ജോലിയുടെ സ്വഭാവംകൊണ്ട് മറ്റു സര്‍ക്കാര്‍ സര്‍വീസുകളില്‍നിന്ന് ഐ.എഫ്.ഒ.എസുകാര്‍ വ്യത്യസ്തരാണ്. പ്രകൃതിയുടെ ആവാസവ്യവസ്ഥയറിഞ്ഞ് ജോലിചെയ്യുന്നവരാണ് ഇവര്‍. പരിസ്ഥിതിസംരക്ഷണം, വന്യജീവി പരിപാലനം, പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്തല്‍ തുടങ്ങി ഒട്ടേറെ ജോലികള്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിന്റെ ഭാഗമാകുന്ന ഉദ്യോഗസ്ഥനുണ്ട്.

സിവില്‍ സര്‍വീസിനും ഫോറസ്റ്റ് സര്‍വീസിനും പ്രിലിമിനറി പരീക്ഷ ഒന്നാണ്. കട്ട് ഓഫ് മാര്‍ക്കിന് മാറ്റമുണ്ടാകും. സിവില്‍ സര്‍വീസിനെക്കാള്‍ ഫോറസ്റ്റ് സര്‍വീസിനാണ് കട്ട് ഓഫ് മാര്‍ക്ക് കൂടുതല്‍. മെയിന്‍ പരീക്ഷയ്ക്ക് (ഫോറസ്റ്റ് സര്‍വീസ്) ഓപ്ഷണല്‍ വിഷയങ്ങള്‍ കുറവാണ്. ആത്മവിശ്വാസത്തോടെ സിലബസ് അറിഞ്ഞ് പഠിച്ചാല്‍ വിജയം ഉറപ്പാണെന്ന് ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ റാങ്കുകാര്‍ പറയുന്നു. തിരുവനന്തപുരം സ്വദേശികളായ ടി. ആര്യശ്രീ (18ാം റാങ്ക്), പി.ജെ. ഹരികൃഷ്ണന്‍ (53ാം റാങ്ക്), കോഴിക്കോട് നടക്കാവ് സ്വദേശി പി. സുര്‍ജിത് (80ാം റാങ്ക്) എന്നിവരാണ് ഐ.എഫ്.ഒ.എസില്‍ കേരളത്തില്‍നിന്ന് മികച്ച റാങ്ക് നേടിയവര്‍.

ജോലി രാജിവെച്ച് ഐ.എഫ്.ഒ.എസിലേക്ക്

Arya
ടി. ആര്യശ്രീ

പ്ലൈഡ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ബി.ടെക്. ബിരുദം, ഡല്‍ഹി ഐ.ഐ.ടി.യില്‍നിന്ന് ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജിയില്‍ എം.ടെക്. മദ്രാസ് ഐ.ഐ.ടി. റിസര്‍ച്ച് പാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയില്‍ പ്രോജക്ട് എന്‍ജിനീയറായി ജോലി. ഈ സമയത്താണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതിനോക്കുന്നത്. പ്രശ്‌നമില്ല, പഠിച്ചാല്‍ വിജയിക്കുമെന്ന വിശ്വാസത്തില്‍ ജോലി രാജിവെച്ച് തിരുവനന്തപുരത്തുവന്ന് പഠനം തുടങ്ങി. കൂടെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം. ലക്ഷ്യം സിവില്‍ സര്‍വീസ് ആയിരുന്നെങ്കിലും പ്രിലിമിനറി ഫലം വന്നപ്പോള്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുപ്പുതുടങ്ങി. പ്രിലിമിനറി പരീക്ഷ കുറച്ച് ബുദ്ധിമുട്ടായി തോന്നിയെന്ന് ആര്യശ്രീ പറയുന്നു.

 • പത്രം, മാഗസിന്‍ തുടങ്ങിയവ നിര്‍ബന്ധമായും വായിക്കണം  
 • വിവരശേഖരണത്തിന് ഇന്റര്‍നെറ്റ്
 • ഒരുവിഷയത്തില്‍തന്നെ കൂടുതല്‍ വിദഗ്ധാഭിപ്രായങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കും
 • ശാസ്ത്രവിഷയങ്ങള്‍ മനസ്സിലാക്കാന്‍ യൂട്യൂബ് വീഡിയോകള്‍ ആശ്രയിക്കാം
 • എഴുത്തുപരീക്ഷയാണ് പ്രധാനം. കൂടുതല്‍ മാര്‍ക്ക് നേടാന്‍ കഴിയുന്നരീതിയില്‍ എഴുതി പഠിക്കണം
 • പ്രധാനഭാഗങ്ങള്‍ കണ്ടെത്തി, പുസ്തകങ്ങള്‍ വരുത്തി വീട്ടില്‍ ഇരുന്ന് പഠിച്ചു.
 • ഇംഗ്ലീഷ്/പൊതുവിജ്ഞാന മേഖലകള്‍ നേരത്തേ നല്ല പരിചയമുണ്ടായിരുന്നു.
 • വ്യക്തിത്വപരിശോധനയാണ് പെഴ്‌സണാലിറ്റി ടെസ്റ്റ്. വിവിധ സ്ഥാപനങ്ങളുടെ മോക് ടെസ്റ്റില്‍ പങ്കെടുക്കാം.
 • മുതിര്‍ന്ന സിവില്‍ സര്‍വീസ്/ഐ.എഫ്.ഒ.എസ്. ഉദ്യോഗസ്ഥരുമായി പരീക്ഷ, സര്‍വീസ് എന്നീ കാര്യങ്ങളെക്കുറിച്ച് സംസാരിക്കണം.
 • മെയിന്‍ പരീക്ഷ എഴുതുന്നതിനുമുന്‍പ് ഉദ്യോഗാര്‍ഥിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. പെഴ്‌സണാലിറ്റി ടെസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ വരാം.

