ഭാവിഭാരതത്തിന്റെ ഭരണചക്രം തിരിക്കാനുള്ള ഉത്തരവാദം ഏറ്റെടുക്കാന്‍ കഴിവുള്ള ചെറുപ്പക്കാരെ തിരഞ്ഞെടുക്കാനുള്ള യു.പി.എസ്.സി. പരീക്ഷ അവസാനഘട്ടത്തിലാണ്. എട്ടുലക്ഷം പേര്‍ അപേക്ഷിച്ച് അതില്‍ നാലുലക്ഷം പേര്‍ എഴുതിയ പ്രിലിമിനറി കടന്നത് 15000 പേരായിരുന്നു. അവരെഴുതിയ മെയിന്‍ പരീക്ഷയിലെ ഒമ്പതു പേപ്പറുകള്‍ പരിശോധിച്ചതില്‍ നിന്ന് 3000 പേരെയാണ് വ്യക്തിവൈശിഷ്ട്യ പരീക്ഷയ്ക്ക് (Personaltiy test) ഡല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 1000 പേര്‍ക്ക് ഭാരതത്തിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍ ജോലി ലഭിക്കും.

ഇന്ന് ഏറ്റവും ആകര്‍ഷകമായി കരുതപ്പെടുന്ന ഐ.എ. എസ്. ലഭിക്കണമെങ്കില്‍ ആദ്യത്തെ 100 റാങ്കില്‍ സ്ഥാനം പിടിക്കണം. മുമ്പ് ഏറ്റവും ആകര്‍ഷകമായിരുന്ന ഐ.എഫ്.എസിന് ഇന്ന് 100 മുതല്‍ 200വരെ റാങ്കില്‍ എത്തുന്നവര്‍ക്കും സാധ്യതയുണ്ട്. അവസാനഘട്ടത്തില്‍ എത്തിയിട്ടുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് ഉയര്‍ന്ന തസ്തികകള്‍ ലഭിക്കും എന്നതിന് സംശയമില്ല.

വ്യക്തിവൈശിഷ്ട്യപരീക്ഷയില്‍ ഇപ്പോള്‍ 275 മാര്‍ക്കേയുള്ളൂ. മുമ്പത് ഐ.എ.എസിന് 1000 വും ഐ.എഫ്.എസിന് 1500 ഉം ആയിരുന്നു. എഴുത്തുപരീക്ഷ നന്നായി ചെയ്യുന്നവര്‍ക്ക് വ്യക്തിവൈശിഷ്ട്യപരീക്ഷ അത്ര പ്രധാനമല്ല ഇപ്പോള്‍. എന്നാലും വിജയപരാജയങ്ങള്‍ക്ക് കാരണമാകാവുന്ന തരത്തിലാണ് മാര്‍ക്കുകളുടെ സംവിധാനം.

ഇത്തവണ എഴുത്തുപരീക്ഷ ജയിച്ചവരില്‍ ഭൂരിപക്ഷവും എന്‍ജിനീയറിങ്, മെഡിക്കല്‍ ബിരുദധാരികളാണെന്നത് പ്രധാനമാണ്. ശാസ്ത്രീയ നയതന്ത്രവും പരിതസ്ഥിതി നയതന്ത്രവുമൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഐ.എഫ്.എസിലും ശാസ്ത്രബിരുദധാരികള്‍  വിജയിച്ചേക്കും. ഇന്ന് ഐക്യരാഷ്ട്രസംഘടനയിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ നയതന്ത്രപ്രതിനിധി ഒരു ഭിഗഷ്വരന്‍ ആണ്.

ഇംഗ്ലീഷ്
കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഏറ്റവും വലിയപ്രശ്‌നം ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവുകുറവുതന്നെ. കേരളത്തിനു പുറത്തുപഠിക്കാന്‍ അവസരം കിട്ടിയവര്‍തന്നെയായിരുന്നു മുന്നില്‍. പരീക്ഷ മലയാളത്തിലെഴുതാന്‍ സൗകര്യമുണ്ടെങ്കിലും മുഴുവന്‍ പരീക്ഷയും മലയാളത്തിലെഴുതുന്നവര്‍ വളരെ കുറവാണ്. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കണം. അതിനായി ഡല്‍ഹിയിലൊന്നും പോവേണ്ടതില്ല. ചെറിയ ഗ്രൂപ്പുകളായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയാണ് ഇംഗ്ലീഷ് പരിശീലനത്തിന് ഏറ്റവും ഉത്തമം.

