ഏതൊരു ജീവജാലവും ഭൂമിയില്‍ ജനിക്കുമ്പോള്‍ തന്നെ നിലനില്പിനായുള്ള പോരാട്ടങ്ങള്‍ക്ക് തയ്യാറെടുത്തുതുടങ്ങിയിരിക്കും. പ്രതികൂലമായ സാഹചര്യങ്ങളെയും ആവാസവ്യവസ്ഥകളെയും തരണംചെയ്ത് ജീവചക്രം പൂര്‍ത്തീകരിച്ചെടുക്കുക എന്നത് പ്രയാസമേറിയതാണ്. 

student
ചിത്രം: എന്‍.എം. പ്രദീപ്

ജലാംശമുള്ള സ്ഥലത്തേക്ക് വേരുകള്‍ അയയ്ക്കുകയും സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് ദിശമാറി വളരുകയും ചെയ്യുന്ന സസ്യങ്ങള്‍, വലിയ ജന്തുക്കളില്‍നിന്നും ശത്രുക്കളില്‍നിന്നും ഒഴിഞ്ഞുമാറാനും വേണ്ടിവന്നാല്‍ നേരിടാനുംതക്കവിധം പെരുമാറുന്ന ചെറുതും വലുതുമായ ജീവികള്‍ഇവയെല്ലാം നമുക്കു മുന്നിലുള്ള നല്ല ഉദാഹരണങ്ങളാണ്. 

പരീക്ഷയെക്കുറിച്ച് ചിന്തിക്കുമ്പോള്‍തന്നെ മാനസികസമ്മര്‍ദവും പരാജയഭീതിയും ഓടിയെത്തും. അപേക്ഷകരുടെ ബാഹുല്യം പരീക്ഷയില്‍നിന്ന് പിന്‍ന്മാറാന്‍ പ്രേരിപ്പിക്കും.എന്നാല്‍ മികച്ചനേട്ടം സ്വന്തമാക്കാന്‍ കഠിന പ്രയത്‌നം വേണമെന്നത് ഒരു സാമാന്യ തത്വമല്ലേ?

സാഹചര്യങ്ങള്‍ മാറാന്‍ കാത്തിരിക്കാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന പ്രത്യേകതയുള്ളതുകൊണ്ടാണ് ഇവയെല്ലാം നിലനില്ക്കുന്നത്. ഇവയില്‍നിന്ന് വലിയ വ്യത്യസ്തതകളില്ലാതെയാണ് മനുഷ്യരും ജീവിക്കുന്നത്. പ്രതികൂലമായ സാഹചര്യങ്ങള്‍ നിരവധിയുണ്ടാകുമെന്നത് യാഥാര്‍ഥ്യമാണെങ്കിലും നിലനില്പിനായി ഭയന്നുജീവിക്കേണ്ട അവസ്ഥ ആര്‍ക്കുമില്ല. 

സാഹചര്യങ്ങളെ അമിതഭയത്തോടുകൂടി വീക്ഷിക്കുകയും നേരിടാനുള്ള ശേഷി നഷ്ടപ്പെട്ട് പരാജിതരാകുകയും ചെയ്യുന്നത് ആശ്രയവും അറിവും കുറഞ്ഞതിന്റെ പരിണതഫലങ്ങളാണ്. ഇതില്‍നിന്ന് രണ്ട് വസ്തുതകള്‍ പ്രധാനമായി മനസിലാക്കേണ്ടതുണ്ട്. ജീവിക്കാന്‍ സാഹചര്യങ്ങളെ അതിജീവിക്കേണ്ടതുണ്ട് എന്നതാണ് ഒന്നാമത്. 

