എല്‍.ഡി.സി പരീക്ഷയ്ക്ക് സിലബസ് അറിഞ്ഞ് പഠിക്കാം

ഗണിതം, മാനസികശേഷി: പുതിയ സിലബസില്‍ ഗണിതവിഭാഗം കഴിഞ്ഞതവണത്തേതുപോലെത്തന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. ഗണിതത്തില്‍ ജ്യാമിതിയും പ്രോഗ്രഷനുമാണ് പൊതുവെ റാങ്ക് നിര്‍ണയിക്കുന്നത്. ഇവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കി പഠിക്കുന്നത് നന്നാവും. മാനസിക ശേഷിയില്‍ സംഖ്യാശ്രേണിയും സ്ഥാനനിര്‍ണയവും പ്രത്യേകം ശ്രദ്ധിക്കുക. ക്ലറിക്കല്‍ എബിലിറ്റി സിലബസില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ശ്രദ്ധയോടെ സമീപിച്ചില്ലെങ്കില്‍ നെഗറ്റീവ് മാര്‍ക്കിലേക്ക് നയിക്കുന്നതാവും ചോദ്യം. 

2017 ലെ എല്‍.ഡി.സി. പരീക്ഷയ്ക്കുള്ള വിശദമായ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചു. ജൂണില്‍ ആദ്യ പരീക്ഷ നടക്കുന്നതിന് മുന്നോടിയായാണ് സിലബസ് പുറത്തിറക്കിയത്. 2013 - 14 ലെ സിലബസില്‍നിന്ന് കാര്യമായ മാറ്റമില്ലെങ്കിലും ചിലമേഖലകള്‍ ഒഴിവാക്കിയിട്ടുണ്ട്. സിലബസ് വിശദമായി വിലയിരുത്തി പഠനം ക്രമീകരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

തൊഴില്‍വാര്‍ത്ത പുറത്തിറക്കിയ എല്‍.ഡി.സി. ഫാക്ട് ഫയലില്‍ 423 മുതല്‍ 466 വരെയുള്ള പേജുകളില്‍ ഗണിതം, മാനസികശേഷിയുമായി ബന്ധപ്പെട്ട് പുതിയ സിലബസില്‍ പറഞ്ഞിരിക്കുന്ന ഏതാണ്ടെല്ലാ മേഖലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ തൊഴില്‍വാര്‍ത്തയിലെ എല്‍.ഡി.സി. ഈസി വിന്‍, ഹരിശ്രീയിലെ ഈസി മാത്സ് എന്നിവയിലും ഗണിത സിലബസിലെ പകുതിയിലേറെ ഭാഗങ്ങള്‍ ഇതിനകം വിശദമായി നല്‍കിയിട്ടുണ്ട്. 

പൊതുവിജ്ഞാനം: പൊതുവിജ്ഞാനമേഖലയുടെ പരപ്പ് കുറഞ്ഞു എന്നതാണ് പുതിയ സിലബസില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമാവുന്ന കാര്യം. ഉദ്യോഗാര്‍ഥികളെ കുഴക്കിയിരുന്ന ലോകം, പ്രാചീന ചരിത്രം എന്നിവ പൂര്‍ണമായി ഒഴിവായി. ഭരണഘടനയുമായി ബന്ധപ്പെട്ട മേഖലയെ ക്ലിപ്തപ്പെടുത്തി. സമീപകാല പരീക്ഷകളിലെ മുഖ്യസാന്നിധ്യമായിരുന്ന കേരള നവോത്ഥാനം സിലബസില്‍ പരാമര്‍ശിക്കുന്നുമില്ല. കേരള ചരിത്രവുമായി ബന്ധപ്പെട്ട് ഒന്നോ രണ്ടോ ചോദ്യം മാത്രമേ ഇതില്‍നിന്ന്  പ്രതീക്ഷിക്കേണ്ടതുള്ളൂ. 

പൊതുവിജ്ഞാനം ആന്‍ഡ് കറന്റ് അഫയേഴ്‌സ്, ജനറല്‍ സയന്‍സ് എന്നിങ്ങനെ രണ്ട് പാര്‍ട്ടായി തിരിച്ചാണ് 50 മാര്‍ക്കിനുള്ള പൊതുവിജ്ഞാന മേഖലയെ സിലബസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പാര്‍ട്ടില്‍നിന്ന് 40 ചോദ്യവും രണ്ടാം പാര്‍ട്ടില്‍നിന്ന് 10 ചോദ്യവും എന്ന അനുപാതം പ്രതീക്ഷിക്കാം. പൊതുവിജ്ഞാനവും കറന്റ് അഫയേഴ്‌സും എന്ന ആദ്യ പാര്‍ട്ടില്‍ ആറ് വിഷയങ്ങളുള്‍പ്പെടുത്തിയിട്ടുണ്ട്. കേരളമാണ് ആദ്യത്തേത്. 

