തെ അത് ബാധിക്കും. അല്പം പണമുള്ള കാസര്‍കോട്ടുകാര്‍ പോലും നിക്ഷേപമിറക്കുന്നത് മംഗളൂരുവിലാണ്. അവര്‍ക്ക് പെട്ടെന്ന് പോയിവരാമെന്നത് മറ്റൊരു സൗകര്യം. പക്ഷേ  ഇവിടെ സ്വകാര്യ നിക്ഷേപം വന്നാലേ ഇവിടത്തുകാര്‍ക്ക് ജോലികിട്ടൂ, ഇവിടം വളരൂ. സര്‍ക്കാര്‍മാത്രം വിചാരിച്ചതുകൊണ്ടല്ലല്ലോ എറണാകുളം അത്രയും വലിയ നഗരമായത്.

ഗള്‍ഫില്‍നിന്നുവരുന്ന പണം ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിയില്ലേ?

കേരളത്തില്‍ പൊതുവെ ഗള്‍ഫ് 'വിപ്ലവം' വരുന്നത് എഴുപതുകളിലാണ്. പക്ഷേ  ഇവിടത്തുകാര്‍ മുപ്പതുകളിലും നാല്‍പ്പതുകളിലും ഗള്‍ഫില്‍ പോയിത്തുടങ്ങുന്നുണ്ട്. എന്നിട്ടും കാസര്‍കോട് മുതല്‍ തലപ്പാടി വരെ ഒന്നുനോക്കിക്കേ. എന്താണ് ഗള്‍ഫുപണം കൊണ്ട് ഇവിടെയുണ്ടായത്? കുറേ കൂറ്റന്‍വീടുകള്‍മാത്രം.

ഗള്‍ഫുപണംകൊണ്ട് നമ്മള്‍ ഇത്ര വ്യവസായം തുടങ്ങിയെന്നുപറയാന്‍ എവിടെയെങ്കിലുമുണ്ടോ? കോഴിക്കോട് മുക്കംപോലുള്ള സ്ഥലങ്ങളില്‍ എത്രമാത്രം സംരംഭങ്ങള്‍ വരുന്നുണ്ടെന്നറിയാമോ? എല്ലാം ഗള്‍ഫുപണം ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഫലമാണ്. അതുപോലെ ചെങ്ങന്നൂരിലും തിരുവല്ലയിലും. നിരവധി പ്രൊഫഷണല്‍സ് അവിടന്ന് യൂറോപ്പിലും അമേരിക്കയിലും കാനഡയിലുംമറ്റും പോയി ജോലിചെയ്യുന്നു. അവിടന്ന് വരുന്ന പണംകൊണ്ട് അവര്‍ സ്വന്തം നാട്ടിലോ മറ്റുനാട്ടിലോ വ്യവസായം തുടങ്ങുന്നു. നമ്മുടെ കാര്യം നോക്കിക്കേ.

എടുത്തുപറയാവുന്ന ഇവിടത്തുകാരനായ ഒരു വ്യവസായി ഇവിടെയുമില്ല, ഗള്‍ഫിലുമില്ല. നേരെമറിച്ച് തൃശ്ശൂര്‍പോലെയുള്ള ചെറിയ സ്ഥലത്തുനിന്ന് യൂസഫലിയും പി.എന്‍.സി.മേനോനും മണപ്പുറം ഗ്രൂപ്പും അങ്ങനെ പലതുമുണ്ടായി വന്നിട്ടുണ്ട്. ഗള്‍ഫിലെ ഇന്നത്തെ പേരുകേട്ട വ്യവസായികളൊന്നും ഇരുന്നൂറും മുന്നുറും കോടി ആദ്യമേ നിക്ഷേപിച്ചവരല്ല. നുറുരൂപയില്‍ നിന്നും അന്‍പതുരൂപയില്‍നിന്നുമാണ് അവര്‍ തുടങ്ങിയത്.

വാസ്തവത്തില്‍ ഇവിടത്തെ ഏറ്റവും വലിയ സങ്കടമാണിത്. ഇത്രയും പേര്‍ ഗള്‍ഫില്‍പോയിട്ടും നൂറുപേര്‍ക്ക് ജോലികിട്ടുന്ന സംരംഭം ഇവിടെ തുടങ്ങാനായില്ല. നമ്മള്‍ ആകെ ചെയ്യുന്നത് കുറച്ചുപേരെ കൂടി ഗള്‍ഫില്‍ കൊണ്ടുപോകുന്നതാണ്. ബംഗാളി ഇവിടെ ജോലിക്കുവരുന്നതുപോലെയാണത്. ഒരാള്‍ പത്തുപേരെക്കൂടി കൊണ്ടുവരും അത്രതന്നെ. ലീഡ് ബാങ്കുമായി സംസാരിച്ച് ഇവിടെ സാമ്പത്തികാവബോധം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ധാരണയുണ്ടാക്കുക. 