 

തയ്യാറെടുപ്പ് ഗവേഷണത്തിനൊപ്പം

Hari
പി.ജെ. ഹരികൃഷ്ണന്‍

തിരുവനന്തപുരം കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍നിന്ന് ബിരുദം. എം.എസ്‌സി.ക്കുശേഷം  കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തുന്നു. എവിടെയും പരിശീലനത്തിനുപോകാതെ ഗവേഷണത്തിനൊപ്പമാണ് തയ്യാറെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ഫോറസ്റ്റ് സര്‍വീസിലാണെന്ന് ഹരികൃഷ്ണന്‍ പറയുന്നു.  

 • ആദ്യം ഒരു പ്രാവശ്യം പരീക്ഷ എഴുതണം. സ്വയം വിലയിരുത്താനും അതിനനുസരിച്ച് പഠിക്കാനും ഇതു സഹായിക്കും.   
 • ആശയവിനിമയശേഷി വര്‍ധിപ്പിക്കണം.  
 • പഠനത്തിനിടയില്‍ സ്വയം വിശകലനത്തിന് തയ്യാറാകണം   
 • അറിയാവുന്ന ചോദ്യങ്ങള്‍ക്കുമാത്രം ഉത്തരമെഴുതിയാല്‍ വിജയിക്കാന്‍ കഴിയുന്ന പരീക്ഷയല്ല സിവില്‍ സര്‍വീസ്. ചിന്തിച്ച് ഉത്തരമെഴുതണം. ഇത്തരം ചോദ്യങ്ങളിലാണ് വിജയത്തിന്റെ കണികകള്‍ ഒളിച്ചിരിക്കുന്നത്
 • മെയിന്‍ പരീക്ഷയ്ക്ക് അഗ്രിക്കള്‍ച്ചറും ബോട്ടണിയുമാണ് ഓപ്ഷണല്‍ വിഷയങ്ങള്‍
 • തിരുവനന്തപുരം കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറിലെ അധ്യാപകര്‍ സഹായിച്ചു
 • പേപ്പറില്‍ നോട്ടെഴുതി പഠിക്കുന്ന രീതി കൂടുതലായി ആശ്രയിച്ചില്ല. പോകുന്ന സ്ഥലങ്ങളിലൊന്നും നോട്ടുകള്‍ കൊണ്ടുപോകാന്‍ കഴിയില്ല 
 • പുസ്തകങ്ങള്‍ ഡിജിറ്റലായി ലഭിച്ചത് കൂടുതല്‍ സൗകര്യമായി
 • ലേഖനങ്ങളുടെ പി.ഡി.എഫ്. ഫയല്‍ ഡൗണ്‍ലോഡുചെയ്ത് അതില്‍ത്തന്നെ രേഖപ്പെടുത്തി പഠിച്ചു
 • കേരളത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ചാണ് പെഴ്‌സണാലിറ്റി ടെസ്റ്റിലെ പ്രധാനചോദ്യം
 • അറിവിനെക്കാള്‍ കൂടുതലായി ഓരോ വിഷയത്തിലും ഉദ്യോഗാര്‍ഥിയുടെ നിലപാട് പരിശോധിക്കുന്നതാണ് പെഴ്‌സണാലിറ്റി ടെസ്റ്റ്

 

ടെന്‍ഷനില്ലാതെ വിജയിക്കാം

Surjith
പി. സുര്‍ജിത് 

കോഴിക്കോട് എന്‍.ഐ.ടി.യില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക്.

 • ഏതെല്ലാം വിഷയങ്ങളാണ് പഠിക്കേണ്ടതെന്ന് വ്യക്തമായ ധാരണവേണം. പിന്നീട് നോട്ട് തയ്യാറാക്കി മുന്നേറുക  
 • പ്രിലിമിനറി വിജയിച്ചാല്‍ ഫോറസ്റ്റ് സര്‍വീസ്, സിവില്‍ സര്‍വീസ്  മെയിന്‍ പരീക്ഷ എഴുതാന്‍ യോഗ്യതയായി. ഏതെങ്കിലും ഒന്ന് ലക്ഷ്യമാക്കി തുടര്‍ന്ന് പഠിക്കുക  
 • ഫോറസ്റ്റ് സര്‍വീസാണ് ലക്ഷ്യമെങ്കില്‍ ആദ്യമേ പഠിച്ചുതുടങ്ങുക. കാരണം ഓപ്ഷണല്‍ വിഷയങ്ങള്‍ കുറവാണ്. 
 • പലതും പഠിച്ചെടുക്കേണ്ടിവരും. കെമിക്കല്‍ എന്‍ജിനീയറിങ്, ജിയോളജി എന്നിവയായിരുന്നു ഓപ്ഷണല്‍ വിഷയങ്ങള്‍.  
 • ടെന്‍ഷനില്ലാതെ പഠിക്കാന്‍ ശ്രമിക്കുക. 
 • സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ പറ്റിയ സ്ഥലമാണ് കേരള സിവില്‍ സര്‍വീസ് അക്കാദമി  
 • പത്രം, ആനുകാലികങ്ങള്‍ തുടങ്ങിയവ വായിക്കുക. ഓരോ വിഷയത്തിലും സ്വന്തമായി നിലപാട് രൂപപ്പെടുത്തുക.