പത്രവായന
പത്രം വായനയാണ് തയ്യാറെടുപ്പില്‍ ഏറ്റവും അത്യാവശ്യം. എഴുത്തുപരീക്ഷ കഴിഞ്ഞാല്‍ പരീക്ഷയുടെ ദിവസംവരെ ഒരു പത്രമെങ്കിലും വായിച്ച് നോട്ട് തയ്യാറാക്കണം. ഓരോ വിഷയത്തിലും തന്റേതായ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തണം. ഗവണ്‍മെന്റിന്റെ വശം എടുത്തുസംസാരിക്കണമെന്നില്ല. എന്നാല്‍, എല്ലാ വാദമുഖങ്ങളും മനസ്സിലാക്കിയതിന് ശേഷമാണ് സ്വന്തം അഭിപ്രായങ്ങള്‍ രൂപവത്കരിക്കേണ്ടത്. ഒരുതവണ ഒരഭിപ്രായം പ്രകടിപ്പിച്ചാല്‍ അതില്‍ ഉറച്ചുനില്‍ക്കണം.

കേരളം
കേരളത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ധാരാളം പ്രശ്‌നങ്ങള്‍ പരീക്ഷയില്‍ ഉയര്‍ന്നുവരാവുന്നതാണ്. ഇത്തവണ കേരളത്തില്‍ നിന്നുള്ളവരെയെല്ലാം ക്ഷണിച്ചിരിക്കുന്നത് അടുത്തടുത്ത ദിവസങ്ങളിലാണ്. അതിനുകാരണം ഒരുപക്ഷേ, കേരളകാര്യങ്ങളില്‍ വൈദഗ്ധ്യം ഉള്ളവരെ ബോര്‍ഡില്‍ നിയമിക്കാനായിരിക്കും. കേരളത്തിലെ മദ്യനയം, സദാചാരപോലീസ്, സ്ത്രീപീഡനം മുതല്‍ തെരുവുനായ്ക്കള്‍വരെ ഉയര്‍ന്നുവന്നേക്കാം. ഈ പ്രശ്‌നങ്ങളിലെല്ലാം നൂതനമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിഞ്ഞാല്‍ വിജയസാധ്യതകള്‍ കൂടുതലായിരിക്കും. മലയാളികളുടെ ഗള്‍ഫ് ജീവിതം കാരണമുണ്ടാകുന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം സൃഷ്ടിക്കുന്നതുമായ സാമൂഹിക പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കണം. കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ചുള്ള പഠനം അത്യാവശ്യമാണ്.

ദേശീയം
ദേശീയരംഗത്ത് നിന്നുണ്ടാകാവുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം നാണയമൂല്യം ഇല്ലാതാക്കിയ നീക്കം തന്നെയായിരിക്കും. അത് എങ്ങനെ സാധാരണ ജനങ്ങളെ ബാധിച്ചുവെന്നും ഭാവിയിലെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നും വ്യക്തമായ അഭിപ്രായം ഉണ്ടായിരിക്കുന്നത് നല്ലതാണ്. കള്ളപ്പണം നിയന്ത്രിക്കുന്നതിലും ഭീകരത കുറയ്ക്കുന്നതിനും അത് സഹായിച്ചു എന്നുവിശ്വസിക്കുന്നവര്‍ ഇവ സ്ഥാപിക്കാനുള്ള കണക്കുകള്‍ ഉദ്ധരിക്കേണ്ടതാണ്.

അസഹിഷ്ണുതയും അതിദേശീയത്വവും വിദ്യാര്‍ഥികളുടെയിടയിലുള്ള അസ്വസ്ഥതയുമൊക്കെ ദേശീയരംഗത്തെ പ്രശ്‌നങ്ങളാണ്. ഇവയൊക്കെ വികസനത്തെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നാണ് പഠിക്കേണ്ടത്. വസ്തുതകള്‍ മനസ്സിലാക്കി വസ്തുനിഷ്ഠമായ അഭിപ്രായങ്ങളായിരിക്കും വിജയസാധ്യത ഉയര്‍ത്തുന്നത്.  മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയേണ്ടതുണ്ട്. ഭാവിയില്‍ ഇക്കാര്യങ്ങളെല്ലാം പലതുറകളില്‍ എങ്ങനെ നേരിടുമെന്ന ചോദ്യത്തിനാണ് പ്രത്യേക പ്രസക്തി. ശാസ്ത്രസംബന്ധമായ ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