സംരംഭകത്വം ഇവിടെ കാണാനില്ലേ? 

അത് തീരെ കാണാനില്ല. കണ്ണൂരിലുമില്ല. എന്റെ അറിവില്‍ കണ്ണൂരില്‍ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സേ എടുത്തുപറയാവുന്നതായി ഉള്ളൂ. തെക്കോട്ട് പോകുന്തോറും അതല്ല സ്ഥിതി. അവിടെ ടൂറിസം പോലും അത്രയും വികസിച്ചത് സ്വകാര്യ സംരംഭകര്‍ രംഗത്തുവന്നതുകൊണ്ടാണ്.

ഇവിടെ സംരംഭകത്വമുണ്ടായിവരുന്നില്ല. സാധാരണ കടകളല്ലേ ഇപ്പോഴും കാസര്‍കോട്ട് ഉള്ളൂ. ഒരു വന്‍കിടസ്ഥാപനംപോലും കാണാനില്ല. നമുക്കിവിടെ പൈസ കിട്ടിയാല്‍ വീടുണ്ടാക്കാനുള്ള കല്ലിനും കമ്പിക്കും സിമന്റിനും മാത്രമാണ് ഉപയോഗിക്കുന്നത്. ഇവിടെവന്ന എന്റെ പല സുഹൃത്തുക്കളും വീടുകളുടെ വലിപ്പം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. 

ഭാഷയുടെ പ്രശ്‌നമാണോ? 

എനിക്ക് തോന്നുന്നില്ല. കാസര്‍കോട്ടുകാര്‍ക്ക് ഭാഷ ഒരിക്കലും പ്രശ്‌നമായിരുന്നില്ല. ഞാന്‍ മുംബൈയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. അന്ന് അവിടത്തെ വഴിയോരക്കച്ചവടക്കാരില്‍ നല്ലപങ്ക് കാസര്‍കോട്ടുകാരായിരുന്നു. അവരുടെയടുത്തുവരുന്നവര്‍ ഏതു ഭാഷക്കാരായാലും അവരെ കാസര്‍കോട്ടുകാര്‍ കൈകാര്യംചെയ്യുന്നത് കണ്ട് അത്ഭുതം കൂറിയിട്ടുണ്ട് ഞാന്‍.

തെലുഗരാണെങ്കില്‍ തെലുഗു പറയും. തമിഴോ കന്നടയോ ആണെങ്കില്‍ അത്. ഹിന്ദിയാണെങ്കില്‍ അത്. ഇത്രയും ഭാഷ കേട്ടുവളരുന്ന നാടല്ലേ ഇത്. സംരംഭകത്വം എന്നുപറയുന്നത് ഒരു ഉത്സാഹമാണ്. അത് സംസ്‌കാരമായി വളരണം. അടുത്തുള്ളയാള്‍ തുടങ്ങി, എനിക്കും തുടങ്ങണം എന്നതോന്നല്‍ ഉണ്ടായിവരണം.

സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ അഭാവവും അനുഭവപ്പെടുന്നില്ലേ ?

തീര്‍ച്ചയായും. സാംസ്‌കാരിക പ്രവര്‍ത്തകരോട് ചോദിച്ചാല്‍ പരിപാടിക്ക് ആളെ കിട്ടുന്നില്ലെന്നാണ് പറയുക. ഇവിടെ സിനിമാ തിയേറ്ററില്‍പോലും തിരക്ക് കാണാനില്ല. നഗരം രാത്രിയും സജീവമാകണം. തിരുവനന്തപുരത്ത് ശംഖുംമുഖം കടപ്പുറത്തൊക്കെ പോയാല്‍ രാത്രി ഒരുമണിക്കും ആളുകളെ കാണാം. കടലവില്‍പ്പനയും മറ്റുമായി പലരും.

ആട്ടക്കുളങ്ങരയില്‍ രാത്രി രണ്ടുമണിക്കും ജ്യൂസ് വില്‍ക്കുന്ന കടയുണ്ട്. ഓര്‍ഡര്‍ചെയ്ത് അഞ്ചുമിനിട്ട് കഴിഞ്ഞാ?േല ജ്യൂസ് കിട്ടു. അത്രയും തിരക്കാണ് ആ സമയത്തും. ഇത്രയും കടല്‍ത്തീരവും പാര്‍ക്കുകളുമുള്ള ഇവിടെ ഏഴുമണിയോടെ കടകള്‍ അടയ്ക്കുന്നതായാണ് കാണുന്നത്. മാനസികമായി ആറുമണിക്ക് തന്നെ അടയ്ക്കുന്നുണ്ടെന്നാണ് അനുഭവം. 