മനുഷ്യര്‍ക്ക് വിവേകവും ബുദ്ധിയും ഉപയോഗിച്ച് പ്രതിസന്ധികളെ അനായാസം തരണംചെയ്തുപോവാനാവും എന്നതാണ് രണ്ടാമത്തെത്. ഇത്രയും വിവരങ്ങള്‍ മനസ്സിന്റെ പിന്നാമ്പുറത്ത് സൂക്ഷിച്ചുകൊണ്ട് പ്രധാനവിഷയത്തിലേക്ക് കടക്കാം. 

മത്സരപ്പരീക്ഷയെ നേരിടുമ്പോള്‍ 

മത്സരപ്പരീക്ഷകളുടെ നിരയിലേക്ക് നമ്മള്‍ എത്തുന്നത് നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടാണ്. ഈ പരീക്ഷയില്‍ എത്ര ഭംഗിയായി എനിക്ക് മാര്‍ക്ക് നേടാം എന്ന ചിന്തയെ കവച്ചുവെക്കുന്നത് പരാജയപ്പെടാനോ പിന്‍തള്ളപ്പെടാനോ ഉള്ള സാധ്യതകള്‍ എത്രമാത്രമുണ്ടെന്ന ഭയമാണ്. ആത്മവിശ്വാസക്കുറവാണ് ഇതിനു കാരണം. 

ഒരിക്കല്‍ പരാജയപ്പെട്ടാല്‍ ഇനി വിജയം അപ്രാപ്യമാണ് എന്ന് നിശ്ചയിക്കുന്നവര്‍ നിരവധിയുണ്ട്. പരീക്ഷകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭയം ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഇത് നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പരീക്ഷണമാണെന്ന് മനസ്സിലാക്കി, ആത്യന്തികമായ ലക്ഷ്യം വിജയിക്കുകയാണെന്ന് മനസ്സിലുറപ്പിച്ച് ഈ കടമ്പയെ നേരിടണം. 

ജോലിക്കായുള്ള മത്സരപ്പരീക്ഷയെക്കുറിച്ച് ചില പൊതുവസ്തുതകളുണ്ട്. ചിന്തിക്കുമ്പോള്‍തന്നെ മാനസികസമ്മര്‍ദവും പരാജയഭീതിയും ഓടിയെത്തും. ചുരുങ്ങിയ ഒഴിവുകളിലേക്കുള്ള അപേക്ഷകരുടെ ബാഹുല്യം പരീക്ഷയില്‍നിന്ന് പിന്‍തിരിയുവാന്‍ പ്രേരിപ്പിക്കും. ഇത് നേടിയെടുക്കാന്‍ സാധിക്കാത്തതാണെന്ന തോന്നല്‍ പ്രബലമായിരിക്കും. 

ഏത് നിലവാരത്തിലുള്ള പരീക്ഷകള്‍ക്കും ഇതുതന്നെയായിരിക്കും ചിന്ത. എന്നാല്‍ ഒരു നല്ല കടമ്പ കടക്കുന്നതിന് നല്ല പ്രയത്‌നം ആവശ്യമായിരിക്കുമെന്നത് ഒരു സാമാന്യ തത്ത്വം മാത്രമല്ലേ?. മത്സരപ്പരീക്ഷകള്‍ക്ക് പ്രധാനമായും രണ്ടു ലക്ഷ്യമാണുള്ളത്. ഒന്ന് നിശ്ചിത നിലവാരത്തില്‍ താഴെയുള്ള ഏറെ ഉദ്യോഗാര്‍ഥികളെ ഒഴിവാക്കുക. രണ്ട് സാമര്‍ഥ്യമുള്ളവരെ തിരഞ്ഞെടുക്കുക.

മാനസിക തയ്യാറെടുപ്പ് 

ഏതുതരത്തിലുള്ള പരീക്ഷയെയും തയ്യാറെടുപ്പോടെ നേരിടാന്‍ മാനസികമായി ശക്തിസംഭരിക്കണം. ആത്മവിശ്വാസം ഒട്ടും കുറയാതെ സൂക്ഷിക്കുക. ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് മറ്റു ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും ഇടം കൊടുക്കാതിരിക്കുക. 