കേരളത്തെക്കുറിച്ചുള്ള പരന്ന പഠനത്തിനുപകരം സിലബസില്‍ എടുത്തുപറഞ്ഞ മേഖലകളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതായിരിക്കും ഉചിതം. ഉദാഹരണത്തിന് കേരളചരിത്രത്തിന് വലിയ പ്രാമുഖ്യം കല്പിക്കാതെയാണ് പരാമര്‍ശിച്ചിരിക്കുന്നത്. അത്തരം മേഖലകളുടെ പഠനത്തിന് നീക്കിവെക്കുന്ന സമയത്തിലും കുറവുവരുത്താം. കേരളത്തെക്കുറിച്ച് സിലബസിനനുസരിച്ചുള്ള പഠനത്തിന് തൊഴില്‍വാര്‍ത്ത ഫാക്ട് ഫയലിലെ 103 മുതല്‍ 142 വരെ പേജുകള്‍ കാണുക. 

ഇന്ത്യയുമായി ബന്ധപ്പെട്ട രണ്ടാംപാര്‍ട്ടില്‍ പ്രാചീന ചരിത്രം പരാമര്‍ശിക്കുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കുക. മധ്യകാല ഇന്ത്യ മുതലാണ് ചരിത്രം തുടങ്ങുന്നത്. സുല്‍ത്താന്‍ഭരണം മുതലുള്ള ചരിത്രപഠനത്തിന് പ്രാധാന്യം നല്‍കിയാല്‍ മതി. 1857 കലാപത്തിനും പ്രാധാന്യം നല്‍കണം. കൂടാതെ സ്വാതന്ത്ര്യാനന്തര ചരിത്രവും(ഇന്ത്യാവിഭജനം, ആദ്യ തിരഞ്ഞെടുപ്പ്, ഇന്ത്യപാക്, ഇന്ത്യ ചൈന യുദ്ധങ്ങള്‍, ബംഗ്ലാദേശിന്റെ പിറവി, തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയവ) പ്രത്യേകം ശ്രദ്ധിക്കണം. പഞ്ചവത്സരപദ്ധതികളും സാമൂഹിക വികസന പദ്ധതികളും സിലബസില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ വിവരവും ശ്രദ്ധയൂന്നി പഠിക്കണം. തൊഴില്‍വാര്‍ത്ത ഫാക്ട് ഫയലിലെ 154 മുതല്‍ 248 വരെയുള്ള പേജുകള്‍ പഠിച്ചാല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് സിലബസില്‍ പറഞ്ഞ മേഖലകളെല്ലാം ഉള്‍ക്കൊള്ളാം.

ഇന്ത്യന്‍ ഭരണഘടനയുടെ സവിഷേതകള്‍ക്കുപുറമെ സിലബസില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം, വിവരാവകാശനിയമം, പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമങ്ങള്‍, പൗരാവകാശ സംരക്ഷണ നിയമം, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, സൈബര്‍നിയമങ്ങള്‍ എന്നിവയാണ് എടുത്തുപറഞ്ഞിരിക്കുന്നത്.  സമകാലിക വിജ്ഞാനത്തില്‍ പി.എസ്.സി. എല്ലാ പരീക്ഷകള്‍ക്കുമുള്‍പ്പെടുത്തുന്ന വിവരങ്ങള്‍തന്നെയാണ് ഈ സിലബസിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴില്‍വാര്‍ത്തയും ഹരിശ്രീയും സ്ഥിരമായി വായിച്ചാല്‍ ഈ മേഖലയിലെ ചോദ്യങ്ങള്‍ക്കുത്തരമെഴുതാനാവും. ജനറല്‍ സയന്‍സിനെ നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് സിലബസില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ പരീക്ഷകളില്‍നിന്ന് കാര്യമായ വ്യത്യാസമില്ല. ഇംഗ്ലീഷ്, മലയാളം പാര്‍ട്ടുകളിലും പതിവ് സിലബസ് നിലനിര്‍ത്തിയിരിക്കയാണ്.

മുന്‍ പരീക്ഷകളില്‍നിന്ന് പഠിക്കേണ്ടവ: മുന്‍പരീക്ഷകളില്‍നിന്ന് സിലബസിന് കാര്യമായ മാറ്റങ്ങളില്ലെന്നതിനാല്‍തന്നെ മുന്‍ ചോദ്യപേപ്പറുകള്‍ സോള്‍വ് ചെയ്ത് പരിശീലിക്കുന്നത് നന്നാവും. കൃത്യസമയത്തിനുള്ളില്‍ പരീക്ഷ എഴുതി പൂര്‍ത്തിയാക്കുന്നതിനും ആവര്‍ത്തിക്കുന്ന വിഷയങ്ങള്‍ കണ്ടെത്തുന്നതിനും മാര്‍ക്ക് നഷ്ടപ്പെടുത്തുന്ന മേഖലകള്‍ തിരിച്ചറിഞ്ഞ് പഠനം ആസൂത്രണം ചെയ്യുന്നതിനും ഇത് സഹായകരമാവും. തൊഴില്‍വാര്‍ത്ത 90 മുന്‍പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ സമാഹരിച്ച് ക്വസ്റ്റ്യന്‍ബാങ്ക് എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ എഴുതിനോക്കാനുള്ള സൗകര്യത്തിനായി ഓരോ ചോദ്യപേപ്പറിനൊപ്പവും ഒ.എം.ആര്‍. ഷീറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍.ഡി.സി. വിജയത്തിന് ഇതുകൂടി പ്രയോജനപ്പെടുത്തുക. 

Thozil