അധോലോകമെന്നും മറ്റും പറഞ്ഞ് പേടിപ്പിക്കുന്ന മുംബൈയില്‍ അര്‍ധരാത്രിക്കുശേഷവം സ്ത്രീകള്‍ കൂളായി നടന്നുപോകുന്നത് പതിവു കാഴ്ചയാണ്. 'അധോലോകവും വെടിവെപ്പുമൊക്കെ ഉണ്ടാകാം. അത് അവര്‍തമ്മില്‍ തീര്‍ത്തോളും, എന്നെ ബാധിക്കേണ്ട കാര്യമില്ല' എന്ന ഭാവമാണ് അവര്‍ക്ക്. നാട്ടില്‍ മതപരമായ ചടങ്ങുകള്‍മാത്രം ഉണ്ടായാല്‍ പോരാ.

മറ്റു പരിപാടികളും വേണം. മതചടങ്ങാണെങ്കില്‍ തന്നെ അത് എല്ലാവരുടേതുമായി മാറണം. തൃശ്ശൂര്‍ പൂരം കണ്ടില്ലേ. അത് ഏതെങ്കിലും വിഭാഗത്തിന്റേതല്ല തൃശ്ശൂര്‍ക്കാരുടേതാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവവും ദേശീയ കബഡി ടൂര്‍ണമെന്റും അടക്കമുള്ളവ കാസര്‍കോട്ട് കൊണ്ടുവരണമെന്നാഗ്രഹമുണ്ട്. വീട്ടില്‍ അടച്ചിരിക്കുന്ന ആളുകളെ ഒന്ന് പുറത്തെത്തിക്കാനുളള ശ്രമമാണ്. കാസര്‍കോട് മഹോത്സവം പോലെ വിപുലമായ പരിപാടിയും ആലോചനയിലുണ്ട് 

ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ച്?

സര്‍ക്കാര്‍ ഓഫീസിലെ ആളില്ലാക്കസേരകള്‍ വലിയ പ്രശ്‌നം തന്നെയാണ്. പലരും മാറിപ്പോകുന്നത് അറിയാന്‍പോലും പറ്റാറില്ല. അത്രവേഗത്തിലാണ് സ്ഥലംമാറ്റം സംഭവിക്കുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നുവരുന്നവരെ മഞ്ചേശ്വരം പോലുള്ള സ്ഥലങ്ങളില്‍ നിയമിക്കുന്നതിന്റെ പ്രശ്‌നവുമുണ്ട്. അവിടെ കന്നഡയാണ് ഭാഷ.

അവരെ ഹൊസ്ദുര്‍ഗ് താലൂക്കില്‍ എവിടെയെങ്കിലും നിയമിച്ച് അവിടെയുള്ളവരെ മഞ്ചേശ്വരം ഭാഗത്തേക്ക് മാറ്റാമെന്നുവെച്ചാല്‍ രണ്ടിടത്തെയും പണി നീങ്ങാതെവരുമെന്നതാണ് അനുഭവം. ജനസമ്പര്‍ക്കപരിപാടി വേണ്ടിവരുന്നത് തന്നെ ഫയലുകള്‍ കുന്നുകൂടുന്നതുകൊണ്ടാണല്ലോ. നമ്മളാല്‍ കഴിയുന്നത് പരമാവധി ചെയ്യുകയാണ് ഉദ്ദേശ്യം.

ഇതിനും ശാശ്വതപരിഹാരം ഇവിടെയുള്ളവര്‍തന്നെ പരമാവധി ഇവിടെ ജോലിക്കുകയറുക എന്നതാണ്. തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ സര്‍ക്കാര്‍ജോലിക്ക് ഉത്സാഹിക്കുന്നതുപോലെ നമ്മളും ഉത്സാഹിക്കണം. പി.എസ്.സി. പരീക്ഷ എഴുതുന്നുണ്ടോ, പഠിച്ചിട്ടാണോ എന്നൊക്കെ ചോദിച്ചാല്‍ ഉണ്ട്, മുന്നുമാസം പഠിച്ചാണ് എഴുതിയത് എന്നൊക്കെ ഇവിടത്തുകാര്‍ പറയും.

ആറും ഏഴും കൊല്ലം തുടര്‍ച്ചയായി പഠിച്ചിട്ടുവരുന്നവരാണ് തെക്കന്‍ജില്ലക്കാര്‍. പത്താംക്ലാസ് കഴിയുമ്പോള്‍മുതല്‍ അവര്‍ അതിന്റെ പഠനം തുടങ്ങും. അങ്ങനെയുള്ളവരോട് മൂന്നുമാസം പഠിച്ച നമുക്കെങ്ങനെ മത്സരിക്കാന്‍ കഴിയും.