ഇതൊരു പ്രധാന കര്‍മമാണെന്നും അതിന്റെ ഫലം ജീവിതകാലം മുഴുവന്‍ ലഭിക്കേണ്ടതാണെന്നുമുള്ള വസ്തുത മനസ്സില്‍ അടിവരയിട്ടു വെക്കുക. സഹായവും ആശീര്‍വാദവും ലഭിക്കേണ്ടവരില്‍നിന്ന് അത് നേടിക്കഴിഞ്ഞാല്‍ പൂര്‍ണമനസ്സോടെ പരീക്ഷയെ നേരിടാം. ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനം. അത് ഉയര്‍ത്തുന്നതാവണം തയ്യാറെടുപ്പ്.

സൂക്ഷ്മ വിശകലനം 

year bookപരീക്ഷയുടെ സിലബസാണ് പരമപ്രധാനം. ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങളും ഉത്തരം നല്‍കേണ്ട രീതികളും ഉണ്ടാകും. ഒബ്‌ജെക്ടീവ്, ഡിസ്‌ക്രിപ്റ്റീവ്, അഭിമുഖം എന്നിവ ഉദാഹരണങ്ങളാണ്. 

നേരിടാന്‍പോകുന്ന പരീക്ഷയുടെ പൂര്‍ണരൂപം മനസ്സിലാക്കുക. ഇപ്പോള്‍ ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ പരീക്ഷ മുന്‍പ് എഴുതിയവരും അഭിമുഖം കഴിഞ്ഞവരുമായി നേരിട്ട് സംസാരിക്കാന്‍ അവസരം കിട്ടുമെങ്കില്‍ അത് ഒരു വലിയ നേട്ടമായിരിക്കും. ഇതില്‍നിന്ന് പരീക്ഷകളില്‍ ശ്രദ്ധപതിപ്പിക്കേണ്ടതിന്റെ ഏറ്റക്കുറച്ചില്‍ മനസ്സിലാക്കാം. 

എഴുത്തുപരീക്ഷയില്‍ ചെലവഴിക്കേണ്ട സമയം എത്രമാത്രം, ഒരു ഉത്തരത്തിന് എത്ര സമയം ചെലവാക്കാം, കൂടതല്‍ സമയം ചെലവഴിക്കേണ്ട ഭാഗങ്ങള്‍ ഏതൊക്കെ എന്നുതുടങ്ങിയുള്ള വിവരങ്ങള്‍ ശേഖരിക്കണം. മാതൃകാ ചേദ്യപ്പേപ്പറുകള്‍ ലഭിക്കുമെങ്കില്‍ ഒരു ഹോംവര്‍ക്ക്‌പോലെ സമയം നിശ്ചയിച്ച് ചെയ്തുനോക്കുക. ഒന്നുരണ്ട് ഇടവേളകളായി ചെയ്താല്‍ പുരോഗതി മനസ്സിലാക്കാന്‍ സാധിക്കും. കൃത്യമായ ഒരു സമയക്രമം ഓരോ വിഷയവും പഠിച്ചെടുക്കുന്നതിലേക്കായി നിശ്ചയിക്കുക.

മനസ്സിനെ ചുറുചുറുക്കോടെ നിര്‍ത്താന്‍ പഠിച്ചേമതിയാകൂ. നിരാശപ്പെടാന്‍ ആയിരം കാരണങ്ങള്‍ കണ്ടെത്താം. പ്രതീക്ഷയുടെ ഒരു ചെറിയ തിരിനാളം കണ്ടെത്താനാണ് പ്രയാസം. വെല്ലുവിളികള്‍ അതിജീവിക്കാനുള്ള ശക്തിയുണ്ടെന്ന ദൃഢവിശ്വാസം വിജയത്തിന് മുതല്‍ക്കൂട്ടാവും

പരീക്ഷ നടക്കുന്ന സ്ഥലം അതിന്റെ പരിസരങ്ങള്‍ എന്നിവ നേരത്തേ കാണാന്‍ അവസരമുണ്ടായാല്‍ കണ്ടിരിക്കണം. ഇത് മനസ്സിലെ പേടികുറയ്ക്കാന്‍ നന്നായി സഹായിക്കും. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഒരിക്കലും അവസാനനിമിഷത്തില്‍ ഓടിയെത്തുന്നവരാവരുത്. ഇത് സമ്മര്‍ദ്ദത്തിന്റെ അളവുകൂട്ടും. മനസ്സിന്റെ അടുക്കുംചിട്ടയും, ഓര്‍മിച്ചെടുക്കാനുള്ള സൂക്ഷ്മതയും കുറയും. 

ഊര്‍ജസ്വലത

പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പില്‍ അത്യാവശ്യംവേണ്ടത് സ്വയം പ്രോത്സാഹിപ്പിക്കലാണ്. പുറമേനിന്നും ആരെങ്കിലും ബന്ധുക്കളോ, സുഹൃത്തുകളോ ഇതുചെയ്യാനുണ്ടെങ്കില്‍ വലിയ ഒരു സൗഭാഗ്യമാണ്. എപ്പോഴും ഇങ്ങനെ ഒരാളുണ്ടാവണമെന്നില്ല. അതിനാല്‍ ഏത് അവസരത്തിലും സ്വയം പ്രോത്സാഹനം നല്‍കി മനസ്സിനെ ചുറുചുറുക്കോടെ നിര്‍ത്താന്‍ പഠിച്ചേമതിയാകൂ. 

നിരാശപ്പെടാന്‍ ആയിരം കാരണങ്ങള്‍ കണ്ടെത്താം. പ്രതീക്ഷയുടെ ഒരു ചെറിയ തിരിനാളം കണ്ടെത്താനാണ് പ്രയാസം. എന്നാല്‍, മനസ്സുവെച്ചാല്‍ ഇത് സാധിക്കും. എന്നെ ഒരിക്കലും ആര്‍ക്കും തളര്‍ത്താന്‍ കഴിയില്ല, ഏത് വെല്ലുവിളിയും അതിജീവിക്കാനുള്ള ശക്തി ഞാനുണ്ടാക്കും എന്ന ദൃഢവിശ്വാസം വിജയത്തിന് മുതല്‍ക്കൂട്ടാവും.

ആത്മവിശ്വാസവും പ്രചോദനവും 

ആത്മവിശ്വാസവും പ്രചോദനവും രണ്ടുമാര്‍ഗങ്ങളില്‍കൂടി എത്തിച്ചേരുന്നു. അധ്യാപകര്‍, കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍, അഭ്യുദയകാംക്ഷികള്‍ ഗുരുസ്ഥാനീയര്‍ എന്നിവരൊക്കെ നമുക്ക് വേണ്ടരീതിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും തളര്‍ച്ചയും മുരടിപ്പും അലസതയും മാറ്റി അതിവേഗം കാര്യങ്ങള്‍ നീക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ബാഹ്യശക്തികളാണ്. രണ്ടാമത്തേത് സ്വയം ആത്മവിശ്വാസം ഉണ്ടാക്കാനും കാര്യങ്ങള്‍ ചെയ്ത് വിജയിക്കാനുമുള്ള പ്രചോദനം സ്വയം ഉള്‍ക്കൊണ്ടു മുന്നോട്ടുപോകലാണ്. 

മത്സരപരീക്ഷകള്‍ ആയാസകരമായി തോന്നാതിരിക്കാനും അനുകൂലചിന്തകളും പ്രചോദനവും നിലനിര്‍ത്തി വിജയം കൈവരിക്കാനും ഇനിപ്പറയുന്ന കാര്യങ്ങള്‍ സഹായകമാവും.