അന്താരാഷ്ട്രം
അന്താരാഷ്ട്രരംഗത്ത് ഏറ്റവും പ്രധാനം പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ ലോകത്തെ എങ്ങനെ ബാധിക്കും എന്നതാണ്. എച്ച്.1 വിസയെപ്പറ്റി നല്ല അറിവുണ്ടായിരിക്കണം. അതുപോലെ തന്നെ ബ്രെക്‌സിറ്റിന്റെയും യഥാര്‍ഥ കാരണങ്ങള്‍, അഭയാര്‍ഥിപ്രശ്‌നം, അതിദേശീയത്വം, അനിശ്ചിതത്വങ്ങള്‍ ഉണ്ടായിട്ടും പുതിയ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള പ്രവണത, ചൈനയുടെ പ്രാധാന്യം, ഇന്ത്യപാകിസ്താന്‍ ബന്ധങ്ങള്‍, ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ രക്ഷാസമിതി സ്ഥിരാംഗത്വം, പ്രധാനമന്ത്രി മോദിയുടെ വിദേശനയം, അമേരിക്ക, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളോടുള്ള ബന്ധങ്ങള്‍ മുതലായവയെല്ലാം ഹൃദിസ്ഥമായിരിക്കണം.

മറക്കരുത് അപേക്ഷയില്‍  എഴുതിയത്
നേരത്തേ അപേക്ഷയില്‍ എഴുതിയ ഹോബികളെപ്പറ്റി നല്ല പരിജ്ഞാനം വേണം. പത്മരാജന്റെ നോവലുകള്‍ വായിക്കുന്നത് ഹോബിയാണെന്നെഴുതിയ ഒരു ഉദ്യോഗാര്‍ഥിക്ക് അദ്ദേഹത്തിന്റെ ഒരു നോവലിന്റെ പേരുപോലും ഓര്‍ക്കാന്‍ കഴിഞ്ഞില്ല ! സംഗീതം എന്ന് എഴുതിയാല്‍ ചോദ്യം വരുന്നത് ബിഥോവനെപ്പറ്റി ആകാം. യേശുദാസിനെപ്പറ്റിയോ സുബ്ബലക്ഷ്മിയെപ്പറ്റിയോ ആകണമെന്നില്ല. കായിക, വിനോദ രംഗത്തെ അതികായന്മാരുടെ പേരുകള്‍ ഓര്‍ക്കാന്‍ കഴിയണം. അതുപോലെതന്നെ പ്രധാനമാണ് പ്രധാനപ്പെട്ട കളികളുടെ നിയമങ്ങള്‍.

പുസ്തകവായനയുള്ളവര്‍ക്ക് മാത്രമേ സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ കഴിയുകയുള്ളൂ.  ഏറ്റവും പുതിയ എഴുത്തുകാര്‍, പുതിയ കൃതികള്‍ എന്നിവയെപ്പറ്റി നല്ല അറിവുണ്ടായിരിക്കണം. ഏറ്റവും പ്രിയപ്പെട്ട കൃതികള്‍, എഴുത്തുകാര്‍, സിനിമ ഇവയെല്ലാം നിശ്ചയിക്കുകയും അവയെ ഉപയോഗിക്കുകയും വേണം. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിയുകയില്ല. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ വന്നാല്‍ അറിഞ്ഞുകൂടാ എന്ന് പറഞ്ഞ് കഴിയുന്നതുംവേഗം പുതിയ ചോദ്യത്തിലേക്ക് കടക്കുന്നതായിരിക്കും ഭംഗി. സത്യസന്ധതയും വാചാലതയും നീതിയുക്തിയും നിരീക്ഷണപാടവവും അചഞ്ചലതയുമൊക്കെയാണ് വ്യക്തി വൈശിഷ്ട്യം തെളിയിക്കാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുക.

(1966ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്നറാങ്ക് നേടിയ ലേഖകന്‍ നയതന്ത്ര വിദഗ്ധനും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറുമായിരുന്നു)