sscസാങ്കേതികേതരവകുപ്പുകളിൽ മൾട്ടി ടാസ്കിങ് സ്റ്റാഫിനെ (എം.ടി.എസ്.) തിരഞ്ഞെടുക്കാൻ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി വിഭാഗത്തിൽ പ്യൂൺ, ഡാഫ്റ്ററി, ജമാദാർ, ജൂനിയർ ജെസ്റ്റെറ്റ്‌നർ ഓപ്പറേറ്റർ, ഫറാഷ്, ചൗകിദാർ, മാലി തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം. എസ്‌.സി./ എസ്.ടി. വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സി.ക്ക് മൂന്നുവർഷവും അംഗപരിമിതർക്ക് 10 വർഷവും വിമുക്തഭടന് ആറുവർഷവും വയസ്സിളവ് ലഭിക്കും. (ഇളവുകൾ സംബന്ധിച്ച് കൂടുതൽ അറിയാൻ വിജ്ഞാപനം കാണുക. www.ssckkr.kar.nic.in).

തിരഞ്ഞെടുപ്പുരീതി

രണ്ടുഘട്ടങ്ങളിലായി എഴുത്തുപരീക്ഷയുണ്ടാകും. രണ്ടുപേപ്പറാണുള്ളത്. പേപ്പർ ഒന്ന് ഒബ്ജക്ടീവ് മാതൃകയിലുള്ളതാണ്. ആകെ 150 ചോദ്യങ്ങൾ. 150 മാർക്ക്. രണ്ടുമണിക്കൂർ സമയം. ജനറൽ ഇന്റലിജൻസ്, റീസണിങ് (രണ്ടിനുംകൂടി 25 മാർക്ക്), ന്യൂമറിക്കൽ എബിലിറ്റി (25 മാർക്ക്), ഇംഗ്ലീഷ് (50 മാർക്ക്), പൊതുവിജ്ഞാനം (50 മാർക്ക്) എന്നിവയാണ് ഇതിലുണ്ടാകുക.

തെറ്റുത്തരത്തിന് കാൽമാർക്ക് കുറയ്ക്കും. ഹിന്ദിയിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ പരീക്ഷ എഴുതാം. ഏപ്രിൽ 16, 30, മെയ് ഏഴ്  തീയതികളിലായാണ് പരീക്ഷ. പരീക്ഷ തുടങ്ങുന്നതിന് രണ്ടാഴ്ചമുമ്പ് ഹാൾടിക്കറ്റ് എസ്.എസ്.സി. വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

പേപ്പർ രണ്ട് വിശകലനാത്മകമാണ്. 50 മാർക്കിന്റെ എസ്സേ മാതൃകയിലുള്ള ചോദ്യങ്ങളായിരിക്കും. അരമണിക്കൂറാണ് സമയം. ഭാഷാപരിചയം അളക്കാനുള്ളതാണ് പരീക്ഷ. ആദ്യപരീക്ഷയിൽ നിശ്ചിതമാർക്ക് ലഭിച്ചവർക്ക് മാത്രമായിരിക്കും രണ്ടാം പരീക്ഷ എഴുതേണ്ടത്. ഇതിനുള്ള തീയതി പിന്നീട് അറിയിക്കും.

എങ്ങനെ അപേക്ഷിക്കാം

ssconline.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. ഫീസ് - 100 രൂപ. പെൺകുട്ടികൾ, എസ്‌സി/എസ്ടി, പിഡബ്ല്യുഡി, വിമുക്തഭടൻ എന്നിവർക്ക് ഫീസ് വേണ്ട.

ഓൺലൈൻ വഴി ലഭിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെലാൻ മുഖേനയോ എസ്.ബി.ഐ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയോ ഫീസടയ്ക്കാം. ചെലാൻമുഖേന ഫീസടയ്ക്കുന്നവർ ജനുവരി 25-ന് മുമ്പായി വെബ്‌സൈറ്റിൽനിന്ന് ചെലാൻ എടുത്തിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ജനുവരി 30, വൈകീട്ട് അഞ്ചുമണി.