1. അദൃശ്യമായ കഴിവുകള്‍ ഉള്ളിലുണ്ടെന്ന് ഉറച്ച് വിശ്വസിക്കുക
2. പരീക്ഷയെക്കുറിച്ച് ഭയം ഉടലെടുക്കാന്‍ അനുവദിക്കാതിരിക്കുക. ഇത് ആവശ്യമായ ഒഴിച്ചുകൂടാനാവാത്ത ഒരു നേരിടലാണെന്ന് ശാന്തമായി തന്നോടുതന്നെ പറയുക. 
3. പഠിക്കാനുള്ള ബൃഹത്തായപാഠങ്ങള്‍ ചെറുതാക്കി കുറച്ചുവീതം വായിച്ചുപഠിച്ച് മനസ്സിലാക്കി ലക്ഷ്യം കണ്ടെത്തുമെന്നും ഇതിന് യാതൊരു നീക്കുപോക്കുമില്ലെന്നും ഉറപ്പിക്കുക. 
4. ഏറ്റവും ഗൗരവമുള്ളത് പരീക്ഷയാണെന്ന് കണ്ട് തയ്യാറെടുക്കുക. മറ്റ് കാര്യങ്ങള്‍ മാറ്റിവെക്കുക. ലക്ഷ്യം ഒന്നുമാത്രം.
5. ഉയര്‍ന്ന നിലവാരമുള്ളവരുമായി ചേര്‍ന്ന് പഠനപ്രവര്‍ത്തനം നടത്തുക.
6. ശാന്തമായി ഉറങ്ങുക. ഉറക്കമില്ലായ്മ ഓര്‍മയ്ക്കും ഊര്‍ജസ്വലതയ്ക്കും മങ്ങലേല്പിക്കും. 
7. പരീക്ഷയടുത്ത ദിവസങ്ങളില്‍ അസാധാരണമായ പ്രവൃത്തികള്‍ ഒഴിവാക്കുക. ഉദാഹരണമായി ഉറക്കമൊഴിയല്‍, പതിവില്‍നിന്ന് വ്യത്യസ്തമായ ശാരീരികാധ്വാനം തുടങ്ങിയവ.
8. ആഹാരം മിതമായും വെള്ളം കൂടുതലും ഉപയോഗിക്കുക. 
9. ക്ഷീണം തോന്നിയാല്‍ വിശ്രമിച്ചശേഷം ഉണര്‍വ്വോടെ പഠിക്കുക. ക്ഷീണിച്ചുപഠിക്കരുത്. 
10. പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം സ്വസ്ഥതയുള്ളതാകണം. കൃത്യമായ ഒരു ടൈംടേബിള്‍, സമയവും വിഷയവും അനുസരിച്ച് ഉണ്ടാക്കുക. ഇതിനോട് നീതിപുലര്‍ത്തുക. 
11. പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസം തിരക്കിട്ട് എല്ലാവിഷയങ്ങളും പരതിനടക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ആ ദിവസം എല്ലാം സാവകാശം ഒന്ന് മറിച്ചുനോക്കി ഓര്‍മപ്പെടുത്തി എടുക്കാനുള്ളതായിരിക്കണം. 

പരീക്ഷയെക്കുറിച്ച് നല്ലതായിമാത്രം ചിന്തിക്കുക. എത്രയോപേര്‍ പരീക്ഷയില്‍ പരാജയപ്പെടുന്നു, എന്നിട്ട് വിജയിക്കുന്നു, ജോലിനേടുന്നു, ചിന്തകള്‍ ഇങ്ങനെ ലാഘവത്തോടെ ആകണം. എല്ലാം അസ്തമിച്ചു എന്ന തോന്നലിന് ഒരു അടിസ്ഥാനവുമില്ല. ഓരോ അസ്തമയവും മറ്റൊരു ഉദയത്തിനുവേണ്ടിയാണല്ലോ.

Thozil 11