ഒരു 16 കാരിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും? ശ്വേതാ പ്രഭാകരനെന്ന അമേരിക്കയിലെ ഇന്ത്യന്‍ വംശജയോടു ചോദിച്ചാല്‍ എന്തും എന്നാകും മറുപടികിട്ടുക. വെറുതേ പറയുകയല്ല, ആളിത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വിര്‍ജീനിയയിലെ തോമസ് ജെഫേഴ്‌സണ്‍ ഹൈസ്‌കൂള്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ സീനിയര്‍ വിദ്യാര്‍ഥിനിയാണ് ശ്വേത. 

അമേരിക്കയിലെ കൗമാരപ്രായക്കാര്‍ക്ക് വിദ്യാഭ്യാസ അവസരങ്ങളൊരുക്കുന്ന 'ബെറ്റര്‍ മെയ്ക് റൂം' പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്ന സ്റ്റുഡന്റ് അഡ്വൈസറി ബോര്‍ഡിനുവേണ്ടി അമേരിക്കയുടെ പ്രഥമവനിത മിഷേല്‍ ഒബാമ നേരിട്ട് തിരഞ്ഞെടുത്ത 17 പേരിലെ ഏക ഇന്ത്യന്‍ വംശജ. 

അമേരിക്കയെ ഉന്നതപഠനരംഗത്ത് വീണ്ടും മുന്നിലെത്തിക്കുക എന്ന ലക്ഷ്യം സഫലീകരിക്കാന്‍ ഈ മിടുക്കരായ കുട്ടികള്‍ക്ക് കഴിയുമെന്നാണ് ബെറ്റര്‍ മെയ്ക് റൂം പറയുന്നത്. മിഷേല്‍ ഒബാമ സ്ഥാപിച്ച ഈ ബോര്‍ഡ് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്ത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ശ്വേത പറയുന്നു. 

കൂടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ മറ്റു മിടുക്കരായ വിദ്യാര്‍ഥികളുമായി പ്രവര്‍ത്തിക്കുന്നതിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും തമിഴ്‌നാട് തിരു?െനല്‍വേലി സ്വദേശികളുടെ ഈ മകള്‍ പറയുന്നു.  ഇതാദ്യമായല്ല ശ്വേത പ്രതിഭതെളിയിക്കുന്നത്. ചെറുപ്പത്തിലേ 'എവരിബഡി കോഡ് നൗ' എന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഒ.യുമാണ് ഈ കൊച്ചുമിടുക്കി. 

അടുത്തതലമുറയില്‍നിന്ന് മികച്ച എന്‍ജിനീയര്‍മാരെയും ശാസ്ത്രജ്ഞരെയും സംരംഭകരെയും വാര്‍ത്തെടുക്കണമെന്ന ഉദ്ദേശ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘമാണിത്. സ്‌കൂളുകളിലും കോളേജുകളിലും ക്ലബ്ബുകളിലുമൊക്കെ നടത്താന്‍കഴിയുന്നതരത്തിലുള്ള കോഴ്‌സുകളും പരിപാടികളും ഇവര്‍ നടത്തുന്നു. 

ഇതില്‍ മിഡില്‍സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന സി.എസ്. ചികാസ് ആണ് എടുത്തുപറയേണ്ടത്. സാങ്കേതിക വിദ്യാരംഗത്ത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. 

ഹൈസ്‌കൂളിലെത്തുന്നതുവരെ കംപ്യൂട്ടര്‍ സയന്‍സെന്തെന്ന് ശ്വേതയ്ക്കറിയില്ലായിരുന്നു.  ഒന്‍പതാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ ഒരു ജാവ ക്ലാസില്‍ പങ്കെടുക്കുന്നതോടെയാണ് താത്പര്യങ്ങള്‍ മാറുന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 

ഇപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥിനി. സ്‌കൂളിലെ മൊബൈല്‍ ആന്‍ഡ് വെബ് അപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ലബോറട്ടറിയിലെ സക്രിയസാന്നിധ്യം. സാങ്കേതികവിദ്യ സമൂഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്നാണ് ശ്വേതയുടെ ആഗ്രഹം. 

ഇതിനായി മറ്റു വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും തയ്യാറാണ്.  കൂടാതെ സ്‌കൂളിലെ മാതൃകാ യു.എന്‍. സംഘാംഗം കൂടിയാണ് ശ്വേത. എട്ടുവര്‍ഷത്തിലധികമായി ഭരതനാട്യം അഭ്യസിക്കുന്നുമുണ്ട്. 2015ല്‍ വൈറ്റ് ഹൗസ് ചാംപ്യന്‍ ഓഫ് ചെയ്ഞ്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു.